75 ശതമാനം ദമ്പതികളും തീരുമാനമെടുക്കുന്നത് ഒരുമിച്ച്; കുടുംബങ്ങളിൽ ലിംഗസമത്വം മെച്ചപ്പെടുന്നതായി പഠനം

മലപ്പുറം: ഭർത്താവ് തീരുമാനിക്കുകയും ഭാര്യ അനുസരിക്കുകയും ചെയ്തിരുന്ന കാലം പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ ഗാർഹികാന്തരീക്ഷം ഏറക്കുറെ സമത്വസുന്ദരമാകുന്നതിന്റെ കണക്കുകളാണ് വരുന്നത്. 75 ശതമാനം പങ്കാളികളും പ്രധാന കുടുംബവിഷയങ്ങളിൽ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ‘കേരളപഠനം’ എന്ന സർവേ വ്യക്തമാക്കുന്നത്.
സാമ്പത്തികാവസ്ഥ, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുമായിരുന്നു പഠനം. ക്രൈസ്തവരിലാണ് ഈ ‘കൂട്ടായ്മ’ കൂടുതൽ കാണുന്നത്; അതും പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിൽ.
കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ പിന്നാക്ക ക്രിസ്ത്യൻ വിഭാഗ ദമ്പതിമാരിൽ 86.8 ശതമാനം പേർ കൂട്ടായ തീരുമാനമെടുക്കുന്നു. മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇത് 82.2 ശതമാനവുമാണ്. ഇവരിൽ പുരുഷൻമാർമാത്രമായി തീരുമാനിക്കുന്നത് 7.1 ശതമാനം മാത്രമാണ്. സ്ത്രീമാത്രം തീരുമാനമെടുക്കുന്നത് 6.1 ശതമാനവുമാണ്. മുന്നാക്ക വിഭാഗത്തിൽ ഇത് 12.4, 5.4 എന്നീ ക്രമത്തിലാണ്.
വീടുനിർമാണത്തിന്റെ കാര്യത്തിൽ 84.6 ശതമാനവും ഗാർഹിക ധനവിനിയോഗത്തിൽ 79.9 ശതമാനവും ക്രൈസ്തവ ദമ്പതിമാർ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നത്.
ഹിന്ദുവിഭാഗത്തിൽ മുന്നാക്കവിഭാഗക്കാരിലാണ് കൂടുതൽ കൂട്ടുത്തരവാദിത്വം കാണുന്നത്. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ പിന്നാക്കക്കാരിൽ 78.4 ശതമാനവും മുന്നാക്കത്തിൽ 79 ശതമാനവും കൂട്ടായാണ് തീരുമാനമെടുക്കുന്നത്. വീടുനിർമാണത്തിൽ ഇത് 76.6, 78.9 എന്നിങ്ങനെയും ഗാർഹിക ധനവിനിയോഗത്തിൽ 69, 70.2 എന്നിങ്ങനെയുമാണ്.
മുസ്‌ലിം ദമ്പതിമാൽ വിദ്യാഭ്യാസകാര്യങ്ങളിൽ 73.6 ശതമാനവും വീടുനിർമാണത്തിൽ 71.1 ശതമാനവും വീട്ടുചെലവിന്റെ കാര്യത്തിൽ 57.2 ശതമാനവും ദമ്പതികൾ കൂട്ടായാണ് തീരുമാനമെടുക്കുന്നത്. എസ്‌സി വിഭാഗത്തിൽ ഇത് യഥാക്രമം 76.5, 77.1, 70 എന്നിങ്ങനെയും എസ്ടി വിഭാഗത്തിൽ 58.5, 57.4, 58.5 എന്നിങ്ങനെയുമാണ്.
സാമ്പത്തികനിലവാരമനുസരിച്ച് കുടുംബങ്ങളെ നാലാക്കി തിരിച്ചായിരുന്നു പഠനം. ആളോഹരിവരുമാനം, ചെലവ്, ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥാവകാശം തുടങ്ങിയവയായിരുന്നു അടിസ്ഥാനം. സാമ്പത്തികമായി കൂടുതൽ ഭേദപ്പെടുന്നതിനനുസരിച്ച് ദമ്പതിമാർക്കിടയിലെ കൂട്ടുത്തരവാദിത്വം കൂടുന്നതായി പഠനം പറയുന്നു. 2004-നും 2019-നും ഇടയിൽ 5696 കുടുംബങ്ങളിലെ 28,038 വ്യക്തികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
Content Highlights: KSSP study says gender equality among Kerala families is improving