വിശ്വാസ വഞ്ചന; വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ വഴിപിരിഞ്ഞ് ഇന്ത്യ-പാക് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍

അഞ്ജലി ചക്രയും സൂഫി മാലിക്കും | Photo: instagram/sufi malik
അഞ്ജലി ചക്രയും സൂഫി മാലിക്കും | Photo: instagram/sufi malik

വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ പ്രണയത്തില്‍ നിന്ന് പിന്മാറി സോഷ്യല്‍ മീഡിയ താരങ്ങളായ സൂഫി മാലിക്കും അഞ്ജലി ചക്രയും. സൂഫി മാലിക്ക് വിശ്വാസ വഞ്ചന കാണിച്ചുവെന്നും ഇരുവരും പിരിയാന്‍ കാരണം അതാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു. 2019-ല്‍ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റ് ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇതോടെയാണ് സ്വവര്‍ഗാനുരാഗികളായ സൂഫിയും അഞ്ജലിയും ശ്രദ്ധിക്കപ്പെട്ടത്. 

ഏറെ വേദനിപ്പിക്കുന്ന തീരുമാനമാണെന്നും അഞ്ചു വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര അവസാനിപ്പിക്കുകയാണെന്നും അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സൂഫി ചെയ്ത വിശ്വാസവഞ്ചന കാരണം തങ്ങളുടെ പ്രണയബന്ധവും വിവാഹവും അവസാനിപ്പിക്കുകയാണെന്നും അഞ്ജലി പോസ്റ്റില്‍ പറയുന്നു. ഇതിന്റെ പേരില്‍ സൂഫിയെ ആരും കുറ്റപ്പെടുത്തരുതെന്നും അനാവശ്യ ചര്‍ച്ചകള്‍ നടത്തരുതെന്നും അഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു. 

താന്‍ പങ്കാളിയോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന് തുറന്നുപറഞ്ഞാണ് സൂഫിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'വിവാഹത്തിന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ എന്റെ പങ്കാളിയോട് ഞാന്‍ വിശ്വാസ വഞ്ചന കാണിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തെറ്റാണത്. ഞാന്‍ എന്റെ പങ്കാളിയെ വേദനിപ്പിച്ചു. എന്റെ പ്രവര്‍ത്തികളിലൂടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളുകളേയും ഞാന്‍ വേദനിപ്പിച്ചു.' കുറിപ്പില്‍ സൂഫി പറയുന്നു.

പാകിസ്താനില്‍ നിന്നുള്ള സൂഫി മാലിക്കും ഇന്ത്യക്കാരിയായ അഞ്ജലിയുംഅഞ്ച് വര്‍ഷമായി പ്രണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് മുന്നില്‍ നിന്നാണ് സൂഫി അഞ്ജലിയെ പ്രൊപ്പോസ് ചെയ്തത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

ന്യൂയോര്‍ക്കും സാന്‍ ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി വെഡ്ഡിങ് പ്ലാനിങ് കമ്പനി നടത്തുകയാണ് അഞ്ജലി. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ലൈഫ്‌സ്റ്റൈല്‍ ആന്റ് ട്രാവല്‍ കണ്ടന്റ് ക്രിയേറ്ററാണ് സൂഫി. ഇരുവര്‍ക്കും 'സൂഫി ആന്റ് അഞ്ജലി' എന്ന പേരില്‍ ഒരു യുട്യൂബ് അക്കൗണ്ടുണ്ട്. 1.36 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ യുട്യൂബ് അക്കൗണ്ടിനുള്ളത്.
 

Content Highlights: india pak Influencers split weeks before wedding, Sufi Malik and Anjali Chakra