സോനം കപൂറിനും ആലിയ ഭട്ടിനും പിന്നാലെ ബിപാഷ ബസുവും; താരം ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്

ബിപാഷ ബസുവും കരണ്‍ സിങ്ങ് ഗ്രോവറും | Photo: instagram/ bipasha basu
ബിപാഷ ബസുവും കരണ്‍ സിങ്ങ് ഗ്രോവറും | Photo: instagram/ bipasha basu

ബോളിവുഡ് നടിമാരായ ആലിയ ഭട്ടും സോനം കപൂറും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി അമ്മയാകാനുള്ള ഒരുക്കത്തിലാണ്. താരകുടുംബങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡിലെത്തിയ ബിപാഷ ബസുവാണ് ആ താരം,

ബിപാഷയ്ക്കും ഭര്‍ത്താവായ കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സന്തോഷവാര്‍ത്ത അടുത്ത ദിവസം തന്നെ ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. 

2015-ലായിരുന്നു ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. 

കഴിഞ്ഞ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു അത്. താരം തന്റെ വയര്‍ മറച്ചു പിടിക്കാന്‍ വേണ്ടിയായിരുന്നു ആ വസ്ത്രം തിരഞ്ഞെടുത്തത് എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. 

ഇതിന്‌ പിന്നാലെ വാര്‍ത്തകളോട് പ്രതികരിച്ച് ബിപാഷ രംഗത്തെത്തുകയും ചെയ്തിരുന്നു. അത്തരം വാര്‍ത്തകളും അഭ്യൂഹങ്ങളും ഗൗനിക്കാറില്ലെന്നായിരുന്നു ബിപാഷയുടെ പ്രതികരണം. 

2001ല്‍ പുറത്തിറങ്ങിയ 'അജ്‌നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്‌, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. 

അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.


 

Content Highlights: karan singh grover and bipasha basu all set to welcome their first child