'അവിവാഹിതയാണെന്ന ഒറ്റ കാരണത്താൽ വാടകയ്ക്ക് ഫ്ലാറ്റില്ല, വിവേചനം'; വൈറലായി കുറിപ്പ്

മറ്റൊരു നാട്ടിൽ പോയി തൊഴിലെടുക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് ഒരു വീടോ ഫ്ലോറ്റോ വാടകയ്ക്ക് കിട്ടാനുള്ള പ്രയാസം. അവിവാഹിതയോ ബാച്ചിലേഴ്സോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇപ്പോഴിതാ, തന്റെ സഹോദരിയെ അവിവാഹിതയായതുകൊണ്ട് മാത്രം അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് യുവതി പങ്കുവെച്ച കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. റെഡ്ഡിറ്റിലാണ് അവർ കുറിപ്പ് പങ്കുവെച്ചത്.
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവമെന്നാണ് ഇവർ പറയുന്നത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ഇവർ ഒരു 3 BHK ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നു. ബ്രോക്കർക്ക് പണം നൽകി സാധനങ്ങളെല്ലാം കൊണ്ടുവയ്ക്കുകയും ചെയ്തു. അവിവാഹിതരായ പെൺകുട്ടികൾക്ക് വാടകയ്ക്ക് നൽകുന്നതിന് പ്രശ്നമൊന്നുമുണ്ടാകില്ലെന്ന് ബ്രോക്കർ ഇവർക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
എന്നാൽ, അതിനിടെ അവിവാഹിതരായ പെൺകുട്ടികൾക്ക് ഫ്ലാറ്റ് വാടകയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട ഒരു അയൽവാസി ബിൽഡർക്ക് പരാതി നൽകിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഉടമയ്ക്ക് സമ്മതമായിരുന്നെങ്കിലും ഇവരെ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്ന് ബിൽഡർ അറിയിച്ചു.
'എൻ്റെ സഹോദരി അയൽക്കാരനെ വിളിച്ച് അവർ യാതൊരു ശല്യവും ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, അവൾ സ്വയം പരിചയപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇദ്ദേഹം ഫോൺ കട്ട് ചെയ്തു. ഇത് വിവേചനപരമാണ്. താമസം മാറുന്നതിനുള്ള എല്ലാ ചെലവും വഹിക്കണം. ഇത്തരം വിവേചനം കാരണം യുവജനങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?', അവർ ചോദിക്കുന്നു.
Content Highlights: Indian Woman Evicted from Apartment for Being Unmarried