പഠനത്തിനെന്തു പ്രായം; ബിഎ പരീക്ഷയിൽ വിസ്മയവിജയവുമായി 10 വീട്ടമ്മമാർ

ബിഎ പരീക്ഷയില്‍ വിജയിച്ച കരുവാരക്കുണ്ട് നളന്ദ കോളേജിലെ വീട്ടമ്മമാരായ വിദ്യാര്‍ഥികള്‍ | Photo: Mathrubhumi
ബിഎ പരീക്ഷയില്‍ വിജയിച്ച കരുവാരക്കുണ്ട് നളന്ദ കോളേജിലെ വീട്ടമ്മമാരായ വിദ്യാര്‍ഥികള്‍ | Photo: Mathrubhumi

പ്രായവും കുടുംബത്തിരക്കുകളും പഠനത്തിനു തടസ്സമല്ലെന്നു തെളിയിച്ച് കാലിക്കറ്റ് സർവകലാശാലാ ബി.എ. പരീക്ഷയിൽ വിസ്മയവിജയം നേടി നാൽപത്തൊന്നുകാരിയായ ഷഹനാസ് അടക്കം 10 വീട്ടമ്മമാർ. കരുവാരക്കുണ്ട് നളന്ദ കോളേജിലെ ബി.എ. പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ 10 പേരും പ്രതിസന്ധികളോട് പൊരുതിയാണ് മികച്ച വിജയം സ്വന്തമാക്കിയത്.

കൂട്ടിലങ്ങാടി സ്വദേശിനിയായ ഷഹനാസ് പ്ലസ്ടു കഴിഞ്ഞ് 20 വർഷത്തിനുശേഷമാണ് വീണ്ടും കോളേജിലെത്തുന്നത്. ഇടക്കാലത്ത് പഠനം നിർത്തി പഠനവഴിയിൽ തിരിച്ചെത്തിയ പത്തംഗ അമ്മസംഘം എല്ലാവർക്കും കൗതുകമായിരുന്നു. 30 വയസ്സിനു മുകളിലുള്ള പത്തുപേരും ആദ്യ അവസരത്തിൽതന്നെ പരീക്ഷ വിജയിച്ച് അഭിമാനമായി മാറുകയുംചെയ്തു.

2023-ൽ മൂത്ത മകൾ ഫാത്തിമ സാജിദിനെ കോളേജിൽ ചേർക്കാൻ പോയപ്പോഴാണ് ഒരു ഡിഗ്രി വേണമെന്ന ആഗ്രഹം ഷഹനാസിനുണ്ടാകുന്നത്. ഭർത്താവ് തെച്ചിക്കോടൻ സാജിദിന്റെ പിന്തുണയോടെ കോളേജിൽ ചേർന്ന ഷഹനാസിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മറ്റു ഒൻപത് വീട്ടമ്മമാർകൂടി ഇതേ ക്ലാസിലേക്ക് പഠിക്കാനെത്തിയത്. കാളികാവിൽനിന്നുള്ള സി.കെ. മുർഷിദ, മേലാറ്റൂരിലെ രാജശ്രീ, ആഞ്ഞിലങ്ങാടി സ്വദേശിനി ഹർഷ ഷെറിൻ, ചെമ്പ്രശ്ശേരിയിലെ ഷക്കീബ ഫാഹിം, മാമ്പുഴ സ്വദേശികളായ റൂബിന സമദ്, നഷീദ, പൊടുവണ്ണിയിലെ സഫീന സിറിൻ, അഞ്ചച്ചവിടി സ്വദേശി സിഹാന, സി.പി. ഫാത്തിമ സമീന എന്നിവരാണ് ഷഹനാസിന് പിന്നാലെ പഠനവഴിയിൽ തിരിച്ചെത്തിയത്.

40 കുട്ടികളുള്ള ക്ലാസിൽ 10 പേർ അമ്മമാരായത് അധ്യാപകർക്കും സഹപാഠികൾക്കും കൗതുകമായി. വീട്ടുജോലികളും പ്രസവാവധികളും കാരണം പലപ്പോഴും ക്ലാസുകൾ മുടങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയും ഇവർ പഠനം പൂർത്തിയാക്കി. റെഗുലർ കോളേജിൽ പഠിച്ച മകൾക്കൊപ്പം പ്രൈവറ്റായി പഠിച്ച് ഒരേസമയം ഡിഗ്രി നേടാനായതിന്റെ സന്തോഷത്തിലാണ് ഷഹനാസും കൂട്ടുകാരും.

Content Highlights: Ten housewives aged 30+ successfully passed their BA Political Science exams., Driven by the desire to pursue higher education after a long gap., Overcame family responsibilities and academic challenges through peer support., Shahanas, a 41-year-old, served as the primary inspiration for the group., Utilized online classes and campus support to balance home life and studies.