കാശിയിലേക്ക് പോയപ്പോഴെടുത്ത തീരുമാനം;775 കോടി ആസ്തിയുള്ള സുധാ മൂര്‍ത്തി സാരി വാങ്ങിയിട്ട് 30 വര്‍ഷം!

സുധാ മൂര്‍ത്തി | Photo: PTI
സുധാ മൂര്‍ത്തി | Photo: PTI

കുറച്ച് പണം മിച്ചം വന്നാല്‍ പുതിയ വസ്ത്രം വാങ്ങാന്‍ ഓടുന്നവരാണ് പലരും. ഷോപ്പിങ് ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ 775 കോടി രൂപയുടെ ആസ്തിയുള്ള രാജ്യസഭാ എംപിയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി ഒരു പുതിയ സാരി വാങ്ങിയിട്ട് എത്ര കാലമായെന്നറിയാമോ? 30 വര്‍ഷം!.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധാ മൂര്‍ത്തി തന്റെ ലളിത ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. പുതിയ വസ്ത്രം വാങ്ങില്ലെന്ന തീരുമാനത്തിന് പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ടെന്നും അവര്‍ പറയുന്നു. കാശിയിലേക്ക് നടത്തിയ ഒരു യാത്രയായിരുന്നു എല്ലാത്തിന്റേയും തുടക്കം. ആ യാത്രയ്ക്ക് മുമ്പുവരെ സുധാ മൂര്‍ത്തിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബി ഷോപ്പിങ് ആയിരുന്നു. കാശിയിലേക്ക് തീര്‍ഥാടനത്തിന് പോകുന്നവര്‍ ജീവിതത്തിലെ പ്രധാനപ്പെട്ട എന്തെങ്കിലും ഒരു കാര്യം വേണ്ടെന്നുവയ്ക്കുന്ന പതിവുണ്ട്. അങ്ങനെയാണ് താന്‍ ഷോപ്പിങ് ഉപേക്ഷിച്ചതെന്നും അവര്‍ അഭിമുഖത്തില്‍ പറയുന്നു.

'ഇത്തരം ഒരു പ്രതിജ്ഞ നിറവേറ്റുന്നത് പ്രയാസകരമാണെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്റെ മാതാപിതാക്കളും അവരുടെ മുന്‍തലമുറക്കാരും ലളിതജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നത്. അതേ രീതിയില്‍ എന്നേയും വളര്‍ത്തിയതിനാല്‍ ഈ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. ആറു വര്‍ഷം മുമ്പാണ് എന്റെ അമ്മ മരിച്ചത്. ആ സമയത്ത് പത്തില്‍ താഴെ സാരികള്‍ മാത്രമാണ് അമ്മയുടെ അലമാരയിലുണ്ടായിരുന്നത്. ഈ രീതിയിലാണ് ഞാനും വളര്‍ന്നത്. അതുകൊണ്ട് വിരലിലെണ്ണാവുന്ന വസ്ത്രങ്ങള്‍ മാത്രമേ എന്റെ കൈയിലുമുള്ളൂ'-സുധാ മൂര്‍ത്തി അഭിമുഖത്തില്‍ പറയുന്നു. 

20 വര്‍ഷത്തോളമായി അടുത്ത സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും സഹോദരിമാരും സമ്മാനമായി നല്‍കിയ സാരികള്‍ മാത്രമാണ് സുധാ മൂര്‍ത്തിയുടെ കൈയിലുള്ളത്. അതില്‍ ഏറ്റവും പ്രിയപ്പെട്ടത് രണ്ട് സാരികളാണ്. ഇന്‍ഫോസിസിന്റെ സഹായത്തോടെ ജീവിതത്തില്‍ വിജയം നേടിയ സ്ത്രീകള്‍ സമ്മാനമായി നല്‍കിയ ഹാന്‍ഡ് എംബ്രോയ്ഡറി സാരികളാണ് അത്. 

സമ്മാനം അധികമായാലും തനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും സുധാ മൂര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു. 'വര്‍ഷത്തില്‍ രണ്ട് സാരിയെങ്കിലും സഹോദരിമാര്‍ നല്‍കിയിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അലമാരയില്‍ സാരികള്‍ നിറഞ്ഞതായി തോന്നി. ഇതോടെ ഇനിയും സാരികള്‍ സമ്മാനിക്കരുതെന്ന് സഹോദരിമാരോട് പറഞ്ഞു.'-സുധാ മൂര്‍ത്തി പറയുന്നു.  സാരിയാണ് തന്റെ പ്രിയപ്പെട്ട വസ്ത്രമെന്നും വൃത്തിയായി അലക്കി, ഉണക്കിയെടുത്ത്, ഇസ്തിരിയിട്ട് സൂക്ഷിച്ചും തറയില്‍ തട്ടാത്ത രീതിയില്‍ ശ്രദ്ധയോടെ ഉടുത്തും സൂക്ഷിക്കുന്നതിനാല്‍ ഒരു സാരിതന്നെ ഒരുപാട് കാലം ഉപയോഗിക്കുമെന്നും സുധ കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlights: how a trip to kahi 30 years ago convinced sudha murty to noy buy sarees