'1 BHKയ്ക്ക് 1.2 ലക്ഷം വാടക'; ഇന്ത്യയിലെ ചെലവ് പങ്കുവെച്ച് റഷ്യൻ വനിത, ആരോ പറ്റിക്കുകയാണെന്ന് കമന്റ്

വിക്ടോറിയ കൊവൻ | Photo: Instagram:meowvi.vi
വിക്ടോറിയ കൊവൻ | Photo: Instagram:meowvi.vi

നഗരത്തെ നിശ്ചലമാക്കിക്കൊണ്ട് ഹരിയാണയിലെ ഗുരുഗ്രാമിൽ ഉണ്ടായ ഗതാഗത തടസ്സം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഏഴ് കിലോമീറ്റർ നീളത്തിൽ വാഹനനിര നീണ്ടതോടെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, വീണ്ടും ഗുരുഗ്രാം ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ, ഇത്തവണ പ്രശ്നം റോഡല്ല, വീടാണ്.

വിക്ടോറിയ കൊവൻ എന്ന റഷ്യൻ യുവതിയാണ് തന്റെ അപ്പാർട്ട്മെന്റ് വാടക വെളിപ്പെടുത്തിക്കൊണ്ട് റീൽ പങ്കുവെച്ചത്. 1 BHK അപ്പാർട്ട്മെൻ്റിന് ​ഗുരു​ഗ്രാമിൽ താൻ 1,20,000 രൂപ വാടക നൽകുന്നുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇന്ത്യയിൽ സുഖപ്രദമായ ജീവിതം നയിക്കാൻ വലിയ ചെലവാണെന്നും ഇവർ വീഡിയോയിൽ പറയുന്നു. 

ഇന്ത്യയിലെ ജീവിതം വളരെ ചെലവ് കുറഞ്ഞതാണെന്ന് ആളുകൾ പറയുന്നു എന്ന് ആരംഭിക്കുന്ന വീഡിയോയിൽ തന്റെ മാസച്ചെലവും ഇവർ പങ്കുവെച്ചു. മാസവാടകയ്ക്ക് പുറമെ ഊബർ ബ്ലാക്കിലെ ഓരോ യാത്രയ്ക്കും 1000, വൈദ്യുതനിരക്ക് 15,000, ഷോപ്പിംഗിന് 30,000, മരുന്നിന് 20,000, പലചരക്ക് സാധനങ്ങൾക്കായി 40,000 എന്നിങ്ങനെയാണ് താൻ നൽകുന്നതെന്ന് അവർ അവകാശപ്പെട്ടു.

വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുമായി രം​ഗത്തെത്തി. 1,20,000 രൂപ നൽകിയിട്ടും 4BHK-യിൽ അല്ല താമസിക്കുന്നതെങ്കിൽ ആരോ നിങ്ങളെ പറ്റിക്കുകയാണെന്ന് ഒരാൾ കുറിച്ചു. മാസം 1,20,000 വാടകയ്ക്ക് ആ അപ്പാർട്ട്മെന്റ് വാങ്ങാമായിരുന്നുവെന്നും ഈ തുക ഒരു വാടക എന്നതിലുപരി ഒരു ഇഎംഐ പോലെയുണ്ടെന്നും ചിലർ എഴുതി. 

Content Highlights: Gurugram's Exorbitant Rent: Russian Woman Sparks Debate Over 1.2 Lakh 1BHK Apartment