പൊട്ടിക്കരച്ചിൽ മുതൽ മൗനത്തിന്റെ സങ്കടക്കടൽ വരെ; ഗ്ലായിക് പകർത്തിയത് മുപ്പതോളം രാജ്യങ്ങളിലെ മരണാനന്തര ചടങ്ങുകൾ

#വിഷ്ണു വിജയകുമാർ
ജർമൻ സാംസ്കാരികകേന്ദ്രമായ ഗൊയ്‌ഥെ സെൻട്രം തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ജർമൻ ഫോട്ടോഗ്രാഫർ മിഖേയൽ ഗ്ലായിക്കിന്റെ ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്തശേഷം ചിത്രങ്ങൾ കാണുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ
ജർമൻ സാംസ്കാരികകേന്ദ്രമായ ഗൊയ്‌ഥെ സെൻട്രം തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ജർമൻ ഫോട്ടോഗ്രാഫർ മിഖേയൽ ഗ്ലായിക്കിന്റെ ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്തശേഷം ചിത്രങ്ങൾ കാണുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: പല ദേശവും പല നാടും കണ്ടുമടങ്ങിയ ജർമൻ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ മിഖേയൽ ഗ്ലായിക്കിന്റെ ക്യാമറാ ഫ്രെയിമുകൾ ചെന്നെത്തിയത് നിത്യനിദ്രയിൽ അലിഞ്ഞവരുടെ മണ്ണിലേക്കാണ്. വേർപാടിന്റെ ദുഃഖം പേറിക്കിടക്കുന്നവരുടെ അന്ത്യയാത്രകളും മരണാനന്തരച്ചടങ്ങുകളും ഈ അറുപത്തിയഞ്ചുകാരനായ ജർമൻ സ്വദേശി മിഖേയൽ ഗ്ലായിക്കിന്റെ ക്യാമറാക്കണ്ണുകളിൽ മിന്നിമറിഞ്ഞു.

ശവകുടീരങ്ങളിൽ എത്തുമ്പോൾ പല വികാരമാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുല്യവും വ്യത്യസ്തവുമായ ചിത്രങ്ങൾക്കു മുന്നിലേക്ക് എത്തിക്കുകയാണ് തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിലെ ഫോട്ടോപ്രദർശനം. ഇവിടെ ഗൊയ്‌ഥെ സെൻട്രം ഒരുക്കിയ ഫോട്ടോപ്രദർശനത്തിൽ ഇദ്ദേഹം പകർത്തിയ 100-ഓളം വരുന്ന ചിത്രങ്ങളും പ്രദർശിപ്പിച്ചു.

ചിലയിടങ്ങളിൽ മരണത്തിൽ വിങ്ങിപ്പൊട്ടിയ നിമിഷങ്ങൾ കാണുമ്പോൾ മറ്റിടങ്ങളിൽ അത് ശാന്തവും സങ്കടംപേറിയ മൗനങ്ങളുമാണ്. ശവകുടീരങ്ങൾക്കരികെ ആളുകൾ പുസ്തകം വായിക്കുന്ന പതിവും ചില രാജ്യങ്ങൾ പിന്തുടരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഫ്രെയിമുകൾ തേടിയാണ് ഗ്ലായിക്കിന്റെ യാത്ര.

കണ്ണൂരിൽ ഹിന്ദു ആചാരപ്രകാരം നടന്ന മരണാനന്തരച്ചടങ്ങുകളിൽനിന്നു പകർത്തിയ ചിത്രങ്ങൾക്കരികിൽ ജർമൻ ഫോട്ടോഗ്രാഫർ മിഖേയൽ ഗ്ലായിക്

വ്യത്യസ്ത മതങ്ങൾ നടത്തുന്ന ചടങ്ങുകൾ തേടിപ്പിടിക്കാനും അതിലെ വികാരവും വൈകാരികമായ നിമിഷങ്ങളും ഫോട്ടോയിലൂടെ ഓർമ്മയാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഗ്ലായിക്. ഇതിനായി മുപ്പതോളം രാജ്യങ്ങളിലെ അൻപതോളം ശവകുടീരവും സംസ്‌കാരച്ചടങ്ങും ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. മരണത്തിലൂടെ ദുഃഖമല്ല മറിച്ച് വൈവിധ്യമായ അനുഭവങ്ങളും വികാരവുമാണ് അലയടിക്കുന്നതെന്നാണ്‌ ഗ്ലായിക്കിന്റെ കണ്ടുപിടിത്തം. യുഎസ്, ടുണീഷ്യ, മലേഷ്യ, ലെബനാൻ, ദക്ഷിണാഫ്രിക്ക, റുവാണ്ട തുടങ്ങിയ നിരവധി രാജ്യങ്ങളിലെ മരണാനന്തരച്ചടങ്ങുകളാണ് ഇദ്ദേഹം എടുത്തിട്ടുള്ളത്. ഇതിൽ കണ്ണൂരിൽ ഹിന്ദു ആചാരങ്ങളിൽ നടത്തിയ ചടങ്ങുകളും ഇടംപിടിച്ചു.

ഒരുലക്ഷത്തിലേറെ ചിത്രങ്ങളാണ് 10 വർഷക്കാലമായി ഇദ്ദേഹം പകർത്തിയിട്ടുള്ളത്. തന്റെ പിതാവും മാതാവും മരണത്തോടു കീഴടങ്ങിയ സമയത്താണ് തനിക്കുണ്ടായ ദുഃഖത്തിന്റെയും വൈകാരികതയുടെയും തീവ്രത സ്വയം മനസ്സിലാക്കുന്നത്. ശവകുടീരവും ചടങ്ങുകളും ഇത്തരത്തിൽ എടുക്കാൻ പ്രേരിപ്പിച്ചതും ഇൗ അനുഭവമായിരുന്നു. എന്നാൽ, എല്ലായിപ്പോഴും മരണങ്ങൾ ദുഃഖമല്ലെന്നും അതൊരു പുനർജന്മമാണെന്നും അദ്ദേഹം പറഞ്ഞു.