'അന്ന് അനിയത്തിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു, ഇനി ഞാന്‍ അങ്ങോട്ട് തിരിച്ചുപോകേണ്ടെന്ന് അവള്‍ പറഞ്ഞു'

വിവാഹമോചനത്തെ കുറിച്ചും കുടുംബജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും മനസ് തുറന്ന് നടിയും അവതാകരയുമായ ജുവല്‍ മേരി. എന്ത് വില കൊടുത്തും കുടുംബം എന്ന 'പവിത്രമായ' കണ്‍സപ്റ്റ് സംരക്ഷിക്കണമെന്നാണ് നമ്മളെ എല്ലാവരും പഠിപ്പിക്കുന്നതെന്നും അതിനായി നിങ്ങളുടെ ആരോഗ്യം, മാനസികാരോഗ്യം, വ്യക്തിത്വം എന്നിവയെല്ലാം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നുവെന്നും ജുവല്‍ മേരി പറയുന്നു. എന്നാല്‍ ആരോഗ്യകരമായ കുടുംബജീവിതം എങ്ങനെ ഉണ്ടാക്കണമെന്നോ അത് എങ്ങനെ നിലനിര്‍ത്തണമെന്നോ ആരും പഠിപ്പിക്കില്ലെന്നും ജുവല്‍ മേരി വ്യക്തമാക്കുന്നു.
വിവാഹം കഴിപ്പിച്ച് അയയ്ക്കാന്‍ എല്ലാവര്‍ക്കും ഉത്സാഹമായിരിക്കും. എന്നാല്‍ പ്രശ്‌നം വന്നാല്‍ അതിനെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് ആരും പറഞ്ഞ് തരില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ധന്യാ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജുവല്‍.
'പൊരുത്തപ്പെട്ട് പോകാന്‍ ഒരുപാട് ശ്രമിച്ച ശേഷമായിരുന്നു വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയത്. വിവാഹമോചനം നേടിയിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളു. 2021 മുതല്‍ സെപറേറ്റഡ് ആയിട്ടാണ് ജീവിക്കുന്നത്. സമാധാനമില്ലാത്ത വിവാഹജീവിതത്തില്‍ നമ്മുടെ മനസ് എപ്പോഴും 'ഫോഗ്ഡ്' ആയിരിക്കും. അതിന് വലിയ ക്ലാരിറ്റിയൊന്നും ഉണ്ടാകില്ല. കമാന്റുകളും നമ്മള്‍ അത് ചെയ്യുകയും ചെയ്യുന്ന മെക്കാനിസമാണ് പല കുടുംബങ്ങളിലുമുള്ളത്. നിങ്ങളുടെ വീടുകളിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് അങ്ങനെയുള്ള വ്യക്തികളെ കാണാന്‍ പറ്റും. അനുസരിക്കുന്ന വ്യക്തിയേയും അനുസരിപ്പിക്കുന്ന വ്യക്തിയേയും കാണാന്‍ കഴിയും. അത് എല്ലാ കുടുംബങ്ങളിലും ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
പ്രശ്‌നങ്ങളുണ്ടായ സമയത്ത് ഞാന്‍ അമ്മയുടെ അടുത്ത് അതെല്ലാം പങ്കുവെച്ചിട്ടുണ്ട്. എല്ലാ അമ്മമാരും പറയുന്നതേ എന്റെ അമ്മയും മറുപടി പറഞ്ഞുള്ളു. എല്ലാ ശരിയാകുമെന്നും പ്രാര്‍ഥിക്കാനും പറഞ്ഞു. അമ്മയ്ക്ക് അതില്‍ കൂടുതല്‍ അറിവും വിദ്യാഭ്യാസവും ഇല്ല. ഒരുപാട് കാലം ഞാന്‍ ഇത് തന്നെ ചെയ്തുകൊണ്ടിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്ക് എന്റെ വീട്ടിലേക്ക് മാറേണ്ടി വന്നു. ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു. സ്‌റ്റോര്‍ ചെയ്തു വെക്കുന്ന പെട്ടെന്ന് റിലീസ് ചെയ്തതു പോലൊരു കരച്ചില്‍. അനിയത്തിയോട് എന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഞാന്‍ പറഞ്ഞു. അവള്‍ അന്ന് വിവാഹിതയല്ല. ചേച്ചി ഇനി തിരിച്ചു പോകേണ്ടെന്നും പോയാല്‍ ശരിയാവില്ലെന്നും അവളാണ് എന്നോട് പറഞ്ഞത്. പോയി ഉറങ്ങിക്കോ എന്നെല്ലാം പറഞ്ഞ് സമാധാനിപ്പിച്ചു. അന്ന് കരഞ്ഞതിന്റെ സമാധാനത്തില്‍ ഞാന്‍ കിടന്നുറങ്ങി.
അവള്‍ രാത്രി തന്നെ അച്ഛന്റേയും അമ്മയുടേയും അടുത്തുപോയി കാര്യങ്ങളെല്ലാം പറഞ്ഞു. ചേച്ചി ഇനി പോയാല്‍ ശരിയാകില്ലെന്ന് അവരോട് പറഞ്ഞു. അന്ന് അവള്‍ എടുത്ത സ്റ്റാന്‍ഡിലാണ് എന്റെ കുടുംബം സമ്മതിച്ചത്. അപ്പോഴവര്‍ക്ക് എല്ലാം മനസിലായി. അതുവരെ എന്റെ ഇമോഷണല്‍ ഔട്ട്‌ബേസ്റ്റിനെ അവര്‍ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല.
ഡിവോഴ്‌സിന് ശ്രമിക്കുന്ന സമയത്ത് ഞാന്‍ ഇക്കാര്യം പലരില്‍നിന്നും മറച്ചുപിടിച്ചു. അതൊരു നല്ല തീരുമാനമായിരുന്നു. കുറേ പൊലുഷ്യന്‍ കുറഞ്ഞ് കിട്ടി. പലപ്പോഴും ഐസൊലേറ്റഡായി പല കൗണ്‍സിലര്‍മാരുടേയും മുന്നില്‍ ഇരിക്കേണ്ടി വരും. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ വെര്‍ബല്‍ റേപ്പ് പോലെയായിരിക്കും. ഞാന്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിയായിട്ടുകൂടി എന്നോട് ഇങ്ങനെയുള്ള സംസാരങ്ങള്‍. അത്രയും പേഴ്‌സണലായ കാര്യങ്ങളൊന്നും അവര്‍ അറിയേണ്ട കാര്യമില്ല. ഒരു പുരുഷനാണ് എന്റെ മുന്നില്‍ ഇരുന്നിരുന്നത്. എന്താണ് അവര്‍ അത് ചോദിക്കുന്നതെന്നും അത് വേണ്ടെന്നും ഞാന്‍ പറഞ്ഞു. അത് പറയാനുള്ള ആര്‍ജവം പല സ്ത്രീകള്‍ക്കും ഇല്ല. പ്രിവിലേജും വിദ്യാഭ്യാസവും ഇല്ലാത്ത സ്ത്രീകള്‍ ഇതെല്ലാം നേരിടേണ്ടി വരുന്നു.
Content Highlights: jewel mary talks about divorce and family concept