പ്രായത്തിന് ഇളയതായ ആളെ വിവാഹം ചെയ്തു;സെയ്ദ് എന്നേക്കാൾ കൂടുതൽ പക്വതയുള്ളയാൾ-മനസ് തുറന്ന് ഗൗഹർ ഖാൻ

ബോളിവുഡിലും ടെലിവിഷൻ ലോകത്തും ഒരുപോലെ ആരാധകരുള്ള വ്യക്തിയാണ് നടിയും മോഡലുമായ ഗൗഹർ ഖാൻ . തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും അഭിനയമികവ് കൊണ്ടും ശ്രദ്ധേയയായ ഗൗഹർ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഭർത്താവും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ സെയ്ദ് ദർബാറുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും, തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
വയസല്ല, പരസ്പര ധാരണയാണ് പ്രധാനം
2020 ഡിസംബറിലായിരുന്നു ഗൗഹർ ഖാനും പ്രശസ്ത സംഗീത സംവിധായകൻ ഇസ്മായിൽ ദർബാറിന്റെ മകനായ സെയ്ദ് ദർബാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. അന്നുമുതൽ തന്നെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾക്കൊന്നും തങ്ങളുടെ ബന്ധത്തിന്റെ ആഴം കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്ന് ഗൗഹർ വ്യക്തമാക്കി.
'എന്നേക്കാൾ ആറ് വയസ്സിന് ഇളപ്പമാണ് സെയ്ദ്. പക്ഷേ, സത്യം പറഞ്ഞാൽ പലപ്പോഴും എന്നേക്കാൾ ഏറെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്നത് അദ്ദേഹമാണെന്നും അവർ പറഞ്ഞു. പ്രായം എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്. രണ്ടു വ്യക്തികൾ തമ്മിലുള്ള പരസ്പര ബഹുമാനവും ധാരണയുമാണ് ഒരു ബന്ധത്തിന്റെ നട്ടെല്ല് . ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ സെയ്ദ് കാണിക്കുന്ന ശാന്തതയും ദിശാബോധവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടൈന്നും അവർ തുറന്നുപറഞ്ഞു.
ട്രോളുകൾക്കുള്ള മറുപടി
വിവാഹ സമയത്ത് സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകളെക്കുറിച്ചും താരം സംസാരിച്ചു. ഒരു പുരുഷൻ തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ചോദ്യം ചെയ്യാത്ത സമൂഹം, ഒരു സ്ത്രീ തന്നേക്കാൾ പ്രായം കുറഞ്ഞ പുരുഷനെ പങ്കാളിയാക്കുമ്പോൾ മാത്രം അതിൽ തെറ്റ് കണ്ടെത്താൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഗൗഹർ ചൂണ്ടിക്കാണിച്ചു.തങ്ങളുടെ പ്രണയത്തിലോ തീരുമാനങ്ങളിലോ കുടുംബങ്ങൾക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നും, മറ്റുള്ളവരുടെ അനാവശ്യ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാതെ സ്വന്തം സന്തോഷത്തിന് മുൻഗണന നൽകാനാണ് തങ്ങൾ തീരുമാനിച്ചതെന്നും ഗൗഹർ പറഞ്ഞു.
കുട്ടികളുടെ വരവോടെ തങ്ങളുടെ ജീവിതം കൂടുതൽ മനോഹരമായെന്നും, ഒരു അച്ഛൻ എന്ന നിലയിൽ സെയ്ദ് നൽകുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണെന്നും ഗൗഹർ സന്തോഷത്തോടെ പറഞ്ഞു. കരിയറും കുടുംബജീവിതവും ഒരുപോലെ ബാലൻസ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാൻ സെയ്ദ് നൽകുന്ന കരുത്ത് വലുതാണെന്നും അവർ പറഞ്ഞു.
Content Highlights: Gauahar Khan discusses her marriage with Zaid Darbar, who is six years younger., She highlights mutual understanding and maturity as the foundation of their relationship., Addressed societal double standards regarding age gaps in marriages., Shared joy about welcoming their baby in May 2023 and balancing family life.