‘സ്വന്തം ഇഷ്ടങ്ങളും സമാധാനവുമാണ് വലുത്'; ഐടി മാനേജർ ജോലി രാജിവെച്ച് ഓട്ടോ ഡ്രൈവറായി യുവതി

ശമ്പളത്തേക്കാൾ സ്വസ്ഥതയും സമാധാനവുമുള്ള ജോലി തിരഞ്ഞെടുക്കാനാണ് ഇപ്പോൾ മിക്കവരും ശ്രമിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം കാരണം ഉയർന്ന ശമ്പളമുള്ള ജോലി രാജിവെച്ച അനുഭവം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ ഒരു ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സംരഭകയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ഡോ. നെസ്‌റിൻ മിദ്‌ലാജാണ് യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറെ കുറിച്ചുള്ള കഥ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആത്മവിശ്വാസത്തോടെ ജോലി വളരേയധികം ആസ്വദിച്ച് ഓട്ടോ ഓടിക്കുന്ന യുവതിയെ കണ്ടപ്പോൾ കൗതുകം തോന്നിയെന്നും തുടർന്ന് അവരെ പരിചയപ്പെടുകയായിരുന്നുവെന്നും നെസ്‌റിൻ പറയുന്നു. ഒമ്പത് വർഷം ഐടി മേഖലയിൽ മാനേജറായി ജോലി ചെയ്ത ശേഷമാണ് ഈ കരിയർ തിരഞ്ഞെടുത്തത് എന്ന് അവർ പറഞ്ഞപ്പോൾ താൻ അമ്പരന്നുപോയെന്നും നെസ്‌റിൻ കൂട്ടിച്ചേർക്കുന്നു.
ഐടി മേഖലയിലെ കനത്ത സമ്മർദ്ദമാണ് അവരെ ജോലി രാജിവെയ്ക്കാൻ പ്രേരിപ്പിച്ചത്. ഒടുവിൽ ഓട്ടോ ഡ്രൈവറാകുകയായിരുന്നുവെന്നും മാസം അറുപതിനായിരം രൂപ വരെ ഇപ്പോഴത്തെ ജോലിയിൽനിന്ന് ലഭിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ഇതിനെല്ലാമുപരി ജീവിതത്തിൽ ഇപ്പോൾ സന്തോഷവും സമാധാനവമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാ വിജയ കഥകളും ഒരുപോലെയല്ല, ചിലപ്പോൾ പദവിയേക്കാൾ സമാധാനം തിരഞ്ഞെടുക്കുന്നത് ഒരാൾ എടുക്കുന്ന ഏറ്റവും ധീരമായ തീരുമാനമാണ്' എന്നാണ് വീഡിയോയ്‌ക്കൊപ്പം നെസ്‌റിൻ കുറിച്ചത്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇത്തരം ലളിതമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അസാധാരണമായ തീരുമാനങ്ങൾ ചിലപ്പോൾ സമാധാനത്തിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കും നയിച്ചേക്കാം എന്നും ചിലർ കുറിച്ചു. സമൂഹം എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനേക്കാൾ സ്വയം സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും കമന്റുകളുണ്ട്.
Content Highlights: An IT manager left a 9-year corporate career to drive an auto-rickshaw., The decision was driven by a desire to escape work-related stress and tension., She earns Rs 60,000 monthly and reports significantly higher life satisfaction., The story highlights that success is subjective and peace is a valid career goal., Viral social media reaction emphasizes prioritizing mental well-being over societal status.