'ഞാന്‍ തിരികെ വരുമ്പോഴെല്ലാം ഒരു വീടിന്റെ തണല്‍ നീ ഒരുക്കി'; മഞ്ജിമയോട് ഗൗതം

ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും | Photo: instagram/ manjima mohan
ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും | Photo: instagram/ manjima mohan

കഴിഞ്ഞ വര്‍ഷം നവംബര്‍ 28-നാണ് താരങ്ങളായ മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ മഞ്ജിമയ്ക്ക് ഹൃദയം തൊടുന്ന ആശംസ പങ്കുവെച്ചിരിക്കുകയാണ് ഗൗതം.

ആഗ്രഹിച്ചതുപോലെ തന്നെ സ്വപ്‌നസമാനമായ കുടുംബജീവിതമാണ് തങ്ങളുടേതെന്നും ഒരു വര്‍ഷം മുഴുവന്‍ തന്നെ സഹിച്ചതിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍  ഗൗതം പറയുന്നു. മഞ്ജിമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഗൗതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഒരു വര്‍ഷം മുഴുവന്‍ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങള്‍. ഇത് കിറുക്കും കൗതുകവും നിറഞ്ഞ യാത്രയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓരോ നിമിഷവും ഓര്‍മയിലുണ്ട്. നമ്മള്‍ മുന്നോട്ടുവെച്ച ഓരോ ചുവടും ഒരുമിച്ചായിരുന്നു. നമ്മള്‍ ഒരുമിച്ചു വളര്‍ന്നു. ഈ വര്‍ഷം നീ എനിക്കായി ചെയ്ത എല്ലാ കാര്യത്തിനും നന്ദി. ഒരു വീടിന്റെ തണല്‍ നീ എനിക്കായി ഒരുക്കി. എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാനും കഴിയുന്ന ഒരിടം. ഞാന്‍ വിചാരിച്ചതിലുമപ്പുറം നീ എനിക്ക് ശക്തി പകര്‍ന്നു. എനിക്ക് ആത്മവിശ്വാസം പകര്‍ന്നുതന്നു. എന്റെ മനസിലെ ഇരുട്ട് നീക്കി നീ പ്രകാശം പകര്‍ന്നു. നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്. നീയാണ് എന്റെ ലോകം. നിന്നെ കണ്ടുമുട്ടുന്നതിന് മുമ്പ് നീയില്ലാതെ ഞാന്‍ എങ്ങനെ ജീവിച്ചിരുന്നതെന്ന് എനിക്ക് ഓര്‍ക്കാന്‍പോലും കഴിയുന്നില്ല.നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍'- ഗൗതം കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബാലതാരമായി അഭിനയം തുടങ്ങിയ മഞ്ജിമ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്. സാഫല്യം, പ്രിയം തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2015-ല്‍ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറി. നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 


 

Content Highlights: gautham karthik and manjima mohan celebrates first wedding anniversary