ആസ്വദിച്ച് ജീവിക്കൂ, പ്രണയിക്കൂ; പെൺമക്കൾക്കുള്ള എറിക് ഡെയ്നിന്റെ അവസാന സന്ദേശം

#Lifestyle Desk
എറിക് ഡേൻ മക്കൾക്കൊപ്പം | Photo: Gettyimages
എറിക് ഡേൻ മക്കൾക്കൊപ്പം | Photo: Gettyimages

നാഡീകോശങ്ങൾ ക്ഷയിക്കുന്ന അമിയോട്രോപിക് ലാറ്ററൽ സ്‌ക്ളീറോസിസ്(എ.എൽ.എസ്.) എന്ന രോഗം ബാധിച്ചാണ് ഗ്രെയ്‌സ് അനാട്ടമി, യൂഫോറിയ എന്നീ പരമ്പരകളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ എറിക് ഡെയിൻ(53) അന്തരിച്ചത്. ഫെബ്രുവരി 19-നായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തിയുള്ള വിയോഗം.

തന്റെ വേർപാടിന് മുൻപ്, നെറ്റ്ഫ്ലിക്സിലെ 'ഫേമസ് ലാസ്റ്റ് വേർഡ്സ്' എന്ന പരിപാടിയിൽ തന്റെ പെൺമക്കളായ ബില്ലിക്കും ജോർജിയയ്ക്കും വേണ്ടി അദ്ദേഹം നൽകിയ അവസാന സന്ദേശം ഏവരുടെയും ഹൃദയം തൊടുന്ന ഒന്നായിരുന്നു. ജീവിതത്തെ എങ്ങനെ കാണണമെന്ന് അദ്ദേഹം ലോകത്തിനായി നൽകുന്ന സന്ദേശങ്ങൾ കൂടിയാണിത്. 

