പേപ്പർ കഷ്ണങ്ങൾ കൊണ്ട് വിമാനം, ആകാശം സ്വപ്നം കണ്ട പെൺകുട്ടി; കൽപന ചൗളയെക്കുറിച്ച് അച്ഛൻ

കൽപന ചൗള | Photo: AP
കൽപന ചൗള | Photo: AP

ആകാശം സ്വപ്നം കണ്ട പെൺകുട്ടി, അതായിരുന്നു ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ യാത്രിക കല്പന ചൗള. 2003-ൽ നാസയുടെ കൊളംബിയ ബഹിരാകാശവാഹനത്തിന്റെ മടക്കയാത്രയിലുണ്ടായ അപകടത്തിലാണ് കല്പന അന്തരിച്ചത്. കല്പനയ്ക്കൊപ്പം ബഹിരാകാശവാഹനത്തിലുണ്ടായിരുന്ന മറ്റ്‌ ആറു യാത്രികർക്കും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. ‌കൽപന മരിച്ച് പതിനേഴു വർഷങ്ങൾക്കിപ്പുറം മകളുടെ ബഹിരാകാശ സ്വപ്നങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് അച്ഛൻ ലൗൽ ചൗള. 

ലോകമെമ്പാടുമുള്ള നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായി മാറിയ കൽ‌പനയുടെ കുട്ടിക്കാലത്തെക്കുറിച്ചും മറ്റും ന്യൂസ്18-നു നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി വിമാനം കാണുമ്പോൾ കൽപനയുടെ പ്രായം മൂന്നോ നാലോ വയസ്സു മാത്രമാണ്. വീടിന്റെ ടെറസിൽ കളിക്കുമ്പോഴാണ് വിമാനം പറന്നുപോവുന്നത് കണ്ടത്. അവളുടെ ആവേശം കണ്ടതോടെ അടുത്തുള്ള ഫ്ളൈയിങ് ക്ലബിലേക്ക് കൊണ്ടുപോവുകയും ഒരു പൈലറ്റ് ഞങ്ങളെ സവാരിക്ക് കൊണ്ടുപോവുകയും ചെയ്തു. കൽപനയുടെ സന്തോഷം വാക്കുകൾക്കതീതമായിരുന്നു. അവൾക്കെന്നും പറക്കണമെന്നായിരുന്നു ആ​ഗ്രഹം- അച്ഛൻ പറയുന്നു. 

സ്കൂൾ കാലത്ത് പേപ്പർ കഷ്ണങ്ങൾ കൊണ്ട് വിമാനം തയ്യാറാക്കുന്നത് കൽപനയുടെ വിനേദാമായിരുന്നുവെന്നും അച്ഛൻ‌ പറയുന്നു. ഒഴിവുവേളയിൽ മകൾ പേപ്പർ പ്ലെയിനുകൾ പറത്തി കളിക്കുകയാണെന്ന് അധ്യാപകർ പറഞ്ഞിരുന്നു. അതാണ് ക്രമേണ അവളെ ബഹിരാകാശ യാത്രികയാവാൻ നയിച്ചതെന്നും അച്ഛൻ. സ്കൂൾ കാലം കഴിഞ്ഞതോടെ പഞ്ചാബ് എഞ്ചിനീയറിങ് കോളേജിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠിക്കാനായി ചേർന്നു. പക്ഷേ, അപ്പോഴും ഇന്ത്യയിൽ ആ കോഴ്സിനു വലിയ സാധ്യതകളില്ലെന്ന് പറഞ്ഞവരുണ്ട്. അതൊന്നും കൽപനയുടെ വീര്യത്തെ കെടുത്തിയില്ലെന്നും അച്ഛൻ പറയുന്നു. 

കൽപന സുഖലോലുപതയിൽ വിശ്വസിച്ചിരുന്നില്ലെന്നും അച്ഛൻ പറയുന്നു. താൻ ചെയ്യുന്ന ജോലിയെ ഏറെ ആസ്വദിക്കുന്നതിനാലാണ് 'നാസ'യിൽ തുടർന്നത്. മികച്ച ശമ്പളം ലഭിച്ചിരുന്നെങ്കിലും കൂടുതൽ പണവും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്യുകയായിരുന്നു. കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ വിദ്യാഭ്യാസത്തിനു വേണ്ടി ദുരിതം അനുഭവിക്കരുതെന്ന് കരുതിയിരുന്ന ആളാണ് കൽപനയെന്നും അച്ഛൻ പറയുന്നു. 

പെൺകുട്ടികൾ പറയുന്നത് കേൾക്കാൻ മാതാപിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു. അവർക്കെന്താണ് പറയാനുള്ളത് കേൾക്കണം. അവരെ പഠിക്കാൻ അനുവദിക്കണം. പിന്തുണയ്ക്കണം. വിദ്യാഭ്യാസത്തിൽ പൂർണശ്രദ്ധ പതിപ്പിക്കാൻ അവർക്കാവശ്യമായതെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. - അദ്ദേഹം പറഞ്ഞു. 

Content HIghlights:  Kalpana Chawla’s Father Talks About Her 17 Yrs After Her Death

Content Highlights: