38 കാരനായ ജപ്പാന്‍കാരന്‍ വാങ്ങിയത് അനാഥമായ 200 വീടുകള്‍, വാടകയായി പ്രതിവര്‍ഷം ഏഴ് കോടി വരുമാനം

ആളുകള്‍ ഉപേക്ഷിച്ച 200 വീടുകള്‍ വാങ്ങി വാടകയ്ക്ക് നല്‍കി ഒസാക്കയിലെ ഹയാറ്റോ കവാമുറ എന്ന 38-കാരന്‍ പ്രതിവര്‍ഷം വാടകയായി നേടുന്നത് ഏഴ് കോടിയിലധികം രൂപ. ചെറുപ്പം മുതലേ വീടുകളോട് വലിയ താല്‍പര്യമാണ് ഹയാറ്റോ കവാമുറയ്ക്ക്. മലമുകളില്‍ കയറിനിന്ന് നഗരത്തിലെ വ്യത്യസ്തമായ വീടുകള്‍ അവന്‍ നോക്കി നില്‍ക്കുമായിരുന്നു. വളരുംതോറും ഹയാറ്റോയുടെ റിയല്‍എസ്റ്റേറ്റ് മേഖലയിലുള്ള പാഷനും താല്‍പര്യവും കൂടിവന്നു. എന്നാല്‍ അക്കാലത്തൊന്നും അവ സ്വന്തമാക്കാന്‍ അയാള്‍ക്കായില്ല.
ബിരുദത്തിന് ശേഷം തന്റെ ആഗ്രഹം നിറവേറ്റാനായി അയാള്‍ വാടകവീട് നല്‍കുന്ന കമ്പനിയില്‍ ചേര്‍ന്നു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. തന്റെ കഠിനാധ്വാനത്തിന് അനുസൃതമായ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹയാറ്റോ രാജിവെച്ചു. സാമ്പത്തികമായി സ്വതന്ത്രനാകുക എന്ന ലക്ഷ്യത്തോടെ പണം സേവ് ചെയ്ത ഹയാറ്റോ തന്റെ 23-ാമത്തെ വയസ്സില്‍ പത്ത് ലക്ഷം രൂപ(1.7 മില്യണ്‍ യെന്‍) ലേലത്തില്‍ ഒരു ഫ്ളാറ്റ് വാങ്ങി. ഏകദേശം രണ്ട് ലക്ഷം രൂപ(340,000 യെന്‍) വാര്‍ഷിക വാടക വാങ്ങി ആറ് വര്‍ഷങ്ങള്‍ക്കുശേഷം ആ ഫ്ളാറ്റ് വിറ്റു. 24 ലക്ഷം രൂപ(4.3 മില്യണ്‍ യെന്‍)യ്ക്കാണ് വിറ്റത്.
പിന്നീട് വിദൂരഗ്രാമങ്ങളിലെ ഒഴിഞ്ഞ വീടുകള്‍ ലക്ഷ്യമാക്കിയായി ഹയാറ്റോയുടെ ബിസിനസ്. 5.5 ലക്ഷംരൂപ(1 മില്യണ്‍ യെന്‍-ല്‍ താഴെ)യുള്ള വീടുകള്‍ കണ്ടെത്തിയ യുവാവ് ആ വസ്തുവകകള്‍ ചെലവ് കുറയ്ക്കാനുള്ള അവസരമായെടുത്തു. അത്തരം വീടുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങി, മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതും മൃഗങ്ങള്‍ ചത്തുകിടന്നതുമായ വീടുകള്‍ പുതുപുത്തനാക്കിയെടുത്തു.
2018-ലാണ് ഹയാറ്റോ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചത്. പിന്നീട് മെറിഹോം എന്ന സ്വന്തം റിയല്‍ എസ്റ്റേറ്റ് സ്ഥാപനം തുടങ്ങി. ഇതുവരെ 200 വീടുകളാണ് ഹയാറ്റോ വാങ്ങിയത്. അതില്‍നിന്ന് പ്രതിവര്‍ഷം വാടകയായി നേടുന്നതാകട്ടെ 7.72 കോടി രൂപ(140 മില്യണ്‍)യും.
സമ്പാദ്യങ്ങള്‍, വായ്പകള്‍, വാടക സ്വത്തുക്കള്‍ എന്നിവയില്‍നിന്നുള്ള ലാഭത്തിലൂടെയാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്.
'ഒറ്റരാത്രികൊണ്ട് സമ്പന്നനാകുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ഒരു ദീര്‍ഘകാല ഗെയിമാണ്, അതിന് ക്ഷമയും ശ്രദ്ധയും ശ്രദ്ധയും ആവശ്യമാണ്, ഹയാറ്റോ അഭിപ്രായപ്പെട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: 38-Year-Old Japanese Man Who Bought 200 Abandoned Homes earns over Rs 7 Crore