30,000 കോടിയുടെ ആസ്തി: 'ഞങ്ങള്‍ അപരിചിതര്‍', കമ്പനിക്കെതിരെ സഞ്ജയ് കപൂറിന്റെ സഹോദരി

30,000 കോടിയുടെ മൊബിലിറ്റി ടെക് കമ്പനിയെ നയിച്ചിരുന്ന സഞ്ജയ് കപൂര്‍ ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ മരിച്ചതിനെത്തുടര്‍ന്നുണ്ടായ സ്വത്ത് തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. തന്റെ പിതാവ് സ്ഥാപിച്ച ഓട്ടോമോട്ടീവ് കമ്പനി കുടുംബത്തോടും 80 വയസുള്ള അമ്മ റാണി കപൂറിനോടും പെരുമാറുന്ന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപൂര്‍ സ്മിത്ത് രംഗത്തെത്തി. കുടുംബത്തെ അപരിചിതരെപ്പോലെയാണ് കമ്പനി കാണുന്നതെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ദിര ആരോപിച്ചു. കുടുംബത്തില്‍ നിന്ന് എല്ലാം എടുത്തുമാറ്റിയെന്നും അവര്‍ പറഞ്ഞു.
പൊതു അറിയിപ്പുകളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നില്ല. ജ്വല്ലറി വ്യാപാരത്തില്‍ നിന്ന് ഓട്ടോമോട്ടീവ് രംഗത്തെ പ്രമുഖ കമ്പനിയായി ബിസിനസ് വളര്‍ത്തിയപ്പോള്‍ അച്ഛന്‍ സുരീന്ദര്‍ കപൂറിനെ പിന്തുണയ്ക്കുന്നതില്‍ അമ്മ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തുടക്കത്തില്‍ പങ്കാളിയായിരുന്നിട്ടും റാണി കപൂറിനെ ഇപ്പോള്‍ കമ്പനിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അച്ഛനോടൊപ്പം കമ്പനി സ്ഥാപിച്ചവരില്‍ ഒരാളായ അമ്മയ്ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കണം. എന്റെ അച്ഛനാണ് സോന കോംസ്റ്റാര്‍ കെട്ടിപ്പടുത്തത്. അമ്മയ്ക്ക് നോണ്‍-എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗത്വം നല്‍കേണ്ടിയിരുന്നുവെന്നും മന്ദിര കപൂര്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
കപൂര്‍ കുടുംബവും സഞ്ജയ് കപൂര്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സോന കോംസ്റ്റാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ സഞ്ജയ് കപൂറിന്റെയും മന്ദിര കപൂറിന്റെയും അമ്മയായ റാണി കപൂറിന് കമ്പനി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബോര്‍ഡിനയച്ച കത്തില്‍ താന്‍ സുരീന്ദര്‍ കപൂറിന്റെ സ്വത്തിന്റെ ഏക അവകാശിയാണെന്നും സോന കോംസ്റ്റാര്‍ ഉള്‍പ്പെടെയുള്ള സോന ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളുടെയും ഉടമയാണെന്നും റാണി കപൂര്‍ അവകാശപ്പെട്ടിരുന്നു. തന്റെ മരുമകള്‍ പ്രിയ സച്ച്ദേവ് കപൂറിനെ കമ്പനിയുടെ ബോര്‍ഡില്‍ ഒരു നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുന്നതിനെ പിന്തുണയ്ക്കുന്ന രേഖകളില്‍ ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും റാണി കപൂര്‍ ആരോപിച്ചിരുന്നു. എന്നാല്‍ 2019 മുതല്‍ റാണി കപൂറിന് കമ്പനിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പങ്കുമില്ലെന്നാണ് സോന കോംസ്റ്റാര്‍ പ്രതികരിച്ചത്.
സഞ്ജയ് കപൂറിന്റെ മരണശേഷം ബോര്‍ഡ് മീറ്റിംഗ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പരസ്യമായി മാപ്പ് പറയാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് സഞ്ജയ് കപൂറിന്റെ സഹോദരി കമ്പനിയെ വിമര്‍ശിച്ചു. കമ്പനി കെട്ടിപ്പടുക്കുമ്പോള്‍ എന്റെ അച്ഛനോടൊപ്പം നിന്ന അവരെയോ അവരുടെ വികാരങ്ങളെയോ അവര്‍ പരിഗണിച്ചില്ല. ന്റെ അമ്മയെ സംബന്ധിച്ചിടത്തോളം സോന മറ്റൊരു കുട്ടിയെപ്പോലെയാണെന്നും ബോര്‍ഡ് മീറ്റിംഗ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത് ന്യായമായ ഒരു അഭ്യര്‍ത്ഥനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുള്ള അമ്മയുടെ തുടര്‍ച്ചയായ ചോദ്യങ്ങളെക്കുറിച്ചും മന്ദിര സംസാരിച്ചു. അദ്ദേഹം ആരോഗ്യവാനായിരുന്നു. ആരാണ് അവര്‍ക്ക് ഉത്തരം നല്‍കുന്നത്? ഇതെങ്ങനെ സംഭവിച്ചു എന്ന് എന്റെ അമ്മ എല്ലാ ദിവസവും എന്നോട് ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 30,000 കോടി രൂപയുടെ മൊബിലിറ്റി ടെക് കമ്പനിയെ നയിച്ചിരുന്ന സഞ്ജയ് കപൂര്‍ ജൂണ്‍ 12 ന് ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: Mandhira Kapur Smith criticizes Sona Comstar for excluding her 80-year-old mother, Rani Kapur