'ഇത്ര പക്വതയില്ലാത്ത വ്യക്തിയുടെ കൂടെ എങ്ങനെ ജീവിക്കും'; അതിരുകടന്ന് വരന്റെ പ്രാങ്ക്

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ @Thebestfigen
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ @Thebestfigen

വിവാഹാഘോഷത്തിന്റെ ഭാഗമായി പല തരത്തിലുള്ള പ്രാങ്കുകളും നമ്മള്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് വരനേയും വധുവിനേയും സുഹൃത്തുക്കളാണ് പ്രാങ്ക് ചെയ്യുക. വിവാഹവേദിയില്‍ വെച്ചും പാര്‍ട്ടിക്കടിയിലുമെല്ലാം ഇത്തരം പ്രാങ്കുകള്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഒരു വരന്റെ പ്രാങ്ക് അല്‍പം അതിരുകടന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും കേക്ക് മുറിക്കുന്നതിനിടയിലാണ് വരന്‍ അനുചിതമായി പെരുമാറിയത്. വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുകയും വധുവിന്റെ മുടിയില്‍ കേക്ക് പറ്റുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ആകെ അമ്പരന്നുപോയ വധുവിന്റെ മുഖഭാവം മാറുമ്പോള്‍ താന്‍ പ്രാങ്ക് ചെയ്തതാണെന്ന് കാണിക്കാന്‍ വധുവിന് നേരെ ഹൈ ഫൈയിനായി വരന്‍ കൈനീട്ടുന്നതും വീഡിയോയിലുണ്ട്.

 'ദ ബെസ്റ്റ്' എന്ന എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇന്‍സ്റ്റന്റ് ഡൈവോഴ്‌സ്' എന്ന ക്യാപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് വരനെ വിമര്‍ശിച്ച് കമന്റ് ചെയ്തത്. സാമാന്യബോധമില്ലാത്ത പെരുമാറ്റമാണ് വരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വധുവിന്റെ ഹെയര്‍സ്റ്റൈലെല്ലാം അലങ്കോലമായെന്നും ഒരാള്‍ കുറിച്ചു. കേക്കിലെ ബട്ടറും ക്രീമുമെല്ലാം ഇത്തരത്തില്‍ തേക്കുമ്പോള്‍ ഇവര്‌ക്കെല്ലാം എന്ത് സന്തോഷമാണ് കിട്ടുന്നതെന്നും ഒരു ഉപയോക്താവ് കുറിച്ചു. ഇത്ര പക്വതിയില്ലാത്ത വ്യക്തിയുടെ കൂടെ ആ പെണ്‍കുട്ടി ജീവിക്കും എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
 

Content Highlights: groom pulls a wedding cake prank on bride