സ്കൂളിനെ ഒന്നാമതെത്തിച്ചു; വിരമിക്കുന്ന പ്രഥമാധ്യാപകന് നാട്ടുകാരുടെ സമ്മാനം 13 ലക്ഷത്തിന്റെ കാർ

#ജയചന്ദ്രൻ പൊയിനാച്ചി
വിരമിക്കുന്ന ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.ടി.ബെന്നിക്ക് സമ്മാനമായി നൽകുന്ന കാറിന്റെ താക്കോൽ സ്കൂൾ 127-ാം വാർഷികാഘോഷ സംഘാടകസമിതി വർക്കിങ് ചെയർമാൻ അമീർ ബി.പാലോത്ത് കൈമാറുന്നു
വിരമിക്കുന്ന ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.ടി.ബെന്നിക്ക് സമ്മാനമായി നൽകുന്ന കാറിന്റെ താക്കോൽ സ്കൂൾ 127-ാം വാർഷികാഘോഷ സംഘാടകസമിതി വർക്കിങ് ചെയർമാൻ അമീർ ബി.പാലോത്ത് കൈമാറുന്നു

കാസർകോട്‌: സ്ഥലപരിമിതിയും ഭൗതികസാഹചര്യക്കുറവും കാരണം വീർപ്പുമുട്ടിയ സർക്കാർ വിദ്യാലയത്തെ നിശ്ചയദാർഢ്യവും സാമൂഹിക പങ്കാളിത്തവുംകൊണ്ട് ഒന്നാമതെത്തിച്ച പ്രഥമാധ്യാപകൻ വിരമിച്ചപ്പോൾ നാട്ടുകാരുടെ സ്നേഹസമ്മാനം 13 ലക്ഷത്തിന്റെ കാർ. ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.ടി.ബെന്നിക്കാണ് സ്കൂൾ 127-ാം വാർഷികാഘോഷ സംഘാടക സമിതി ‘മാരുതി ബ്രസ’ കാർ സമ്മാനിച്ചത്. പി.ടി.എ.യും ബന്ധപ്പെട്ട കമ്മിറ്റികളും നാട്ടുകാരും അടങ്ങുന്ന കൂട്ടായ്മയാണ് സമിതി.

33 വർഷത്തെ സേവനത്തിനുശേഷം മേയ് 31-നാണ് കണ്ണൂർ ഇരിട്ടി മണിക്കടവ് സ്വദേശിയായ പി.ടി.ബെന്നി വിരമിക്കുന്നത്. 2019 ജൂൺ ആറിനാണ് സീനിയർ അസിസ്റ്റന്റായി ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിലെത്തിയത്. മുൻപ് മറ്റു ചില വിദ്യാലയങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടാക്കിയ നേട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ട പി.ടി.എ. ബെന്നിയെ സമീപിച്ച് സ്കൂളിലേക്ക് സേവനം മാറ്റാൻ അഭ്യർഥിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ 21 മാസം അദ്ദേഹം പ്രഥമാധ്യാപകന്റെ ചുമതല വഹിച്ചു. പിന്നീട് ഇവിടെത്തന്നെ പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം കിട്ടി.

582 കുട്ടികൾ പഠിക്കുന്ന വിദ്യാലയമായിരുന്നെങ്കിലും കാറ്റും വെളിച്ചവും കിട്ടാത്ത ഇടുങ്ങിയ ക്ലാസ് മുറികൾ, മൈതാനത്തിന്റെ അഭാവം, ഭൂരിഭാഗവും അതിഥി അധ്യാപകർ തുടങ്ങിയ ന്യൂനതകളായിരുന്നു അന്നത്തെ പ്രശ്നം. ആദ്യം പുതിയ കെട്ടിടം നിർമിക്കാൻ ബെന്നി അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ 10 സെന്റ് ഭൂമി കണ്ടെത്തിയെങ്കിലും തീരദേശ നിയന്ത്രണനിയമം പുലിവാലായതിനാൽ രജിസ്ട്രേഷൻപോലും നടന്നില്ല. ഇതിനിടെ പി.ടി.എ., മദർ പി.ടി.എ., എസ്.എം.സി. കമ്മിറ്റികളെയും സഹപ്രവർത്തകരെയും കോർത്തിണക്കി അക്കാദമിക നിലവാരം ഉയർത്താൻ നടത്തിയ പരിശ്രമം ഫലം കണ്ടു.

ഇതോടെ വിദ്യാർഥികളുടെ എണ്ണം 582-ൽനിന്ന്‌ 856-ലെത്തി. 274 കുട്ടികൾ കൂടിയപ്പോൾ ഭൗതിക സാഹചര്യക്കുറവ് തലവേദനയായി. ഒൻപത് ക്ലാസുകൾ ചെമ്മനാട് ജമാ അത്ത് മദ്രസയിലേക്കും പ്രീപ്രൈമറിയുടെ നാല് ക്ലാസുകൾ പുതിയ പള്ളി മദ്രസയിലേക്കും മാറ്റി. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ചെമ്മനാട് പഞ്ചായത്ത്, സർവശിക്ഷാ അഭിയാൻ, അധ്യാപക രക്ഷാകർതൃസമിതി എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിലെ എല്ലാ കെട്ടിടങ്ങളും മൂന്നുനിലകളായി ഉയർത്തി. ക്ലാസുകളെല്ലാം സ്വന്തം കെട്ടിടത്തിലാക്കി.

ഇപ്പോൾ 690 കുട്ടികളും 21 ഡിവിഷനും 25 സ്ഥിരം അധ്യാപകരും ഈ ഹരിതവിദ്യാലയത്തിലുണ്ട്. ചെമ്മനാട് വെസ്റ്റ് യു.പി. സ്കൂൾ ലാൻഡ് പർച്ചേസ് കമ്മിറ്റിയും മുൻ മന്ത്രി സി.ടി.അഹമ്മദലി അധ്യക്ഷനായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയും ചെമ്മനാട് പഞ്ചായത്തും ചേർന്ന് 25 ലക്ഷം രൂപയ്ക്ക് വിദ്യാലയത്തിനരികെ അടുത്തിടെ 10 സെന്റ് ഭൂമി വാങ്ങി. 1.38 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടി പൂർത്തിയായിവരികയാണ്.

Content Highlights: PT Benni, the headmaster of Chemmanad West Govt. UP School in Kasaragod, was gifted a Maruti Brezza car worth ₹13 lakh by the local community and PTA upon his retirement. He was honored for his determination in overcoming infrastructure challenges and successfully upgrading the academic and physical standards of the institution.