വിമാനം റദ്ദാക്കി, വിവാഹം മുടങ്ങുമോയെന്ന് ആശങ്ക; ഒടുവില്‍ പുലര്‍ച്ചെ 2.45-ന് വരനെത്തി, വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍ഡിഗോയില്‍ ഉണ്ടായ പ്രതിസന്ധി യാത്രക്കാരെ എങ്ങനെയെല്ലാം ദുരിതത്തിലാഴ്ത്തി എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്‍ഡിഗോയെ ആശ്രയിച്ച് യാത്ര മുടങ്ങിയവര്‍ നിരവധിയാണ്. എന്നാല്‍ ഇന്‍ഡിഗോ വിമാനസര്‍വീസ് റദ്ദാക്കിയത് കാരണം സ്വന്തം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അവസാന നിമിഷത്തില്‍ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്യേണ്ടി വന്ന വരന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്.
വീഡിയോ പ്രകാരം ഇന്‍ഡിഗോ വിമാനത്തിലായിരുന്നു വരന്‍ വിവാഹം നടക്കുന്ന നഗരത്തിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയതോടെ വരന് കൃത്യസമയത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുമോ എന്ന് എല്ലാവരും ഭയപ്പെട്ടു. വിവാഹം മാറ്റിവെക്കുന്നത് സാധ്യമല്ലാത്തത് കാരണം വധുവും ബന്ധുക്കളും വിഷമിക്കുന്നത് വീഡിയോയില്‍ കാണാം. വിവാഹം കൃത്യസമയത്ത് നടക്കുമോ എന്ന സംശയത്തിനൊടുവില്‍ വരന് വരാന്‍ വേണ്ടി ഒരു ഉപായം കണ്ടെത്തിയപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്.
കൃത്യസമയത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി വരന്‍ ഒരു ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തു എന്ന് വീഡിയോയില്‍ പറയുന്നു. യാത്ര മുടങ്ങില്ലെന്ന് മനസ്സിലായതോടെ അതുവരെ സങ്കടത്തിലായിരുന്ന വധുവും കുടുംബക്കാരും സന്തോഷത്തോടെ വരനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും വീഡിയോയില്‍ കാണാം. ചാര്‍ട്ടേഡ് വിമാനത്തില്‍ പുലര്‍ച്ചെ 2:45 -ന് എത്തിയ വരനെ സ്വീകരിക്കാന്‍ വധുതന്നെ നേരിട്ടെത്തി.
ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആളുകള്‍ കണ്ട വീഡിയോയില്‍ ചിലര്‍ വരന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിക്കുകയും വളരെ 'റൊമാന്റിക്കാണെന്ന്' പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട ചില നിമിഷങ്ങളെ എങ്ങനെയാണ് ഇത്തരത്തിലുള്ള അപ്രതീക്ഷിത യാത്രാപ്രതിസന്ധികള്‍ വിപരീതമായി ബാധിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാനുള്ള ഒരു കാര്യം ഇന്‍ഡിഗോ ഒരുക്കികൊടുത്തു എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
Content Highlights: Groom booked a chartered flight at the last minute after Indigo cancelled the flight. Video becomes viral.