ആൾക്കൂട്ടത്തിനിടയിൽ രശ്മികാ മന്ദാനയെ സംരക്ഷിച്ച് പിടിച്ച് കൃതി സനോൺ; മാളിൽ നിന്നുള്ള വീഡിയോ വൈറൽ

കൃതി സനോൺ, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം രശ്മികാ മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് കോക്ക്‌ടെയിൽ 2. ജൂൺ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ താരങ്ങൾ. പുണെയിലെ മാളിൽ നടന്ന അത്തരമൊരു പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ആൾക്കൂട്ടത്തിന് നടുവിലൂടെ വേദിയിലേക്ക് താരങ്ങൾ നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. അനിയന്ത്രിതമായ ആൾക്കൂട്ടമാണ് മാളിലുണ്ടായിരുന്നത്. ഇതിനിടയിലൂടെ മുന്നോട്ട് പോകാൻ കഷ്ടപ്പെടുന്ന രശ്മികാ മന്ദാനയെ കൈകൾ കൊണ്ട് പൊതിഞ്ഞ് പിടിച്ച് സംരക്ഷിച്ചുകൊണ്ട് നടന്നുനീങ്ങുന്ന കൃതി സനോണാണ് വീഡിയോയിലുള്ളത്. ഇതിന്റെ പല ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിരവധി പേരാണ് വീഡിയോകൾക്ക് താഴെ കമന്റുകളിടുന്നത്. ഭൂരിഭാഗം പേരും കൃതി സനോണിന്റെ മനസാന്നിധ്യത്തേയും രശ്മികയ്ക്ക് സുരക്ഷയൊരുക്കാൻ കാണിച്ച മനസിനേയും അഭിനന്ദിച്ചു. 'കൃതീ, നിങ്ങളൊരു മികച്ച സഹോദരിയാണ്' എന്നാണ് ഒരാൾ കുറിച്ചത്. ബാരിക്കേഡുകൾ ഭേദിച്ച് പോലും ഇഷ്ടതാരങ്ങളെ കാണാൻ ആളുകൾ തള്ളിക്കയറിയെന്നാണ് റിപ്പോർട്ട്. ഇതോടെ പരിപാടി വെട്ടിച്ചുരുക്കുകയും താരങ്ങളെ പെട്ടെന്ന് തന്നെ മാറ്റുകയും ചെയ്തു.
കോക്ക്‌ടെയിൽ 2
ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് കോക്ക്‌ടെയിൽ 2. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ തന്നെ പൂർത്തിയായിരുന്നു. 2012-ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമായ കോക്ക്‌ടെയിലിന്റെ രണ്ടാം ഭാഗമാണ് കോക്ക്‌ടെയിൽ 2. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാന പെന്റി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.
Content Highlights: During a promotional event for their upcoming film Cocktail 2 at a Pune mall, a massive crowd broke through barricades. Actress Kriti Sanon won widespread praise online after a viral video showed her shielding co-star Rashmika Mandanna through the chaotic crowd.