‘ബോളിവുഡിൽ വനിതാ കൊലയാളികളെ പോലും മാദകത്തിടമ്പുകളായി അവതരിപ്പിക്കുന്നു, കാരണം പുരുഷാധിപത്യം’

#Lifestyle Desk
ഹുമാ ഖുറേഷി | Photo: PTI
ഹുമാ ഖുറേഷി | Photo: PTI

ബോളിവുഡ് സിനിമകളിലെ പരമ്പരാഗത നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയതിലൂടെ ശ്രദ്ധേയയായ താരമാണ് ഹുമാ ഖുറേഷി. ഗ്യാങ്‌സ് ഓഫ് വാസേപ്പുർ പോലുള്ള ചിത്രങ്ങളിലേയും മഹാറാണി പോലുള്ള സീരീസുകളിലേയും പ്രകടനമാണ് ഹുമയെ വ്യത്യസ്തയാക്കിയത്. ഇപ്പോൾ ബേബി ഡൂ ഡൈ എന്ന പുതിയ ത്രില്ലർ ചിത്രത്തിൽ കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത കൊലയാളിയുടെ വേഷത്തിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് താരം. ഇതിനിടെ ബോളിവുഡ് ചിത്രങ്ങളിലെ പുരുഷാധിപത്യ പ്രവണതകളെ ഹുമ രൂക്ഷമായി വിമർശിക്കുകയാണ്.

സമീപ ഭൂതകാലത്ത് പോലും ബോളിവുഡ് ചിത്രങ്ങളിൽ വനിതകളായ കൊലയാളികളേയും ആക്ഷൻ നായികമാരേയും മാദകത്തിടമ്പുകളായി മാത്രമാണ് ചിത്രീകരിക്കുന്നതെന്ന് ഹുമ പറഞ്ഞു. സ്ത്രീകൾക്ക് ആക്ഷനുകളെ പോലെ തന്നെ ഗ്ലാമറും ഇത്തരം ചിത്രങ്ങളിലുണ്ടാകും. ഇത് തീർത്തും സ്ത്രീവിരുദ്ധമായ രീതിയാണെന്നും ഹുമ കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹുമാ ഖുറേഷി.

'ബോളിവുഡ് സിനിമകളിൽ സ്ത്രീകൾ കൊലപാതകികളാകണമെങ്കിൽ വളരെ ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിച്ച് അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടണം. ഇതെല്ലാം പുരുഷാധിപത്യത്തിൽ നിന്നാണ് വരുന്നതെന്നാണ് ഞാൻ കരുതുന്നത്.' -ഹുമാ ഖുറേഷി പറഞ്ഞു. പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു.

'അവൾ വളരെ സാധാരണക്കാരിയാണ്. എന്നാൽ മാരകമായ കൊലയാളിയുമാണ്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിങ്ങൾ കണ്ടുമുട്ടുന്ന ഒരാൾ. ഇതാണ് ചിത്രത്തിന്റെ കഥയെ രസകരമാക്കുന്നത്. വൈകല്യമാണ് അവളുടെ ഏറ്റവും വലിയ ശക്തി. ആ വൈകല്യത്തെ നിങ്ങൾ ബലഹീനതയായി കാണുന്നു. അവിടെ നിങ്ങൾക്കൊരു 'ഹിറ്റ് വുമണി'നെ ലഭിക്കുകയാണ്. അവളൊരു കൂട്ട നശീകരണ ആയുധമാണ്. വൈകല്യം അവളുടെ ബലഹീനതയല്ല, മറിച്ച് ഏറ്റവും ശക്തമായ സമ്പാദ്യമാണ്.' -ഹുമ തുടർന്നു.

Content Highlights: Actress Huma Qureshi criticized Bollywood's patriarchal approach for hyper-sexualizing female killers and action heroines. Discussing her role as a mute assassin in Baby Do Die, she emphasized making female characters realistic rather than glamorous.