അര്‍ജന്റീനയിലെത്തിയെന്ന് പറഞ്ഞ് സെല്‍ഫി പങ്കുവെച്ചു; ഇന്ത്യക്കാരന് നേരെ വംശീയാധിക്ഷേപം

യുവാവ് എക്‌സില്‍ പങ്കുവെച്ച സെല്‍ഫി | Photo: x/ thiru
യുവാവ് എക്‌സില്‍ പങ്കുവെച്ച സെല്‍ഫി | Photo: x/ thiru

ര്‍ജന്റീനയിലെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ യുവാവിന് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വംശീയ അധിക്ഷേപം. താന്‍ അര്‍ജന്റീനയിലെത്തിയെന്ന് പറഞ്ഞ് തന്റെ സെല്‍ഫി ചിത്രത്തിനൊപ്പം എക്‌സില്‍ പോസ്റ്റ് പങ്കുവെച്ച 'തിരു' എന്ന യുവാവാണ് വംശീയ അധിക്ഷേപം നേരിട്ടത്. എന്നാല്‍ പിന്നാലെ യുവാവിനെ അനുകൂലിച്ച് അര്‍ജന്റീനയിലെ ആളുകള്‍തന്നെ രംഗത്തെത്തി.

യുവാവ് പങ്കുവെച്ച എക്‌സ് പോസ്റ്റിലെ അധിക്ഷേപ കമന്റുകള്‍ ചൂണ്ടിക്കാട്ടി മറ്റൊരു യുവാവ് എക്‌സില്‍ ഈ പോസ്റ്റ് വീണ്ടും പോസ്റ്റ് ചെയ്തിരുന്നു. 'ഒരു കോണ്‍ഫെറന്‍സിനായി അര്‍ജന്റീനയിലെത്തിയ ഒരു ഇന്ത്യക്കാരന്‍ ആളുകളെ അഭിവാദ്യം ചെയ്തതിന് ലഭിച്ച മറുപടിയാണിത്. പതിവുപോലെ അമേരിക്കന്‍ ഓണ്‍ലൈന്‍ ട്രോളുകളില്‍ നിന്ന് വംശീയമായ കമന്റുകളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. ഭാഗ്യവശാല്‍, യഥാര്‍ത്ഥ അര്‍ജന്റീനക്കാര്‍ മുന്നോട്ട് വരികയും, വംശീയതയെ ചോദ്യം ചെയ്യുകയും, ആ വിദ്വേഷം ആ വ്യക്തിയുടെ മാനസികാവസ്ഥയെ തകര്‍ക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു.'-ഇന്ത്യക്കാരന്റെ പോസ്റ്റ് വീണ്ടും പങ്കുവെച്ച യുവാവ് അതിനൊപ്പം കുറിച്ചു.

ഇതോടെ ഇത് എക്‌സില്‍ ചര്‍ച്ചയാവുകയായിരുന്നു. എന്തിനാണ് ഇത്തരത്തില്‍ വെറുപ്പ് തുപ്പുന്നതെന്നായിരുന്നു പലരുടേയും പ്രതികരണം. അര്‍ജന്റീനയിലേക്ക് ഊഷ്മളമായ സ്വാഗതമെന്നും ഈ അധിക്ഷേപങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും ചിലര്‍ കുറിച്ചു. കോണ്‍ഫെറന്‍സിനിടെ അര്‍ജന്റീനക്കാര്‍ തന്നെ കാണാനെത്തിയെന്നും സ്‌നേഹവും പിന്തുണയും അറിയിച്ചുവെന്നും യുവാവ് പിന്നീട് എക്‌സില്‍ കുറിച്ചു.

Content Highlights: indian man targeted with racist remarks in argentina local defend him