മടുപ്പ് സഹിക്കാനാകുന്നില്ല; 1.7 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റി യുവാവ്

അമേരിക്കയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലോകം ചുറ്റാനിറങ്ങി ഐഐടി ബിരുദധാരി. യുഎസിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സംദാനിയാണ് 1.7 കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യാത്രക്കിറങ്ങിയത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് സംദാനി യുഎസിലേക്ക് പോയത്. വിജയകരമായ കോർപറേറ്റ് ജീവിതത്തിനൊടുവിൽ 38-ാം വയസിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ ഡയറക്ടർ എന്ന ഉന്നത പദവിയിലെത്തി.
മിക്കവരും സ്വപ്‌നം കാണുന്ന ശമ്പളം തനിക്ക് ലഭിച്ചെങ്കിലും ഒരു ചക്രത്തിൽ കറങ്ങുന്നത് പോലെയാണ് ജീവിതം തോന്നിയതെന്നും ഒരിക്കലും സംതൃപ്തി തോന്നിയില്ലെന്നും ഹ്യൂമാൻ ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംദാനി പറയുന്നു. ഒടുവിൽ ജോലി ഉപേക്ഷിക്കുകയും വീട് വിൽക്കുകയും ചെയ്തു.
'2013-ലാണ് ഞാൻ ജോലി ഉപേക്ഷിക്കുന്നത്. തുടർന്ന് ഒറ്റയ്ക്ക് യാത്ര ചെയ്തു. 18 മാസത്തിനുള്ളിൽ 35 രാജ്യങ്ങൾ സന്ദർശിച്ചു. റഷ്യയിലെ പർവതനിരകളിൽ നിന്ന് ഈജിപ്തിലെ മരുഭൂമി വരെ എത്തി. എനിക്കാരേയും അറിയില്ലായിരുന്നു. എല്ലാ സ്ഥലത്ത് നിന്നും പുതിയ ആളുകളെ പരിചയപ്പെട്ടു. ആദ്യമായി ഞാൻ എന്നെത്തന്നെ കണ്ടെത്തി.'-സംദാനി പറയുന്നു.
അങ്ങനെ യാത്ര ചെയ്ത് മോണ്ടിനെഗ്രോയിൽ എത്തിയപ്പോൾ അത് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായി. അവിടെ വെച്ച് ഓസ്ട്രിയയ്ക്കാരിയായ സാമൂഹ്യ പ്രവർത്തക കാത്തിയെ പരിചയപ്പെട്ടു. ചെറിയ പരിചയം പെട്ടെന്ന് തന്നെ ആഴത്തിലുള്ള ബന്ധമായി മാറി. 10 മിനിറ്റിലുള്ള ഒരു സംഭാഷണത്തിനൊടുവിൽ 10 ദിവസം ഒരുമിച്ച് കഴിഞ്ഞു. 2016-ൽ ഇരുവരും വിവാഹിതരായി. ഇന്ന് മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് ഇരുവരും. ഇപ്പോൾ അഞ്ചു പേരും ഒരുമിച്ചാണ് ലോകസഞ്ചാരം. ലളിതമായ ഹോം സ്‌റ്റേകളിൽ തങ്ങിയാണ് ഇവരുടെ ജീവിതം. സാധാരണ കുട്ടികളെ വളർത്തുന്നതിൽ വ്യത്യസ്തമായാണ് മൂന്നു പേരും വളർന്നത്. സ്‌കൂളിൽ നിന്നുള്ള വിദ്യാഭ്യാസമില്ല. പകരം ഇരുവരും തന്നെയാണ് മക്കളെ പഠിപ്പിക്കുന്നത്.
Content Highlights: An IIT graduate left a lucrative Director-level banking career in the US., Traveled to 35 countries in 18 months to find personal fulfillment., Met his wife in Montenegro and now travels the world as a family of five., Embraces a minimalist lifestyle,