'അതെ, എനിക്ക് തടി കൂടുതലാണ്'-ശരീരഭാരത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ആമിർ ഖാന്റെ മകൾ

തന്റെ ശരീരരാഭത്തെ കുറച്ചും അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്ന് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. 2020 മുതൽ അമിതഭാരം കാരണം ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഇറാ ഖാൻ പറയുന്നു. ഈ യാഥാർഥ്യത്തെ അംഗീകരിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സ്വന്തം ശരീരത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഇറ കൂട്ടിച്ചേർത്തു.
'അതേ, ഞാൻ തടിയുള്ള വ്യക്തിയാണ്. 2020 മുതൽ തടിച്ചിയാണെന്നും ശാരീരികക്ഷമത ഇല്ലാത്തവളുമാണെന്ന തോന്നലുകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്. ഇതിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എനിക്ക് ഇനിയും വ്യക്തത വരാത്ത കാര്യങ്ങളുമുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ചെറിയൊരു മാറ്റം അനുഭവപ്പെടുന്നുണ്ട്. അതിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. വിഷാദരോഗത്തെ കുറിച്ച് സംസാരിച്ച അത്ര ആത്മവിശ്വാസമോ വ്യക്തതയോ ഇപ്പോൾ എനിക്കില്ലായിരിക്കാം. പക്ഷേ ഇതിനെ കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.
സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലും പോപോയുമായുള്ള (ഇറയുടെ പങ്കാളി) എന്റെ ബന്ധത്തിലും എന്റെ ആത്മവിശ്വാസത്തിലും എന്റെ ജോലിയിലുമെല്ലാം ഇതെല്ലാം തടസമായിട്ടുണ്ട്. വിഷാദം എന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവോ അത്രയും തീവ്രമായി തന്നെ ഇതും എന്നെ ബാധിക്കുന്നു. ഞാൻ ചിന്തിക്കുന്നത്, ചിന്തിച്ചുകൊണ്ടിരിക്കുന്നത്, ബുദ്ധിമുട്ടിയിട്ടുള്ളത്, ഇപ്പോഴും ബുദ്ധിമുട്ടുന്നത്, എല്ലാറ്റിനെയും കുറിച്ച് തുറന്ന് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും ഇത് സഹായകമാകുന്നുണ്ടെങ്കിൽ എന്നെ സംബന്ധിച്ച് അത് അധിക നേട്ടമാണ്.'-ഇറാ ഖാൻ വ്യക്തമാക്കി.
നേരത്തെ വിഷാദരോഗത്തെ കുറിച്ചും ഇറ തുറന്ന് സംസാരിച്ചിരുന്നു. താൻ ജനിച്ചുവളർന്ന സാഹചര്യങ്ങളിലെ സൗകര്യങ്ങൾ തന്നിൽ കുറ്റബോധം ഉണ്ടാക്കിയിരുന്നതായും ഇറ അന്ന് പറഞ്ഞിരുന്നു.
Content Highlights: ira khan opens up about body image issues