വേദനയുടെ 11 വർഷങ്ങൾ, ഒടുവിൽ രണ്ട് കൺമണികൾ; വികാരാധീനരായി ഗുർമീത് ചൗധരിയും ദെബിനയും

#Lifestyle desk
ദേബീനയും ഗുര്‍മീത് ചൗധരിയും | Photo: Instagram/ Debina Bonnerjee
ദേബീനയും ഗുര്‍മീത് ചൗധരിയും | Photo: Instagram/ Debina Bonnerjee

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിസന്ധികൾക്കുമൊടുവിൽ മാതാപിതാക്കളായതിനേക്കുറിച്ച് പങ്കുവെച്ച് ടെലിവിഷൻ താരങ്ങളായ ഗുർമീത് ചൗധരിയും ദെബിന ബാനർജിയും. തുടർച്ചയായുണ്ടായ ഗർഭച്ഛിദ്രങ്ങളും ആ സമയത്ത് അനുഭവിച്ച മാനസിക വിഷമങ്ങളും പങ്കുവെക്കുന്നതിനിടെ താരദമ്പതികൾ ക്യാമറയ്ക്ക് മുന്നിൽ വികാരാധീനരായി. രാജീവ് ഖണ്ഡേൽവാൾ അവതരിപ്പിക്കുന്ന തും ഹോ നാ എന്ന പുതിയ റിയാലിറ്റി ഷോയുടെ പ്രൊമോയിലാണ് ഗുർമീത് മനസ്സുതുറന്നത്.

‘വിവാഹം കഴിഞ്ഞ് 10-11 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് കുട്ടികളുണ്ടാകുന്നത്. അതിനിടയിൽ നിരവധി തവണ ഗർഭച്ഛിദ്രങ്ങളുണ്ടായി. ഒരുപാട് ശ്രമിച്ചെങ്കിലും ഇനി ഒന്നും നടക്കാൻ പോകുന്നില്ലെന്ന് പല ഡോക്ടർമാരും വിധി എഴുതിയിരുന്നു. എന്നാൽ ആ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളുണ്ട്’- പ്രൊമോ വീഡിയോയിൽ ഗുർമീത് പറയുന്നു.

2022-ലാണ് ദമ്പതികൾക്ക് ലിയാന, ദിവിഷ എന്നീ രണ്ട് പെൺകുട്ടികൾ ജനിക്കുന്നത്. ഇതിൽ മൂത്തമകൾ ലിയാന വാടകഗർഭധാരണത്തിലൂടെയാണ് ജനിച്ചത്. രണ്ടാമത്തെ മകൾ ദിവിഷയെ ദെബിന സ്വാഭാവികമായ രീതിയിൽ തന്നെ ഗർഭം ധരിക്കുകയായിരുന്നു.

2004-ൽ ഒരു ടാലൻ്റ് ഷോയ്ക്കിടയിലാണ് ഗുർമീതും ദെബിനയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 2008-ൽ പുറത്തിറങ്ങിയ പ്രശസ്ത ടെലിവിഷൻ പരമ്പരയായ രാമായണിൽ ശ്രീരാമനായും സീതയായും വേഷമിട്ടതോടെയാണ് ഇരുവരും ജനപ്രിയ താരങ്ങളായി മാറിയത്. റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും തങ്ങളുടെ കരിയറിലെ വിജയങ്ങൾക്ക് പരസ്പരം നന്ദി പറയാൻ മടിക്കാറില്ല. ലാഫ്റ്റർ ഷെഫ്സ് 3, പതി പത്നി ഔർ പംഗ തുടങ്ങിയ ഷോകളിലാണ് ഇരുവരും ഒടുവിലായി ഒന്നിച്ചെത്തിയത്.

Content Highlights: Popular TV couple Gurmeet Choudhary and Debina Bonnerjee broke down in tears on the promo of the new reality show 'Tum Ho Naa', as they recalled their decade-long painful struggle with multiple miscarriages before finally becoming parents.