അപൂര്‍വയ്ക്ക് റീലിന് 6 ലക്ഷവും സ്റ്റോറിക്ക് 2 ലക്ഷവും,പഠനത്തിന് ഒരു വിലയുമില്ലേ;ചര്‍ച്ചയായി കുറിപ്പ്

അപൂര്‍വ മുഖിജ | Photo: instagram/ apoorva mukhija
അപൂര്‍വ മുഖിജ | Photo: instagram/ apoorva mukhija

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കണ്ടന്റ് ക്രിയേറ്ററുമായ അപൂര്‍വ മുഖിജയുടെ വരുമാനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അപൂര്‍വ ദിവസവും 2.5 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും അവര്‍ക്ക് 41 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു റീല്‍ പോസ്റ്റ് ചെയ്യാന്‍ ആറ് ലക്ഷം രൂപ വരേയും 30 സെക്കന്റുള്ള സ്റ്റോറിക്ക് രണ്ട് ലക്ഷം രൂപ വരേയും അവര്‍ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിന് പിന്നാലെ അപൂര്‍വയെ വിമര്‍ശിച്ച് ഒരു ഐഐടി പൂര്‍വി വിദ്യാര്‍ഥി രംഗത്തെത്തുകയും ചെയ്തു. വിദ്യാഭ്യാസപരമായ നേട്ടങ്ങളെ അപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനാണ് ഇപ്പോള്‍ സമൂഹം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും റീലുകളുണ്ടാക്കിയാല്‍ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന അവസ്ഥ വന്നെന്നും വിദ്യാര്‍ഥി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ഇന്ത്യയിലെ ഏറ്റവും കഠിനമായ എഞ്ചിനീയറിങ് പരീക്ഷ ജയിക്കാന്‍ ദിവസവും 14 മണിക്കൂര്‍ പഠിച്ചു. വീടും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉറക്കവും സ്വപ്‌നവും ഉപേക്ഷിച്ചു. ഐഐടിയില്‍ പ്രവേശനം നേടി. തുടര്‍ന്ന് സിജിപിഎ പേടിസ്വപ്നങ്ങളോടും ലാബ് വൈവ ട്രോമയോടും പ്ലേസ്‌മെന്റ് ടെന്‍ഷനോടും ആറ് വര്‍ഷം പോരാടി. ഇന്ന് എന്നെ 100 പേര്‍ പോലും അറിയുന്നില്ല.'-വിദ്യാര്‍ഥി പറയുന്നു. 

ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ടുമായി അവര്‍ ഈ ബുദ്ധിമുട്ടുകളെ താരതമ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. 'അവര്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഉണ്ടാക്കി 41 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്തതായും ദിവസവും രണ്ടര ലക്ഷം രൂപ നേടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റീലുകളും ചുവന്ന ലിപ്സ്റ്റിക്കും സെമി-ന്യൂഡ് ചിത്രങ്ങളും പരസ്യമായി അസഭ്യം പറയുകയും ചെയ്യുന്നത് 41 കോടിയുടെ സാമ്രാജ്യം ഉണ്ടാക്കാന്‍ സഹായിക്കും' എന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന് താഴെ ഒട്ടേറെപ്പേര്‍ വിദ്യാര്‍ഥിയെ വിമര്‍ശിച്ചു. താരതമ്യം ചെയ്യാന്‍ പറ്റാത്ത രണ്ട് മേഖലകളാണ് ഇതെന്ന് ആളുകള്‍ കമന്റ് ചെയ്തു. 

ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അപൂര്‍വ പ്രതികരിച്ചു. ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട് പങ്കുവെച്ച് 'ഇത് തെറ്റാണ് ഭായ്' എന്നാണ് അപൂര്‍വ കുറിച്ചത്. ഈ കണക്കുകള്‍ തെറ്റാണെന്നും അവര്‍ പറയുന്നു. 

Content Highlights: iitian slams apoorva mukhija questuobs her