സഹോദരന്റെ മുൻ ഭാര്യയ്‌ക്കെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടകേസ് നൽകി നടി ഹൻസിക മോട്‌വാനി

#Lifestyle Desk
ഹന്‍സികാ മോട്‌വാനി, മുസ്‌കാന്‍ നാന്‍സി ജെയിംസ് | Photos: instagram
ഹന്‍സികാ മോട്‌വാനി, മുസ്‌കാന്‍ നാന്‍സി ജെയിംസ് | Photos: instagram

സഹോദരന്റെ മുൻ ഭാര്യ മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകി നടി ഹൻസിക. മുംബൈ സെഷൻസ് കോടതിയിലാണ് ഹൻസിക ഹർജി ഫയൽ ചെയ്തത്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ട കേസ് കൊടുത്തത്. തനിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹൻസിക ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്.

Also Read: നാല് വർഷം നീണ്ട ദാമ്പത്യത്തിന് വിരാമം; ഹൻസികാ മോട്‌വാനി വിവാഹമോചിതയായി, ജീവനാംശം ചോദിക്കാതെ താരം

മുസ്‌കാൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരമായതുമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്നാണ് ഹർജിയിൽ ഹൻസികാ മോട്‌വാനി ഉന്നയിച്ച പ്രധാന ആരോപണം. ഹൻസികയ്ക്കും സഹോദരൻ പ്രശാന്ത് മോട്‌വാനിക്കുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ മുസ്‌കാൻ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരുന്നു.

എന്നാൽ താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് എന്ന് ഹൻസിക ഹർജിയിൽ പറഞ്ഞു. പ്രശാന്ത് മോട്‌വാനിയുമായുള്ള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാൻ തന്റെ പക്കൽ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാൻ ഈ തുക നൽകിയില്ലെന്നും ഹൻസിക ഹർജിയിൽ പറയുന്നു.

സഹോദരന്റെ വിവാഹത്തിൽ താൻ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഇരുവർക്കുമൊപ്പമല്ല താൻ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസികാ മോട്‌വാനി പറഞ്ഞു. സിവിൽ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്.

പ്രശാന്തിനും ഹൻസികയ്ക്കുമെതിരെ നേരത്തേ മുസ്‌കാൻ പരാതി നൽകുകയും ഈ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ പരാതിയിലെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ഹൻസിക നേരത്തേ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Content Highlights: South Indian actress Hansika Motwani has moved the Mumbai Sessions Court filing a ₹2 crore defamation suit against Muskaan Nancy James, the sister of her former husband Sohael Kathuria. Hansika alleges that Muskaan made derogatory and false statements on social media, including domestic violence allegations, to avoid repaying a debt of ₹27 lakh. The actress has also filed a criminal defamation case in the Andheri Magistrate Court, seeking a public apology and a restraining order against Muskaan.