'6വര്‍ഷം ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പ്,വിവാഹത്തിനായി ആന്റണി ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല'

ഡിസംബര്‍ 12-ന് ഗോവയില്‍വെച്ചായിരുന്നു തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്റേയും ബിസിനസുകാരനായ ആന്റണി തട്ടിലിന്റേയും വിവാഹം. തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ സിനിമാലോകത്തെ അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത്. 15 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. തന്നേക്കാള്‍ ഏഴ് വയസ് കൂടുതലുള്ള ആന്റണിയുമായി പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് കീര്‍ത്തിയുടെ പ്രണയം തുടങ്ങിയത്.
ഇപ്പോഴിതാ ഭര്‍ത്താവ് ആന്റണിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി. ആന്റണി വിവാഹത്തിനായി ഒരിക്കലും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് നടി പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ആന്റണി ഒരു സഹോദരനെപ്പോലെയാണെന്നും അദ്ദേഹം സ്ത്രീകള്‍ക്ക് ഒരുപാട് ബഹുമാനം നല്കുന്ന വ്യക്തിയാണെന്നും കീര്‍ത്തി പറയുന്നു. 15 വര്‍ഷത്തെ പ്രണയത്തില്‍ ആറ് വര്‍ഷം ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്നിട്ടുപോലും എപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്ന് അദ്ദേഹം ഒരിക്കലും തന്നോട് ചോദിച്ചിട്ടില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.
'ഒരുപാട് കാലം ഒരാള്‍ക്കുവേണ്ടി കാത്തിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത് എന്ന് അദ്ദേഹം എന്നോട് ഒരിക്കലും ചോദിച്ചിട്ടില്ല. ഒരു കാര്യത്തിനും അദ്ദേഹം എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിച്ച സമയത്തുതന്നെ എല്ലാ കാര്യങ്ങളും സംഭവിച്ചു. അദ്ദേഹം സ്ത്രീകളേയും എന്റെ ചുറ്റുമുള്ള സുഹൃത്തുക്കളേയും ബഹുമാനിക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അദ്ദേഹം സഹോദരനെപ്പോലെയാണ്. ഈ വിവാഹം നടന്നത്തില്‍ എല്ലാ ദൈവങ്ങളോടും ഞാന്‍ നന്ദി പറയുന്നു.'-വിവാഹത്തിനുശേഷം നല്കിയ അഭിമുഖത്തില്‍ കീര്‍ത്തി സംസാരിക്കുന്നു.
താനും ആന്റണിയും ഒളിച്ചോടിപ്പോകുന്നത് പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ടെന്നും അതിനാല്‍ ഈ വിവാഹത്തെ സ്വപ്നസമാനം എന്ന പറയാനാകുമോ എന്ന് അറിയില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. എന്നും ആഗ്രഹിച്ചിരുന്ന ഒരു നിമിഷമായിരുന്നതിനാല് വിവാഹച്ചടങ്ങില്‍ താന്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചതെന്നും കീര്‍ത്തി വ്യക്തമാക്കി.
സിനിമാ മേഖലയില്‍ത്തന്നെ കല്യാണി പ്രിയദര്ശന്, ഐശ്വര്യ ലക്ഷ്മി തുടങ്ങി വളരെക്കുറച്ച് പേര്‍ക്കേ തന്റെയും ആന്റണിയുടേയും പ്രണയത്തെക്കുറിച്ച് അറിയുമായിരുന്നൂവെന്ന് കീര്‍ത്തി നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ തങ്ങള്‍ രണ്ടുപേരും മിടുക്കരാണെന്നാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പാണ് വിവാഹത്തിന്റെ ആലോചനകള്‍ തുടങ്ങിയത്. 2010ലാണ് ആന്റണി ആദ്യമായി കീര്‍ത്തിയോട് പ്രണയം തുറന്നുപറഞ്ഞത്.
2016ല്‍ കീര്‍ത്തിയെ ആന്റണി ഒരു മോതിരം അണിയിച്ചു. വിവാഹം കഴിയുന്നതുവരെ ആ മോതിരം താന്‍ ഊരിയിട്ടില്ലെന്നും അഭിനയിച്ച സിനിമകള്‍ ശ്രദ്ധിച്ചാല്‍ ആ മോതിരം കാണാമെന്നും കീര്‍ത്തി പറയുന്നു.
ഞാന്‍ 12-ാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഡേറ്റിങ് ആരംഭിച്ചത്. അന്ന് ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു ആന്റണി. കോവിഡ് സമയത്താണ് ലിവിങ് ടുഗെതര്‍ തുടങ്ങിയത്. എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചിട്ടുണ്ട് ആന്റണി. ഈ മനുഷ്യന് എന്നെ ലഭിച്ചതില്‍ ഭാഗ്യവാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, എന്നെ വിശ്വസിക്കൂ, അവനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.' കീര്‍ത്തി സുരേഷ് പറയുന്നു.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര് ചടങ്ങിലെത്തി.'റിവോള്‍വര്‍ റിത'യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കായ ബേബി ജോണാണ് കീര്‍ത്തിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
Content Highlights: keerthy suresh reveals her husband antony thattil never forced her to get married