വധുവിന്റെ വീടിനുമുകളിൽ വിമാനത്തിൽനിന്ന് നോട്ട് മഴ, വിവാഹം കളറാക്കാൻ അമ്മായിയച്ഛന്റെ സർപ്രൈസ്| VIDEO

photo:X/@amalqa_
photo:X/@amalqa_

പല തരം കാരണങ്ങൾകൊണ്ടാണ് വിവാഹങ്ങൾ വൈറലാകാറ്. അത്യാഡംബരവും വിചിത്രമായ ചടങ്ങുകളും കാരണം സമൂഹിക മാധ്യമങ്ങളില്‍ ചില വിവാഹ വീഡിയോകള്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാകിസ്താനിലെ ഒരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരം​ഗമാകുന്നത്.

വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽനിന്ന് പണം വിതറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വിവാഹം കളറാക്കാനായി വരന്റെ പിതാവ് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിനു മുകളിൽ പണമഴ പെയ്യിച്ചു എന്നാണ് റിപ്പോർട്ട്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. 

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തുന്നത്. ആകാശത്തുനിന്ന് എറിയുന്നതിനു പകരം ആ പണം പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോ​ഗിക്കാമായിരുന്നു എന്നായിരുന്നു ഒരു കമന്റ്.

സമ്പത്ത് എങ്ങനെ ചിലവഴിക്കരുത് എന്നതിന് ഒരു ഉദാഹരണമാണിതെന്ന് മറ്റൊരാൾ വിമർശിച്ചു. രസകരമായ പ്രതികരണങ്ങളും ചിലർ പങ്കുവെച്ചു. വധുവിന്റെ അയൽക്കാർ ആയിരിക്കും ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടർ, ജീവിതകാലം മുഴുവൻ വരൻ തന്റെ പിതാവിന്റെ കടം വീട്ടേണ്ടിവരും എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങൾ.  

  

Content Highlights: Grooms Father Showers Cash From Plane Over Brides House