  1. വർത്തമാനകാലം മാത്രമേ നിങ്ങളുടെ പക്കലുള്ളൂ – നിങ്ങൾ ഇപ്പോൾ ജീവിക്കുക, ഈ നിമിഷത്തിൽ, വർത്തമാനകാലത്തിൽ. അതത്ര എളുപ്പമല്ല, പക്ഷേ ഞാനത് പഠിച്ചു. വർഷങ്ങളോളം ഞാൻ മാനസികമായി അലയുകയായിരുന്നു. ദീർഘനേരം ആലോചനകളിൽ മുഴുകി, സ്വയം സഹതപിച്ചു, ലജ്ജിച്ചു, സംശയിച്ചു. ഞാൻ എടുത്ത തീരുമാനങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും എന്നെത്തന്നെ സംശയിക്കുകയും ചെയ്യുമായിരുന്നു. ഇനി അതൊന്നുമില്ല. അതിജീവനത്തിനായി ഞാൻ വർത്തമാനകാലത്തിൽ ജീവിക്കാൻ നിർബന്ധിതനായിരിക്കുകയാണ്. ഭൂതകാലം ഖേദങ്ങൾ നിറഞ്ഞതാണ്. ഭാവി അജ്ഞാതമായി നിലകൊള്ളുന്നു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ജീവിക്കണം. വർത്തമാനകാലം മാത്രമാണ് നിങ്ങളുടെ പക്കലുള്ളത്. അതിനെ വിലമതിക്കുക. ഓരോ നിമിഷത്തെയും സ്നേഹപൂർവം നെഞ്ചിലേറ്റുക."
  2. പ്രണയത്തിലാവുക- അത് ഒരു വ്യക്തിയോടു തന്നെ വേണമെന്നില്ല. പക്ഷെ ഞാൻ അതും നിങ്ങളോട് പറയുന്നു. എന്തിനോടെങ്കിലും നിങ്ങൾക്ക് പ്രണയം തോന്നണം. നിങ്ങളുടെ പാഷനും സന്തോഷവും തിരിച്ചറിയണം. രാവിലെ എഴുന്നേൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതും ദിവസം മുഴുവൻ നിങ്ങളെ നയിക്കുന്നതുമായ ഒന്ന് കണ്ടെത്തണം. നിങ്ങളുടെ പ്രായമുള്ളപ്പോഴാണ് ഞാൻ ആദ്യമായി പ്രണയത്തിലായത്. അഭിനയത്തോടായിരുന്നു  പ്രണയം. ആ സ്നേഹമാണ് എന്റെ ഇരുട്ട് നിറഞ്ഞ മണിക്കൂറുകളിലൂടെയും ദിവസങ്ങളിലൂടെയും വർഷങ്ങളിലൂടെയും എന്നെ കൈപിടിച്ച് നടത്തിയത്. ഇപ്പോഴും ഞാൻ എന്റെ ജോലിയെ സ്നേഹിക്കുന്നു. ഇപ്പോഴും അതിനായി കാത്തിരിക്കുന്നു. ഇപ്പോഴും ക്യാമറയ്ക്ക് മുന്നിലെത്തി എന്റെ ഭാഗം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്റെ ജോലി എന്നെ നിർവചിക്കുകയല്ല, പക്ഷെ അത് എന്നിൽ ആവേശഭരിതനാക്കുകയാണ്. നിങ്ങളെ ആവശഭരിതരാക്കുന്ന എന്തെങ്കിലും കണ്ടെത്തണം, നിങ്ങളുടെ മാർഗവും സ്വപ്നവും തിരിച്ചറിയണം. എന്നിട്ട് അതിനായി ഇറങ്ങിപ്പുറപ്പെടണം, പരിശ്രമിക്കണം.
  3. സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് പറ്റിയ ആളുകളെ കണ്ടെത്തുക, നിങ്ങളെ കണ്ടെത്താൻ അവരെ അനുവദിക്കുക. ശേഷം അവർക്കായി നിങ്ങളെ തന്നെ സമർപ്പിക്കുക. അവരിൽ മികച്ചയാളുകൾ വിമർശനങ്ങളില്ലാതെ, നിബന്ധനകളില്ലാതെ, ചോദ്യങ്ങളില്ലാതെ അത് നിങ്ങൾക്ക് തിരികെ നൽകും. എന്റെ പ്രിയപ്പെട്ട കുടുംബത്തോടും സുഹൃത്തുക്കളോടും എനിക്കേറെ നന്ദിയുണ്ട്. ഓരോരുത്തരും മുന്നോട്ടുവന്നു. ഞാൻ ചെയ്തിരുന്ന ചെറിയ കാര്യങ്ങൾ പോലും എനിക്ക് ചെയ്യാൻ കഴിയുന്നില്ല. വാഹനമോടിക്കാനാവുന്നില്ല, ജിമ്മിൽ പോവാനും കോഫി കഴിക്കാൻ പോവാനും ചുറ്റിക്കറങ്ങാനും സാധിക്കുന്നില്ല. എന്നാൽ അതിന് പകരം മറ്റുള്ള കാര്യങ്ങളെ പുൽകാൻ ഞാൻ പഠിച്ചു. എന്റെ സുഹൃത്തുക്കൾ എന്നെ കാണാൻ വന്നു. അവർക്കൊപ്പം ഭക്ഷണം കഴിച്ചു, ഗെയിം കളിച്ചു, പാട്ടുകൾ കേട്ടു. അവർ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല, പക്ഷെ അവർ അവരുടെ സാന്നിധ്യമറിയിച്ചു. അത് വലിയ കാര്യമാണ്, ഒപ്പമുണ്ടാവുക. എല്ലാംകൊണ്ടും നിങ്ങളവരെ സ്നേഹിക്കുക. അവരെ ചേർത്തുപിടിക്കുക, അവർ നിങ്ങൾക്ക് വിനോദം നൽകും, വഴി കാണിക്കും, സഹായിക്കും പിന്തുണയ്ക്കും, നിങ്ങളെ സംരക്ഷിക്കും.
  4. നിങ്ങളുടെ സർവ്വശക്തിയുമെടുത്ത് അന്തസ്സോടെ പോരാടുക. ആരോഗ്യപരമോ മറ്റോ ആയ വെല്ലുവിളികൾ നേരിടുമ്പോൾ പോരാടുക. ഒരിക്കലും തളരരുത്. അവസാന ശ്വാസം വരെ പോരാടുക. ഈ രോഗം എന്റെ ശരീരത്തെ സാവധാനം കീഴ്‌പ്പെടുത്തുന്നുണ്ടാവാം, പക്ഷേ അത് ഒരിക്കലും എന്റെ ആത്മവീര്യത്തെ തകർക്കില്ല. നിങ്ങൾ രണ്ടുപേരും വ്യത്യസ്തരായ വ്യക്തികളാണ്, രണ്ടുപേരും ശക്തരും അതിജീവന ശേഷിയുള്ളവരുമാണ്. ആ അതിജീവനശേഷി നിങ്ങൾക്ക് എന്നിൽനിന്ന് ലഭിച്ചതാണ്. അതാണെന്റെ സൂപ്പർ പവർ. അപ്രതീക്ഷിതമായി എന്തെങ്കിലും നിങ്ങളെ ബാധിച്ചാൽ തീർച്ചയായും അതുണ്ടാകും, കാരണം അതാണ് ജീവിതം. അതിനെ സത്യസന്ധതയോടും ആർജവത്തോടും മാന്യതയോടും കൂടി നേരിടുക, അത് മറികടക്കാൻ കഴിയാത്തതാണെന്ന് തോന്നിയാൽ പോലും.

“പെൺകുട്ടികളേ, നിങ്ങൾ അഭിമാനത്തോടെ തല ഉയർത്തി നിന്ന് പോരാടുക. ബില്ലി, ജോർജിയ, നിങ്ങളാണ് എന്റെ ഹൃദയം. എനിക്ക് എല്ലാമെല്ലാം നിങ്ങളാണ്. ശുഭരാത്രി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഇവയാണ് എന്റെ അവസാന വാക്കുകൾ," -എറിക് ഡെയ്ൻ അവസാനിപ്പിച്ചു.

തന്റെ കുട്ടിക്കാലത്തെ വെല്ലുവിളികളും, ലഹരിയോടുള്ള പോരാട്ടവും, തന്നെ കാർന്നുതിന്നുന്ന എ.എൽ.എസ് രോഗത്തെക്കുറിച്ചുമെല്ലാം ആ അഭിമുഖത്തിൽ അദ്ദേഹം തുറന്നു സംസാരിച്ചു. മക്കൾക്കും ഭാര്യക്കുമൊപ്പം ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ സ്വർഗ്ഗീയമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.  

എറിക് ഡെയ്നിന്റെ മരണത്തെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഗ്രേസ് അനാട്ടമി എന്ന ടിവി ഡ്രാമയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ എറിക് എഎൽഎസ് ബാധിച്ച് പത്തുമാസത്തിനുള്ളിലാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ തനിക്ക് എഎൽസ് സ്ഥിരീകരിച്ച വിവരം ‌എറിക് വെളിപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് നടൻ മരിച്ചതെന്ന് കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Content Highlights: "Live in the Moment": Eric Dane's Heartbreaking Last Message to His Daughters Before Death