ഫുകുഷിമയിലെ ആണവമാലിന്യം കലര്‍ന്ന മണ്ണുകൊണ്ട് ജപ്പാന്‍ പ്രധാനമന്ത്രി പൂന്തോട്ടമുണ്ടാക്കുന്നു

ടോക്യോ: പതിന്നാലു വര്‍ഷംമുന്‍പ് ആണവദുരന്തമുണ്ടായ ഫുകുഷിമ നിലയത്തിന്റെ വളപ്പില്‍നിന്നുള്ള മണ്ണുകൊണ്ട് പൂന്തോട്ടമുണ്ടാക്കാന്‍ ജപ്പാന്റെ പ്രധാനമന്ത്രി ഷിഗേരു ഇഷിബ. അതിനായി ഫുകുഷിമനിലയത്തിന്റെ ചുറ്റുവട്ടത്തുനിന്നുള്ള ആണവമാലിന്യം കലര്‍ന്ന മണ്ണ് ശനിയാഴ്ച ടോക്യോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളപ്പിലെത്തിച്ചു. നിലയപരിസരത്തെ മണ്ണ് വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് നടപടി.
2011-ലെ ഭീമന്‍ സുനാമിയിലാണ് ഫുകുഷിമനിലയത്തില്‍ ആണവദുരന്തമുണ്ടായത്. വികിരണത്തോത് കുറയ്ക്കുന്നതിനായി നിലയപരിസരത്തെ മേല്‍മണ്ണെല്ലാം അധികൃതര്‍ നീക്കം ചെയ്തിരുന്നു. 140 കോടി ഘന മീറ്റര്‍ മണ്ണ് അന്നുമുതല്‍ ഫുകുഷിമ ദെയ്ച്ചി പ്ലാന്റിനു സമീപം കൂട്ടിയിട്ടിരിക്കുകയാണ്. 2045-നകം ഈ മണ്ണ് രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഒരു വര്‍ഷം ഒരു എക്സ് റേ എടുക്കുമ്പോഴുണ്ടാകുന്ന വികിരണത്തോതിന് തുല്യമോ അതില്‍ത്താഴെയോ അണുവികിരണമേ ഈ മണ്ണിലുള്ളൂവെന്ന് ജാപ്പനീസ് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതിനിടെ ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഇഷിബയുടെ സഖ്യസര്‍ക്കാരിന് പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നാണ് പ്രവചനങ്ങള്‍.
Content Highlights: fukushima soil used at japanese prime ministers office to prove safety