ടൈറ്റാനിക്കിൽ റോസ് ധരിച്ച ഐക്കണിക് വസ്ത്രം ലേലത്തിന്; പ്രതീക്ഷിക്കുന്നത് ഭീമമായ തുക

ഹോളിവുഡ‍് സിനിമാമേഖലയിലെ ഇതിഹാസമായി കണക്കാക്കപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് ടൈറ്റാനിക്. ജാക്കിന്റെയും റോസിന്റെയും പ്രണയനിമിഷങ്ങളെ പ്രേക്ഷകർ നെഞ്ചോടുചേർത്തു. ഇന്നും ഈ പ്രണയചിത്രത്തിന് ആരാധകരേറെയുണ്ട്. സിനിമയിലെ പ്രകടനത്തിന്റെ പേരിൽ നടി കേറ്റ് വിൻസ്ലെറ്റിനും നടൻ ലിയൊനാർഡോ ഡികാപ്രിയോക്കും ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കേറ്റ് ധരിച്ച ഓവർകോട്ട് ലേലത്തിന് വച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ കേറ്റ് ധരിച്ച മനോഹരമായൊരു ഓവർകോട്ടാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഒരുലക്ഷത്തിൽപരം ഡോളറിന് മുകളിലാണ് പ്രതീക്ഷിക്കുന്നതെന്ന് ലേലം നടത്തുന്ന ഗോൾഡിൻ എന്ന ഓക്ഷൻഹൗസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെൻ ഗോൾഡിൻ വ്യക്തമാക്കി. ഇത് ഏകദേശം 82,95,665 രൂപയോളം വരും.
ചിത്രീകരണത്തിനിടെയുണ്ടായ കറകൾ ഉൾപ്പെടെ ഇന്നും വസ്ത്രത്തിൽ കാണാമെന്ന് കമ്പനി അവകാശപ്പെടുന്നു. കറുത്തനിറത്തിലുള്ള എംബ്രോയ്ഡറിയോടെയുള്ള പിങ്ക് വൂൾ ഓവർകോട്ടിന് അന്നേ ആരാധകർ ഏറെയുണ്ടായിരുന്നു. ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഡെബോറാ ലിൻ സ്കോട്ടിന് ഓസ്കർ പുരസ്കാരവും ലഭിച്ചിരുന്നു.
പോപ് കൾച്ചറിൽ തത്പരനോ, ടൈറ്റാനിക് ചിത്രത്തിന്റെ കടുത്ത ആരാധകനോ ഒക്കെയാകാം ലേലത്തിൽ വിജയിക്കുക എന്നാണ് ഗോൾഡിൻ കരുതുന്നത്. ടൈറ്റാനിക്കിൽ കേറ്റ് ധരിച്ച വസ്ത്രമാണെന്നു പറഞ്ഞ് പ്രിയതമയ്ക്ക് സമ്മാനിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാകാമെന്നും ഗോൾഡിൻ പറയുന്നു.
തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലവതരിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. ടെെറ്റാനിക് കപ്പൽ ദുരന്തം റോസ്-ജാക്ക് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു കാമറൂൺ. അനശ്വര പ്രണയത്തിൻ്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജാക്കും റോസും. ലോകസിനിമയുടെ ചരിത്രത്തിൽ ഇത്രയധികം ആരാധകര്‍ നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ ഉണ്ടായിരിക്കുകയില്ല.
Content Highlights: Kate Winslet's Iconic Overcoat From 'Titanic' To Be Sold At Auction