ജസ്റ്റിന്‍ ബീബറിന് ദശലക്ഷക്കണക്കിന് ഡോളര്‍ കടമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ടീം ബീബര്‍

ജസ്റ്റിൻ ബീബർ | Photos: Facebook
ജസ്റ്റിൻ ബീബർ | Photos: Facebook

കനേഡിയന്‍ ഗായകനായ ജസ്റ്റിന്‍ ബീബര്‍ കടത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സെലിബ്രിറ്റി മാഗസിനായ പീപ്പിളാണ് ബീബറുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റിപ്പോര്‍ട്ട് നിഷേധിച്ച് ടീം ബീബര്‍ രംഗത്തെത്തി.

ക്ലിക്കുകള്‍ക്ക് വേണ്ടിയുള്ള വെറും വിഡ്ഢിത്തമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്ന് ജസ്റ്റിന്‍ ബീബറിന്റെ ടീം പറഞ്ഞു. വിവരം നല്‍കിയ ആളുടെ പേര് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ഇയാള്‍ ബീബറിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിരുന്നയാളാണ് എന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ടീം ബീബര്‍ പറഞ്ഞു. 

അടുത്തിടെ ജസ്റ്റിന്‍ ബീബര്‍ പാപ്പരാസികളോട് തട്ടിക്കയറിയത് വലിയ വാര്‍ത്തയായിരുന്നു. കാലിഫോര്‍ണിയയിലെ ഒരു കോഫീഷോപ്പിലേക്ക് പോകും വഴിയായിരുന്നു സംഭവം. 'നിങ്ങള്‍ക്ക് പണം മാത്രമാണ് വലുത്. അതിനപ്പുറമൊരു ചിന്തയുമില്ല. മനുഷ്യത്വം എന്നൊന്നുണ്ട്.' എന്നെല്ലാമാണ് ജസ്റ്റിന്‍ ബീബര്‍ പാപ്പരാസികളോട് ആക്രോശിച്ചത്. 

ഫാഷന്‍ ബ്രാന്‍ഡായ ഡ്ര്യൂ ഹൗസുമായുള്ള ബന്ധം ജസ്റ്റിന്‍ ബീബര്‍ വിച്ഛേദിച്ചത് കഴിഞ്ഞയാഴ്ചയാണ്. 2019-ല്‍ ജസ്റ്റിന്‍ ബീബര്‍ തുടങ്ങിയ ബ്രാന്‍ഡാണ് ഡ്ര്യൂ ഹൗസ്. ഭാര്യ ഹെയ്‌ലി ബീബറുമായി ജസ്റ്റിന്‍ ബീബര്‍ അത്ര രസത്തിലല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. 

Content Highlights: Justin Bieber breaks silence on claims he is broke and millions in debt amid fan concerns