‘പണം ദൈവമല്ല പക്ഷേ....’; ഭാര്യക്ക് വേണ്ടി വർഷം 3 കിലോ സ്വർണം വാങ്ങുന്ന ഇന്ത്യൻ കോടീശ്വരൻ

#Lifestyle
സതീഷ് സൻപാലും താബിന്ദയും | www.youtube.com/@NetflixIndiaOfficial
സതീഷ് സൻപാലും താബിന്ദയും | www.youtube.com/@NetflixIndiaOfficial

ദുബായിലെ അതിസമ്പന്നരായ ഇന്ത്യൻ പ്രവാസികളുടെ ആഡംബര ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്ന 'ദേശി ബ്ലിംഗ്' എന്ന റിയാലിറ്റി ഷോയുടെ ട്രെയിലർ പുറത്തിറങ്ങി. അഭിനേതാക്കളായ കരൺ കുന്ദ്ര, തേജസ്വി പ്രകാശ് എന്നിവർക്കൊപ്പം ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ, അനാക്സ് ഹോൾഡിംഗ് സ്ഥാപകൻ സതീഷ് സൻപാൽ തുടങ്ങിയ പ്രമുഖ വ്യവസായികളും ഈ പരമ്പരയിലുണ്ട്. ദുബായിലെ ഉന്നതരായ ഇന്ത്യൻ സമൂഹത്തിന്റെ ആരേയും ഭ്രമിപ്പിക്കുന്ന ജീവിതശൈലിയും ഗ്ലാമറും വെളിവാക്കുന്നതാണ് പുറത്തുവന്ന ട്രെയിലർ.

സതീഷിന് സ്വർണം ഇഷ്ടമാണ് – താബിന്ദ

ഇന്ത്യൻ വംശജനായ കോടീശ്വരനാണ് സതീഷ് സൻപാൽ. തന്റെ ഭർത്താവിന്റെ സ്വർണത്തോടുള്ള താത്പര്യത്തെകുറിച്ച് സൻപാലിന്‍റെ ഭാര്യ താബിന്ദ സംസാരിക്കുന്നതാണ് ട്രെയിലറിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്. "സതീഷിന് സ്വർണം വാങ്ങുന്നത് വലിയ ഇഷ്ടമാണ്. എല്ലാ വർഷവും അദ്ദേഹം എനിക്ക് ഏകദേശം 3 കിലോയോളം സ്വർണം വാങ്ങിത്തരാറുണ്ട്," താബിന്ദ വെളിപ്പെടുത്തി.

നിലവിലെ വിപണി നിരക്ക് കണക്കിലെടുക്കുമ്പോൾ ഒരു കിലോ സ്വർണത്തിന് ഏകദേശം 1.5 കോടി രൂപയോളം വരും. അതനുസരിച്ച് മൂന്ന് കിലോ സ്വർണമെന്നാൽ പ്രതിവർഷം 4.5 കോടി രൂപയിലധികം ചെലവുവരും.

ആരാണ് സതീഷും താബിന്ദ സൻപാലും?

അനാക്സ് ഹോൾഡിംഗിന്റെ ചെയർമാനാണ് ഇന്ത്യൻ വംശജനായ സതീഷ് സൻപാൽ. ദുബായിലെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക വിപണി, ഹോസ്പിറ്റാലിറ്റി, മീഡിയ തുടങ്ങി വിവിധ മേഖലകളിൽ കമ്പനി സജീവമാണ്. അദ്ദേഹത്തിന്റെ ഭാര്യ താബിന്ദ ബ്രിട്ടീഷ്-പാകിസ്താനി വംശജയാണ്. ‌ഇവർക്ക് ഇസബെല്ല എന്ന് പേരുള്ള ഒരു വയസ്സുകാരിയായ മകളുണ്ട്. 2025-ന്റെ തുടക്കത്തിൽ തന്റെ ഒരു വയസ്സുകാരിയായ മകൾക്ക് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് കാർ സമ്മാനമായി നൽകി സതീഷ് സൻപാൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇന്ത്യയിലെ ജബൽപുരിലാണ് താൻ ജനിച്ചതെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് വെറും 80000 രൂപയുമായാണ് താൻ ദുബായിൽ എത്തിയതെന്നും സതീഷ് മുമ്പ് കേളി ടേൽസിന് (Curly Tales) നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

താൻ മുസ്ലിമും സതീഷ് ഹിന്ദുവും ആയതിനാൽ തുടക്കത്തിൽ വീട്ടുകാർക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലായിരുന്നുവെന്ന് താബിന്ദയും അതേ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സതീഷ് വിജയവും സമ്പത്തും കൈവരിച്ചതോടെ എല്ലാവരുടേയും നിലപാട് മാറി. "സതീഷിന്റെ കരിയർ വളർന്നതോടെ എല്ലാവരുടെയും പെരുമാറ്റത്തിൽ മാറ്റം വന്നു. അവർ സതീഷിനെ വിളിക്കാനും നേരിട്ട് കാണാനും ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി," -താബിന്ദ പറഞ്ഞു.

"പണം ദൈവമല്ല, പക്ഷേ ദൈവത്തെക്കാൾ കുറഞ്ഞതുമല്ല" എന്നാണ് സതീഷ് സൻപാൽ നെറ്റ്ഫ്ളിക്സ് സീരീസ് ട്രെയിലറിൽ പറയുന്നത്. 

Content Highlights: Money Isn't God, But..." Dubai Millionaire Satish Sanpal's Lifestyle in Desi Bling Goes Viral