ദന്തഡോക്ടർ, വിശ്വസ്ത, കാമുകി; എപ്സ്റ്റീന്റെ 830 കോടിരൂപ മൂല്യമുള്ള ആസ്തിയുടെ അവകാശി ഇവരാണ്

കരീന ഷുലിയാക്ക് എപ്സ്റ്റീനൊപ്പം|(Image: X@/infodexx)
കരീന ഷുലിയാക്ക് എപ്സ്റ്റീനൊപ്പം|(Image: X@/infodexx)

പാശ്ചാത്യ മാധ്യമങ്ങൾ ഒരു പേരിന് പിറകെയാണ്, കരീന ഷൂലിയാക്! ലോകത്തെ ഞെട്ടിച്ച ലൈംഗിക കുറ്റവാളിയും ശതകോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി. എപ്സ്റ്റീന്റെ നിഗൂഢ സാമ്രാജ്യത്തിന്റെ അണിയറയിൽ എല്ലാത്തിനും സാക്ഷിയായി ഉണ്ടായിരുന്ന യുവതി. എപ്സ്റ്റീന്റെ മരണത്തിന് ഏഴുവർഷങ്ങൾക്കിപ്പുറം യുഎസിലെ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളാണ് ഈ ബെലാറഷ്യൻ ദന്തഡോക്ടറുടെ അമ്പരപ്പിക്കുന്ന ജീവിതകഥ വീണ്ടും ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നത്.

എപ്സ്റ്റീന്റെ അവസാനത്തെ കാമുകി എന്ന ലേബലിനപ്പുറം എപ്സ്റ്റീന്റെ വിശ്വസ്തയും കോടികളുടെ ആസ്തിയുടെ ഏക അവകാശിയുമായി മാറിയ കരീനയുടെ ജീവിതം ഹോളിവുഡ് ത്രില്ലറിനെ വെല്ലുന്നതാണ്. 2019ൽ എപ്സ്റ്റീൻ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് എഴുതിയ വിൽപ്പത്രപ്രകാരം 100 ദശലക്ഷം ഡോളറിന്റെ, (830 കോടിയിലധികം ഇന്ത്യൻ രൂപ) ഏക അവകാശിയാണ് ഇവർ.മാൻഹട്ടനിലെ ആഡംബര വസതി, പാരിസിലെ അപ്പാർട്ട്‌മെന്റ്, സ്വകാര്യ ദ്വീപുകൾ, ന്യൂ മെക്‌സിക്കോയിലെ ഫാം ഹൗസ് എന്നിവയ്ക്കൊപ്പം വിവാഹ നിശ്ചയത്തിനായി വാങ്ങിയ 1.2 ദശലക്ഷം ഡോളർ വിലമതിക്കുന്ന 32 കാരറ്റ് വജ്രമോതിരം തുടങ്ങിയ സ്വത്തുക്കളുടെയെല്ലാം അവകാശിയാണ് ഇനി കരീന. എപ്സ്റ്റീൻ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് തന്റെ വിൽപ്പത്രത്തിൽ മാറ്റം വരുത്തി കരീനയെ സ്വത്തുക്കളുടെ അവകാശിയാക്കിയത്. എന്നാൽ, പീഡനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകാനായി എപ്സ്റ്റീന്റെ സ്വത്തുക്കൾ മരവിപ്പിച്ചിരിക്കുന്നതിനാൽ ഈ തുക കരീനയ്ക്ക് ലഭിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ

ബെലാറസിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർഥിനിയായി 2011ലാണ് കരീന അമേരിക്കയിൽ എത്തുന്നത്. അന്ന് 21 വയസ്സുമാത്രമായിരുന്നു ഇവരുടെ പ്രായം. കൊളംബിയ സർവകലാശാലയിൽ കരീനയ്ക്ക് പ്രവേശനം ലഭിക്കുന്നതിനായി 210,000 ഡോളർ എപ്സ്റ്റീൻ സംഭാവന നൽകിയിരുന്നു എന്ന് പറയപ്പെടുന്നു. അവളുടെ പഠനത്തിനായി പണം നൽകിയതും എപ്സ്റ്റീൻ തന്നെയാണ്. സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞ യുവതിയെ യുഎസിൽ തുടരാൻ സഹായിക്കുന്നതിനായി എപ്സ്റ്റീൻ മുൻകയ്യെടുത്ത് സ്വവർഗ വിവാഹം നടത്തിയതായും പറയപ്പെടുന്നു. വിശ്വസ്തയായ മാനേജർ, എപ്സ്റ്റീന്റെ കാമുകി എന്നതിലുപരി അദ്ദേഹത്തിന്റെ ബിസിനസ്സ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും കരീനയായിരുന്നു.

എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ദന്തചികിത്സാ ക്ലിനിക്ക് സജ്ജീകരിച്ചത് ഇവരുടെ മേൽനോട്ടത്തിലാണ്. എപ്സ്റ്റീൻ മരിക്കുന്നതിന് മുൻപ് ഫോണിൽ അവസാനമായി സംസാരിച്ചതും കരീനയോടായിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നിഗൂഢ നീക്കങ്ങൾ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് കരീന ഷുലിയാക്ക്.

Content Highlights: DOJ 2026 records identify Karyna Shuliak as the primary beneficiary of Epstein's $100M trust., Epstein allegedly funded Shuliak's education and residency through irregular means., Despite being named in the will, legal claims from trafficking survivors have frozen the assets., Shuliak worked as a dentist in Brooklyn until 2026 media coverage forced her into hiding., No criminal charges have been filed against Shuliak regarding trafficking operations.