ബോളിവുഡിലെ ഖാന്മാരുടെ സംഗമവേദി; താരനിബിഡമായി ഇറയുടേയും നൂപുറിന്റേയും വിവാഹവിരുന്ന്

ആമിര് ഖാന്റെ മകള് ഇറാ ഖാന്റേയും ഫിറ്റ്നസ് ട്രെയ്നര് നൂപുര് ശിഖാരയുടേയും വിവാഹവിരുന്ന് താരനിബിഡം. കഴിഞ്ഞ ശനിയാഴ്ച്ച മുംബൈയില് നടന്ന വിരുന്ന് ബോളിവുഡിലെ മൂന്ന് ഖാന്മാരുടേയും സംഗമ വേദിയായി. ഇതിന് പുറമെ റിലയന്സ് ഗ്രൂപ്പ് തലവന് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും റിസപ്ഷനെത്തിയിരുന്നു.
ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് ചടങ്ങില് പങ്കെടുത്തത്. സല്മാന് ഖാന്, കത്രീന കൈഫ്, രണ്ബീര് കപൂര്, രേഖ, ജയ ബച്ചന്, റിതേഷ് ദേശ്മുഖ്, ജനീലിയ, ഹേമാമാലിനി, ധര്മേന്ദ്ര, ശ്രുതി ഹാസന്, അക്ഷര ഹാസന്, കാര്ത്തിക് ആര്യന്, സുസ്മിത സെന്, മാനുഷി ഛില്ലാര്, ശ്രിയ ശരണ്, ജൂഹി ചൗള, കങ്കണ റണാവത്, മാധുരി ദീക്ഷിത് തുടങ്ങി നിരവധി സെല്ബ്രിറ്റികള് ചടങ്ങിന്റെ ഭാഗമായി.
ചുവപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷനില് ഇറയുടെ ഔട്ട്ഫിറ്റ്. നിറയെ ഗോള്ഡന് വര്ക്കുള്ള ഹെവി ലെഹങ്കയില് അതിസുന്ദരിയായിരുന്നു ഇറ. ഇതിനൊപ്പം സ്ലീവ്ലെസ് ബ്ലൗസും ഗോള്ഡന് ബോര്ഡറുള്ള ദുപ്പട്ടയും പെയര് ചെയ്തു. ഗോള്ഡന് വളകളും ചുവപ്പ് ലിപ്സ്റ്റിക്കുമായിരുന്നു ഹൈലൈറ്റ്. നൂപുര് കറുപ്പ് ഷെര്വാണിയിലാണ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ജനുവരി മൂന്നിന് മുംബൈയിലായിരുന്നു ഇരുവരുടേയും രജിസ്റ്റര് വിവാഹം. ഷോര്ട്സും ബനിയനും സ്നീക്കേഴ്സും ധരിച്ച് എട്ട് കിലോമീറ്റര് ജോഗ് ചെയതാണ് നൂപുര് വിവാഹ വേദിയിലെത്തിയത്. രജിസ്റ്റര് വിവാഹത്തിന് പിന്നാലെ ജയ്പുരിലെ താജ് അരാവലി റിസോര്ട്ടില് നാല് ദിവസം നീണ്ടുനില്ക്കുന്ന ആഘോഷം ഒരുക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് ജനുവരി എട്ടിന് തുടങ്ങി പത്തിനാണ് അനസാനിച്ചത്. വെല്ക്കം ഡിന്നര്, മെഹന്ദി നൈറ്റ്, പൈജാമ പാര്ട്ടി, സംഗീത് നൈറ്റ് തുടങ്ങിയ ആഘോഷങ്ങള്ക്ക് ശേഷമായിരുന്നു വിവാഹം.
വിവാഹദിനത്തില് പതിവുപോലെ വെള്ള ഗൗണിലാണ് ഇറ പ്രത്യക്ഷപ്പെട്ടത്. ഫ്ളോറല് ടിയാര താരത്തിന് കൂടുതല് സ്റ്റൈലിഷ് ലുക്ക് നല്കി. ഗ്രേ നിറത്തിലുള്ള സ്യൂട്ടായിരുന്നു നൂപുറിന്റെ വേഷം.
നേരത്തെ രജിസ്റ്റര് വിവാഹത്തിനും ഇറ ഔട്ട്ഫിറ്റില് പുതിയ പരീക്ഷണം നടത്തിയിരുന്നു. ലെഹങ്കയും ലാച്ചയും സാരിയുമെല്ലാം മാറ്റിവെച്ച് ഹാരെം പാന്റും ബ്ലൗസും ദുപ്പട്ടയും ധരിച്ചാണ് ഇറ ചടങ്ങില് പങ്കെടുത്തത്. സില്വര് എംബ്രോയിഡറി ചെയ്ത പേസ്റ്റെല് പിങ്ക് ഹാരെം പാന്റും കടുംപച്ച നിറത്തിലെ വെല്വെറ്റ് ബ്ലൗസും പേസ്റ്റല് പിങ്ക് ദുപ്പട്ടയുമായിരുന്നു ഇറയുടെ വേഷം. ഇതോടൊപ്പം കോലാപൂരി ചെരുപ്പും വലിയ പോല്ക്കി നെക്ലേസും അവര് ധരിച്ചിരുന്നു. തന്റെ ചുവന്ന മുടി അഴിച്ചിട്ടുകൊണ്ട് മിനിമല് മേക്കപ്പില് തികഞ്ഞ സന്തോഷവതിയായിരുന്നു ഇറ.
ഇറയുടെ ദീര്ഘനാളായുള്ള സുഹൃത്തും ഫിറ്റ്നെസ് ട്രെയിനറുമാണ് നൂപുര്. വര്ഷങ്ങള് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന് തീരുമാനിക്കുന്നത്. കഴിഞ്ഞ നവംബറില് മുംബൈയിലായിരുന്നു വിവാഹനിശ്ചയം.
Content Highlights: ira khans reception unites bollywoods three khans