'അവനേക്കാള്‍ നന്നായി 'ഹിസി'ലെ പാമ്പിന് ചുംബിക്കാനാകും';20 വര്‍ഷത്തെ ശത്രുത മറന്ന് ഇമ്രാനും മല്ലികയും

2004-ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവതുമാണ് നായികാ നായകന്‍മാരെത്തിയത്. അന്ന് ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തിന് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ 20 വര്‍ഷത്തോളം നീണ്ടുനിന്ന ശത്രുത മറന്ന് ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തിയിരിക്കുകയാണ്. നിര്‍മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ വേദിയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. തന്നോട് സംസാരിച്ച ഇമ്രാനെ മല്ലിക കെട്ടിപ്പിടിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനുശേഷം വീണ്ടും സുഹൃത്തുക്കളായതിനെ കുറിച്ച് ഇമ്രാന്‍ പ്രതികരിക്കുകയും ചെയ്തു. 'വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടിക്കാഴ്ച്ച. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പവും വിഡ്ഢികളുമായിരുന്നു. ആലോചിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയൊന്നുമുണ്ടായിരുന്നില്ല. എല്ലാം എടുത്തുചാടി ചെയ്യുന്ന പ്രായമായിരുന്നു. മല്ലിക ചിലത് പറഞ്ഞു, ഞാനും മറ്റു ചില കാര്യങ്ങള്‍ പറഞ്ഞു. അതൊക്കെ ഇപ്പോള്‍ ഞങ്ങള്‍ മറന്നു. അവരെ കണ്ടപ്പോള്‍ വളരേയധികം സന്തോഷം തോന്നി.' ഇമ്രാന്‍ ഹാഷ്മി പറയുന്നു.
സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന 'കോഫി വിത്ത് കരണ്‍' ഷോയില്‍ മല്ലികയെ പരിഹസിക്കുന്ന രീതിയില്‍ ഇമ്രാന്‍ സംസാരിച്ചിരുന്നു. ഏറ്റവും മോശമായ രീതിയില്‍ ചുംബിക്കുന്ന വ്യക്തി എന്നാണ് മല്ലികയെ ഇമ്രാന്‍ വിശേഷിപ്പിച്ചത്. മല്ലികയുടെ ആത്മകഥയ്ക്ക് കൊടുക്കാവുന്ന തലക്കെട്ടിനെ കുറിച്ച് കരണ്‍ ചോദിച്ചപ്പോള്‍ 'ഹോളിവുഡില്‍ വിജയിക്കാനുള്ള ഒരു വിഡ്ഢിയുടെ വഴികാട്ടി' എന്നാണ് ഇമ്രാന്‍ മറുപടി പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുകയും ചെയ്തു.
ഇതിന് പിന്നാലെ ഇമ്രാന് മറുപടിയുമായി മല്ലികയും രംഗത്തെത്തി. ഇമ്രാനുമായുള്ള ചുംബന രംഗത്തെ തന്റെ സിനിമയായ ഹിസ്സിലെ പാമ്പുമായാണ് മല്ലിക ഉപമിച്ചത്. ഹിസ്സിലെ പാമ്പിന് ഇമ്രാനേക്കാള്‍ മികച്ച രീതിയില്‍ ചുംബിക്കാന്‍ കഴിയുമെന്നായിരുന്നു മല്ലികയുടെ മറുപടി.
Content Highlights: emraan hashmi on feud with murder co star mallika sherawat