പുരുഷ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുംബൈയിലെ ആശുപത്രി

#Lifestyle Desk
സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ സംസാരിക്കുന്ന ഡോ. സെജൽ പവാർ, വിവാദപരാമർശത്തിന് മാപ്പ് പറയുന്ന ഡോ. സെജൽ | Photos: X
സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ സംസാരിക്കുന്ന ഡോ. സെജൽ പവാർ, വിവാദപരാമർശത്തിന് മാപ്പ് പറയുന്ന ഡോ. സെജൽ | Photos: X

പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സ്റ്റാൻഡ് അപ്പ് കോമഡി ഷോയിൽ സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി. മുംബൈയിലെ കെഇഎം ആശുപത്രിയിയാണ് വിവാദ പരാമർശം നടത്തിയ ഡോ. സെജൽ പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നാണ് പ്രണീത് മോറെയുടെ ഷോയിൽ സെജൽ പവാർ പറഞ്ഞത്.

സെജലിന്റെ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. തുടർന്ന് പരാമർശത്തിൽ മാപ്പ് ചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും പറയുന്ന വീഡിയോ സെജൽ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ അവർ ജോലി ചെയ്യുന്ന ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം സെജൽ പവാർ ആശുപത്രി അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ സമർപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലെ സെജലിന്റെ പരാമർശത്തിൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർ അതൃപ്തി പ്രകടിപ്പിച്ചതിനാലാണ് സെജൽ രേഖാമൂലം മാപ്പപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. വൈദ്യശാസ്ത്ര പഠനത്തിന് മൃതദേഹം വിട്ട് നൽകിയവരെ അവഹേളിക്കുന്ന പരാമർശമാണ് സെജൽ നടത്തിയതെന്നും ഏറ്റവും ബഹുമാനത്തോടെ പരിഗണിക്കപ്പെടേണ്ടതാണ് മൃതദേഹങ്ങളെന്നുമാണ് ഡോക്ടർമാർക്കിയിലെ സംസാരം.

ഡോ. സെജലിനെതിരായ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്നാണ് വിവരം. ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രണീത് മോറെയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുക. ഇതിൽ നിന്നുള്ള സെജൽ സംസാരിക്കുന്ന രണ്ട് മിനിറ്റ് ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായതും പിന്നീട് വിവാദമായതും. ദേശീയ മെഡിക്കൽ കമ്മിഷന്റെ നിലവിലെ സോഷ്യൽ മീഡിയാ ഗൈഡ്‌ലൈൻസിന് അനുസൃതമായാണ് വിഷയം പരിശോധിക്കപ്പെടുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞ് അടുത്ത നടപടി ഡീൻ തീരുമാനിക്കും.

രണ്ടംഗ സമിതിയാണ് വിഷയം അന്വേഷിക്കുക എന്ന് കെഇഎം ആശുപത്രി ഡീൻ പറഞ്ഞു. അതേസമയം സെജലിനെതിരെ കടുത്ത നടപടികളുണ്ടാകില്ല എന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ, ഇത്തരം പരാമർശങ്ങൾക്കെതിരായ ശക്തമായ താക്കീതും സന്ദേശവും ഉണ്ടാകുമെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു.

Content Highlights: Mumbai's KEM Hospital has launched a two-member committee inquiry into Dr. Sejal Pawar after her viral stand-up comedy remarks comparing the genitalia sizes of male medical cadavers drew severe dissatisfaction from senior doctors.