'യുഎസിലെ ദുഃഖകരമായ യാഥാര്‍ഥ്യം'-അയല്‍വാസിയുടെ മരണത്തെ കുറിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ യുവാവ്

#Lifestyle Desk
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: Instagram/ Sachin Sindhu
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന് | Photo: Instagram/ Sachin Sindhu

അമേരിക്ക പോലുള്ള രാജ്യത്ത് മനുഷ്യര്‍ നേരിടുന്ന ഏകാന്തതയെ കുറിച്ച് വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ യുവാവ്. തന്റെ അയല്‍വാസിയായ വൃദ്ധന്റെ ഹൃദയഭേദകമായ മരണത്തെ കുറിച്ചാണ് സച്ചിന്‍ സിന്ധു എന്ന യുവാവ് വീഡിയോയില്‍ പറയുന്നത്. ബന്ധുക്കളോ കുടുംബാംഗങ്ങളോ കൂടെയില്ലാതെ ഒരു അപാര്‍ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന അദ്ദേഹം മരിച്ചതുപോലും ആരും അറിഞ്ഞില്ലെന്ന് സച്ചിന്‍ വീഡിയോയില്‍ പറയുന്നു.

'ഇതും യുഎസിലെ ദുഃഖകരമായ യാഥാര്‍ഥ്യമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'വളരെ വേദനാജനകമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ വീടിന് അടുത്തുള്ള അപാര്‍ട്‌മെന്റില്‍ ഷാഫര്‍ എന്ന് പേരുള്ള എന്റെ പ്രിയപ്പെട്ടൊരു സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹത്തിന് 80 വയസായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആരുമില്ലായിരുന്നു. ഭാര്യയോ മക്കളോ കൂടെയുണ്ടായിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തെ അടുത്തറിയുന്ന ഒരാള്‍ ഞാന്‍ മാത്രമായിരിക്കും.

ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. രാവിലെ മുതല്‍ എനിക്ക് കോളുകളൊന്നും വന്നില്ല. രാത്രി എട്ട് മണിയോടെ എന്റെ കൈവശമുണ്ടായിരുന്ന സ്‌പെയര്‍ കീ ഉപയോഗിച്ച് ഞാന്‍ അദ്ദേഹത്തിന്റെ അപാര്‍ട്‌മെന്റില്‍ കയറി നോക്കി. അവിടെ കിടപ്പുമുറിയില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് ഞാന്‍ കണ്ടത്. ഉടന്‍ തന്നെ 911-ല്‍ വിളിച്ചു. പോലീസ് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.'-യുവാവ് വീഡിയോയില്‍ പറയുന്നു.

കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും സാംസ്‌കാരികപരമായ വ്യത്യാസങ്ങളെ കുറിച്ചും വീഡിയോയില്‍ ഇടര്‍ച്ചയോടെ യുവാവ് പറയുന്നുണ്ട്. 'ഇവിടെ കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. മാതാപിതാക്കള്‍ക്ക് മക്കളോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ല. മക്കള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പവും താമസിക്കാന്‍ താത്പര്യമില്ല. എന്നാല്‍ ഇന്ത്യയില്‍ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുകയും അവരുമായുള്ള ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ആ സംസ്‌കാരം യുഎസില്‍ ഇല്ല. അതുകൊണ്ട് പ്രായമായവരെല്ലാം ഒറ്റയ്ക്ക് ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. നാളെ അദ്ദേഹത്തിനുവേണ്ടി ആരും വന്നില്ലെങ്കില്‍ ശവസംസ്‌കാര ചടങ്ങുകള്‍ ഞാന്‍ നടത്തുമെന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.'-വീഡിയോയില്‍ യുവാവ് പറയുന്നു.

കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. 'നിങ്ങള്‍ വീട്ടില്‍ നിന്ന് അകലെയാണ് താമസിക്കുന്നതെങ്കില്‍ പോലും നിങ്ങളുടെ കുടുംബവുമായി ബന്ധം പുലര്‍ത്തുക. നിങ്ങളുടെ പ്രായമായവരുമായി എല്ലാ ദിവസവും സംസാരിക്കുക.'-യുവാവ് പറയുന്നു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. പണത്തിനും സ്വകാര്യതയ്ക്കും വേണ്ടിയുള്ള തിരച്ചിലില്‍ നമുക്ക് പലപ്പോഴും നമ്മുടെ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്. 'അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ആരെയും ബുദ്ധിമുട്ടിക്കാതെ പോകാന്‍ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. നിങ്ങള്‍ അദ്ദേഹത്തെ പോയി അന്വേഷിച്ചത് വളരെ നല്ല കാര്യമാണ്.' എന്നാണ് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: indian man describes sad reality of us as elderly neighbour dies in isolation