'വിഷാദത്തിലേക്ക് വീണു, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതായി തോന്നി'-കരച്ചിലടക്കാനാകാതെ കൃതി ഷെട്ടി

കൃതി ഷെട്ടി | Photo: instagram/ krithi shetty
കൃതി ഷെട്ടി | Photo: instagram/ krithi shetty

18-ാം വയസില്‍ വെള്ളിത്തിരയില്‍ നായികയായി  അരങ്ങേറിയ നടിയാണ് കൃതി ഷെട്ടി. 2021-ല്‍ പുറത്തിറങ്ങിയ ഉപ്പേന എന്ന ചിത്രത്തിലൂടെ തന്നെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തിക്കൊപ്പംതന്നെ സോഷ്യല്‍ മീഡിയിയല്‍ നടിക്കെതിരെ ട്രോളുകളും പരിഹാസം നിറഞ്ഞ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തന്നെ എങ്ങനെയാണ് ബാധിച്ചതെന്നും ഇതിനെയെല്ലാം താന്‍ എങ്ങനെയാണ് മറികടന്നതെന്നും അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ കൃതി ഷെട്ടി പറഞ്ഞു.

മോശം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ചിലപ്പോഴെല്ലാം തന്നെത്തന്നെ നഷ്ടപ്പെടുന്നതായി തോന്നിയിരുന്നുവെന്നും കരച്ചിലടക്കാനാകാതെ കൃതി പറയുന്നു. 'നിങ്ങള്‍ വളരേയധികം വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നു. നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങള്‍ക്കുപോലും വിമര്‍ശനവും പരിഹാസവും കേള്‍ക്കേണ്ടിവരുന്നു. ഞാന്‍ സാധാരണയായി വളരെ ശുഭാപ്തിവിശ്വാസമുള്ള വ്യക്തിയാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സമയങ്ങളിലെല്ലാം അതിജീവിക്കാന്‍ സഹായിച്ചത് അമ്മയും സുഹൃത്തുക്കളുമാണ്.

എപ്പോഴും വിഷാദാവസ്ഥയില്‍ നിന്ന് എന്നെ കരകയറ്റിയത് എന്റെ അമ്മയാണ്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളേക്കാള്‍ വലുതാണ് ഞാനെന്ന് അമ്മ എന്നെ എപ്പോഴും ഓര്‍മിപ്പിച്ചു. ചിലപ്പോഴൊക്കെ എനിക്ക് ആ ഉറപ്പ് ആവശ്യമാണ്. എന്നോട് നേരിട്ട് ആരെങ്കിലും പരിഹാസരൂപത്തില്‍ സംസാരിച്ചിരുന്നുവെങ്കില്‍ ഞാന്‍ അത് കാര്യമാക്കുമായിരുന്നില്ല, എന്നാല്‍ ഓണ്‍ലൈനിലൂടെയുള്ള അധിക്ഷേപത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല.'-കൃതി ഷെട്ടി വ്യക്തമാക്കുന്നു.

2019-ല്‍ പുറത്തിറങ്ങിയ ഹൃത്വിക് റോഷന്‍ നായകനായ 'സൂപ്പര്‍ 30' എന്ന ചിത്രത്തില്‍ ബാലതാരമായി കൃതി അഭിനയിച്ചിട്ടുണ്ട്. 2021-ല്‍ 'ഉപ്പേന', 'ശ്യാം സിംഗ റോയ്' എന്നീ ചിത്രങ്ങളിലൂടെ അവര്‍ പ്രശസ്തി നേടി. 2024-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'മനമേ', മലയാള ചിത്രം 'ARM' എന്നിവയിലാണ് കൃതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Content Highlights: krithi shetty breaks down while addressing hate she receives online