വിവാഹത്തിന് നിര്‍ബന്ധിച്ച് വീട്ടുകാര്‍, ഒടുവില്‍ വീട് വിട്ടിറങ്ങി; ഇന്ന് പിസിഎസ് ഓഫീസര്‍

സ്വന്തം കാലില്‍ നില്ക്കാന് ത്രാണിയുള്ളപ്പോള് മാത്രമേ വിവാഹം കഴിക്കൂ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവരുണ്ട്. എന്നാല്‍ വീട്ടുകാരുടെ അടിച്ചേല്‍പ്പിക്കലുകള്‍ക്ക് മുന്നില്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ സ്വപ്നങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തിലേ വിവാഹത്തിന് സമ്മതം മൂളുന്നവരുമുണ്ട്. എന്നാല്‍ ഒന്നിനു മുന്നിലും തന്റെ സ്വപ്നങ്ങള്‍ അടിയറവു വെക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയ മീററ്റ് സ്വദേശിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയാണ് സഞ്ജു എന്ന പെണ്‍കുട്ടി. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ സഹോദരിയെ വിവാഹം കഴിപ്പിച്ചതുപോലെ സഞ്ജുവിന്റെ കാര്യത്തിലും ചെയ്യാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. സഞ്ജു പ്രതിഷേധം പ്രകടിപ്പിച്ചപ്പോഴെല്ലാം വീട്ടുകാരുടെ എതിര്‍പ്പും നേരിടേണ്ടിവന്നു. അതൊന്നും വകവെക്കാതെ സഞ്ജു ബിരുദം പൂര്‍ത്തിയാക്കി. ഇതോടെ വീണ്ടും വിവാഹം കഴിക്കാനുള്ള നിര്‍ബന്ധങ്ങള്‍ ഏറിവന്നു. അങ്ങനെയാണ് താന്‍ വീട് വിടാന്‍ തീരുമാനിച്ചതെന്ന് ആജ് തകിനോട് സഞ്ജു പറഞ്ഞു.
സാമ്പത്തികമായി സ്വതന്ത്രയാവാന്‍ ചെറിയ കുട്ടികള്‍ക്ക് ട്യൂഷനെടുത്തു തുടങ്ങി, ഒപ്പം ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് ചേരുകയും ചെയ്തു. ഇതിനിടയിലെല്ലാം സഞ്ജു പിസിഎസ്( പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്) നു പരിശീലിക്കുന്നുമുണ്ടായിരുന്നു. 2013 മുതല്‍ പരിശീലനം തുടങ്ങിയ സഞ്ജു ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ സ്വപ്നം കണ്ടത് നേടിയെടുക്കുക തന്നെ ചെയ്തു.
സ്ത്രീയുടെ കഴിവുകളെ കുറച്ചു കാണിക്കുന്ന സമൂഹത്തിനുള്ള ചുട്ടമറുപടിയാണ് സഞ്ജുവിന്റെ വിജയം എന്ന് ഗുരു അഭിഷേക് ശര്‍മ പറഞ്ഞു.
ഇന്ന് പരീക്ഷ പാസായി പിസിഎസ് ഓഫീസറായിരിക്കുകയാണ് സഞ്ജു. ഇനി യുപിഎസ്സിക്കു വേണ്ടി തയ്യാറെടുക്കാനും ഭാവിയിലെ കളക്ടറാകാനുമാണ് സഞ്ജുവിന്റെ ആഗ്രഹം.
Content Highlights: Family Forces Meerut Girl To Get Married, She Leaves Home & Becomes A PCS Officer
Content Highlights: