'എനിക്ക് നിന്നെ അറിയാം, സത്യം ഒരുനാള്‍ പുറത്തുവരും'; രവി മോഹൻ-കെനിഷ വിഷയത്തിൽ പ്രതികരിച്ച് സുഹൃത്ത്

തമിഴ് നടന്‍ രവി മോഹനും (ജയം രവി) ഗായിക കെനിഷാ ഫ്രാന്‍സിസും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്ത് നിറയുന്നത്. രവി മോഹനും ഭാര്യ ആരതിയും വേര്‍പിരിയാന്‍ കാരണം കെനിഷയുമായുള്ള പ്രണയമാണെന്നാണ് തമിഴകത്തെ സംസാരം. എന്നാല്‍ തെറാപ്പിസ്റ്റ് കൂടിയായ കെനിഷ ഇക്കാര്യം നേരത്തേ നിഷേധിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി കെനിഷയുടെ സുഹൃത്തും രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ക്ക് എത്രത്തോളം ക്രൂരന്മാരും തെറ്റിദ്ധരിക്കപ്പെടുന്നവരും വൃത്തികെട്ടവരുമാകാന്‍ കഴിയുമെന്നതിന് താന്‍ സാക്ഷിയാണെന്ന് സ്റ്റൈലിസ്റ്റായ വിജയശാന്തി രാജേശ്വര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ആളുകള്‍ കരുതുന്നതുപോലെ ഒരാളല്ല കെനിഷ. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും വിജയശാന്തി കുറിച്ചു. പോസ്റ്റ് കെനിഷ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. കെനിഷയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പാണ് വിജയശാന്തി പോസ്റ്റ് ചെയ്തത്.
'പ്രിയപ്പെട്ട കെനിഷ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ നിശബ്ദയായിരുന്നു. നിന്നോട് നിശബ്ദയായിരിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. ഈ സമയം എത്ര ദുര്‍ഘടമായിരുന്നുവെന്ന് എനിക്ക് അറിയാം. എനിക്ക് നിന്നെ അറിയാം. എന്റെ പ്രിയപ്പെട്ട രവിയണ്ണനൊപ്പമുള്ള (രവി മോഹന്‍) നിന്നെയും എനിക്കറിയാം. ആളുകള്‍ക്ക് എത്രത്തോളം ക്രൂരന്മാരും തെറ്റിദ്ധരിക്കപ്പെടുന്നവരും വൃത്തികെട്ടവരുമാകാന്‍ കഴിയുമെന്നതിനാണ് ഈ അഗ്നിപരീക്ഷയ്ക്കിടെ ഞാന്‍ സാക്ഷിയായത്.' -വിജയശാന്തി കുറിച്ചു.
'എല്ലാവരും കരുതുന്നപോലെയൊരാളല്ല നീ എന്ന് ആളുകള്‍ അറിയണം. ഊര്‍ജ്ജസ്വലയായ, ദയാലുവായ, കഴിവുള്ളയാളാണ് നീ. നീ സത്യമാണെന്നതാണ് അതിനെക്കാളെല്ലാം പ്രധാനം. സത്യം ഒരുനാള്‍ പുറത്തുവരും. നീ എങ്ങനെയാണോ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അങ്ങനെ തുടരുക.' -കെനിഷയോടുള്ള കുറിപ്പ് വിജയശാന്തി ഇങ്ങനെയാണ് അവസാനിപ്പിച്ചത്.
'ഇത് പറയാന്‍ മാത്രം കരുത്തയാണ് നീ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു' എന്നുപറഞ്ഞുകൊണ്ടാണ് കെനിഷ ഫ്രാന്‍സിസ് വിജയശാന്തി രാജേശ്വറിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കെനിഷയെ കെട്ടിപ്പിടിക്കുന്ന ചിത്രവും വിജയശാന്തി കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.
കെനിഷയും രവി മോഹനും ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. അന്ന് ഇരുവരും ധരിച്ചത് ഒരേനിറത്തിലുള്ള വസ്ത്രങ്ങളുമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് വന്നതെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. രവി മോഹനെ ഒരുപാട് സന്തോഷവാനായാണ് കെനിഷയ്ക്കൊപ്പം കാണുന്നതെന്നും ആളുകള്‍ കുറിച്ചു.
കെനിഷയും താനും അടുത്ത സുഹൃത്തുക്കളാണെന്ന് രവി മോഹന്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. കെനിഷയ്ക്കൊപ്പം ചേര്‍ന്ന് ഹീലിങ് സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇതൈ യാര്‍ സൊല്‍വറോ' എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രവി മോഹനും കെനിഷയും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഭാര്യ ആരതിയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും വിവാഹമോചന വാര്‍ത്ത തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.
Content Highlights: Kenishaa Francis' Friend Reacts To Her Rumoured Relationship With Ravi Mohan