ആടിപ്പാടിയും കേക്ക് മുറിച്ചും ആകാശത്തൊരു വിവാഹം; വിമാനം ചുറ്റിക്കറങ്ങിയത് ഒന്നര മണിക്കൂര്‍

വിവാഹാഘോഷത്തിനിടെ സാം ചുയിയും ഫിയോണയും | Photo: instagram/ samchui
വിവാഹാഘോഷത്തിനിടെ സാം ചുയിയും ഫിയോണയും | Photo: instagram/ samchui

വിവാഹാഘോഷങ്ങള്‍ എങ്ങനെ വേറിട്ടാതാക്കാം എന്നാണ് ഇപ്പോള്‍ മിക്കവരും ചിന്തിക്കുന്നത്. വ്യത്യസ്തമായ രീതിയിലുള്ള വിവാഹവേദികളും വസ്ത്രങ്ങളുമാണ് പലരും തിരഞ്ഞെടുക്കുക. എന്നാല്‍ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സാം ചുയി തന്റെ വിവാഹാഘോഷം നടത്തിയത് ആകാശത്താണ്. അതും വിമാനത്തിനുള്ളില്‍വെച്ച്. ഇതിന്റെ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ജൂലൈ 12-ന് യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ചാര്‍ട്ടേഡ് ബോയിങ് 747-400 വിമാനത്തിലായിരുന്നു ഈ ആഘോഷം. അതിഥികളുമായി വൈകുന്നേരം 6.30ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഏകദേശം 95 മിനിറ്റോളം ആകാശത്ത് പറന്നശേഷം രാത്രി 8.04ന് ഫുജൈറയില്‍ ഇറങ്ങി. ഇതിനിടയില്‍ അതിഥികള്‍ക്കൊപ്പം ദമ്പതികള്‍ ആടിപ്പാടുകയും കേക്ക് മുറിക്കുകയും ചെയ്തു. 

ആഘോഷത്തിന് സ്ഥലമുണ്ടാക്കുന്നതിനായി വിമാനത്തിന്റെ ഏകദേശം 100 സീറ്റുകള്‍ നീക്കം ചെയ്തു. കേക്ക് മുറിക്കുന്നതിനും ഡാന്‍സ് ഫ്‌ളോറിനുമായാണ് ഈ സ്ഥലം ഉപയോഗിച്ചത്. ചുവന്ന പരവതാനിയിലൂടെ കൈകോര്‍ത്തുപിടിച്ച് നടന്നാണ് സാം ചുയിയും വധു ഫ്‌ളൈറ്റ അറ്റന്‍ഡന്റായ ഫിയോണയും വിമാനത്തിലേക്ക് കയറിയത്. വെള്ള ഗൗണായിരുന്നു ഫിയോണയുടെ ഔട്ട്ഫിറ്റ്. വെള്ള കോട്ടും സ്യൂട്ടുമാണ് സാം ചുയി അണിഞ്ഞത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം' എന്ന് വീഡിയോയ്‌ക്കൊപ്പം സാം ചുയി കുറിച്ചിട്ടുണ്ട്. 

'ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഇത് ശരിക്കും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു എന്നത് വലിയ ഭാഗ്യമാണ്, ഈ വിമാനം - ബോയിംഗ് 747 - ആണ് ഞങ്ങളെ ഏവിയേഷനിലേക്ക് പരിചയപ്പെടുത്തുകയും അതിനോട് പ്രണയത്തിലാക്കുകയും ചെയ്തത്. ഇത് വ്യോമയാനത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ പ്രതീകമാണ്,' സാം ചുയി ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു. 

Content Highlights: influencer sam chui hosts sky wedding aboard boeing 747