'മനോഹരമായ അനുഭവം';മസ്‌ക്കിന്റെ അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് ജാക്വിലിന്‍

ശതകോടീശ്വരനായ ബിസിനസുകാരന്‍ ഇലോണ്‍ മസ്‌ക്കിന്റെ അമ്മ മെയ് മസ്‌ക്കിനൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഇരുവരും ഒരുമിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
ഗോള്‍ഡന്‍ നിറത്തിലുള്ള സല്‍വാറായിരുന്നു ജാക്വിലിന്‍ ധരിച്ചിരുന്നത്. ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള സല്‍വാറായിരുന്നു മെയ് മസ്‌ക്കിന്റെ ഔട്ട്ഫിറ്റ്. ഇരുവരും പ്രാര്‍ഥിക്കുന്നതും പൂജാരിയില്‍നിന്ന് ആശീര്‍വാദം ഏറ്റുവാങ്ങുന്നതും ചിത്രങ്ങളില്‍ കാണാം.
തന്റെ പുസ്തകമായ 'എ വുമണ്‍ മെയ്ക്ക്‌സ് എ പ്ലാനി'ന്റെ ഹിന്ദി എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് മെയ് മസ്‌ക് ഇന്ത്യയിലെത്തിയത്. പ്രിയപ്പെട്ട സുഹൃത്ത് മെയിനൊപ്പം ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കാനായത് മനോഹരമായ അനുഭവമായിരുന്നെന്നും പ്രായം വെറും നമ്പര്‍ മാത്രമാണെന്നും സ്വപ്‌നങ്ങള്‍ക്കൊരിക്കലും പ്രായം തടസമാകില്ലെന്നുമാണ് മെയ് മസ്‌കിന്റെ പുസ്തകം തന്നെ പഠിപ്പിക്കുന്നതെന്നും ജാക്വിലിന്‍ പ്രതികരിച്ചു. ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാണ് മെയ് മസ്‌ക്കിന്റെ പുസ്തകമെന്നും നടി കൂട്ടിച്ചേര്‍ത്തു.
തന്റെ അമ്മ കിം ഫെര്‍ണാണ്ടസിന്റെ മരണശേഷം ജാക്വിലിന്‍ ആദ്യമായാണ് പൊതുവേദിയില്‍ വരുന്നത്. ഏപ്രില്‍ ആറിനാണ് സ്‌ട്രോക്കിനെ തുടര്‍ന്ന് കിം മരിച്ചത്. ബഹ്‌റെയ്നിലെ മനാമയില്‍വെച്ചായിരുന്നു അന്ത്യം.
അതേസമയം കഴിഞ്ഞ ദിവസം മെയ് മസ്‌ക്കിന്റെ 77-ാം ജന്മദിനമായിരുന്നു. മുംബൈയില്‍ അമ്പതോളം പേര്‍ പങ്കെടുത്ത ആഘോഷവും മെയ് സംഘടിപ്പിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകന്‍ ഇലോണ്‍ മസ്‌ക് തനിക്ക് പൂക്കള്‍ സമ്മാനിച്ചുവെന്ന് മെയ് മസ്‌ക് എക്സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ ജന്മദിനത്തിന് മുംബൈയിലേക്ക് പൂക്കള്‍ അയച്ചതിന് മസ്‌കിനോട് മെയ് നന്ദി പറഞ്ഞു. മകന്‍ അയച്ച പൂക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും മെയ് പങ്കുവെച്ചു. നേരത്തേ ഇലോണ്‍ മസ്‌ക് അമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. എല്ലാത്തിനും നന്ദിയെന്നും ഏറെ സ്നേഹിക്കുന്നുവെന്നുമാണ് ഇലോണ്‍ മസ്‌ക് കുറിച്ചത്.
Content Highlights: jacqueline fernandez visits siddhivinayak temple with elon musks mother