വിവാഹം ഉടനേയുണ്ടാവുമോ?; ആദ്യമായി പ്രതികരിച്ച് ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ്, ഗോകുല്‍ സരേഷ് ഗോപിക്കൊപ്പം | Photo: Instagram/ Gokul Suresh
ഗോകുല്‍ സുരേഷ്, ഗോകുല്‍ സരേഷ് ഗോപിക്കൊപ്പം | Photo: Instagram/ Gokul Suresh

മലയാളികളുടെ പ്രിയതാരകുടുംബങ്ങളില്‍ വിവാഹങ്ങള്‍ നടന്ന വര്‍ഷമാണ് കഴിഞ്ഞുപോയത്. ഏറ്റവും ഒടുവില്‍ നടന്നത് ജയറാമിന്റെ കുടുംബത്തിലാണ്. ഏഴ് മാസത്തിനിടെ രണ്ടുകല്യാണമാണ് ജയറാമിന്റെ കുടുംബത്തില്‍ നടന്നത്. മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞ മേയില്‍ നടന്നു. കഴിഞ്ഞദിവസമാണ് മകന്‍ കാളിദാസിന്റെ വിവാഹം നടന്നത്.

നീലഗിരി സ്വദേശിയായ മോഡല്‍ താരണിയെയാണ് കാളിദാസ് ജയറാം വിവാഹംചെയ്തത്. ഗുരുവായൂരില്‍ നടന്ന ചടങ്ങുകളില്‍ സിനിമാമേഖലയില്‍നിന്ന് പ്രമുഖർ പങ്കെടുത്തുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ചടങ്ങുകളില്‍ സജീവമായി ഉണ്ടായിരുന്നു. ഇതിനിടെ, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് വിവാഹക്കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആദ്യമായാണ് ഗോകുല്‍ സുരേഷ് പ്രതികരിക്കുന്നത്. അടുത്തത് ഗോകുലിന്റെ കല്യാണമാണ് പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, പ്രതീക്ഷിച്ചോളൂ കേട്ടോ എന്നായിരുന്നു മറുപടി. ഉടനെ ഉണ്ടാവുമോയെന്ന ചോദ്യത്തോട്, ഇല്ലെന്നും കുറച്ച് കഴിഞ്ഞേ തന്റെ വിവാഹമുണ്ടാവുകയുള്ളൂവെന്നും ഗോകുല്‍ പറഞ്ഞു. സമയമെടുക്കും, ധൃതിയൊന്നുമില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തോടും ഗോകുല്‍ പ്രതികരിച്ചു. പ്രണയമൊക്കെ എല്ലാവര്‍ക്കുമുള്ളതല്ലേയെന്നായിരുന്നു ഗോകുലിന്റെ മറുപടി. പ്രണയം നല്ലതല്ലേയെന്ന് ചോദിച്ച ഗോകുല്‍, അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. 'പക്ഷേ വലിയ ധൃതിയൊന്നുമില്ല. സാവകാശം, സമാധാനത്തില്‍ മതി. വളരെ ലോ പ്രൊഫൈലില്‍ മതി. നിങ്ങളാരും അറിയില്ല', ഗോകുല്‍ വ്യക്തമാക്കി.

Content Highlights: Gokul Suresh, son of Suresh Gopi, comments on his own marriage plans