1454 അടി മുകളിൽ യുദ്ധത്തിനെതിരെ പ്രതിഷേധം,പിന്നാലെ വിവാഹാഭ്യർഥന;യുഎസിനെ ഞെട്ടിച്ച് റഷ്യൻ ദമ്പതിമാർ

#ലൈഫ്സ്റ്റൈൽ ഡെസ്ക്

ന്യൂയോർക്ക് പശ്ചാത്തലമായ പല ഹോളിവുഡ് സിനിമകളിലും ഒരു പ്രധാന കഥാപാത്രമായി എംപയർ സ്റ്റേറ്റ് ബിൽഡിങ് വരാറുണ്ട്. റോമാന്റിക് കോമഡി സിനിമകളിൽ പ്രണയിക്കുന്നവർ അവസാനം കണ്ടുമുട്ടുന്ന ഇടമാണ് കെട്ടിടത്തിന്റെ മുകൾനില. സ്ലീപ്പ്‌ലെസ് ഇൻ സിയാറ്റിൽ (1993), അൻ അഫയർ ടു റിമംബർ (1957) എന്നീ സിനിമകൾക്ക് ശേഷം അതൊരു പ്രണയപ്രതീകമായിത്തന്നെ മാറിയിരുന്നു. ഇപ്പോൾ ഈ കെട്ടിടത്തിനുമുകളിൽ നടന്ന ഒരു പ്രതിഷേധവും പിന്നാലെയെത്തിയ ഒരു വിവാഹാഭ്യർഥനയുമാണ് വൈറലായിരിക്കുന്നത്. അനുമതിയില്ലാതെ കാണിച്ച സാഹസം പോലീസ് അറസ്റ്റിൽ വരെ എത്തി.

ആഞ്ജല നിക്കോളാവ്, വാന്യ ബീർക്കസ് എന്നീ റഷ്യൻ സ്വദേശികളാണ് സമാധാനസന്ദേശവുമായി കെട്ടിടത്തിന്റെ മുകളിലെ ട്രാൻസ്മിഷൻ ടവറിൽ കയറിയത്. കറുത്ത വസ്ത്രവും മുഖാവരണവും ധരിച്ചിരുന്ന ഇവർ മുകളിലെ ഇടുങ്ങിയ ആന്റിനയിൽ കയറിനിന്ന് സോഷ്യൽ മീഡിയയിലൂടെ ഇത് ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. ആന്റിനയുടെ അറ്റത്തെ ചുവന്ന ബീക്കൺ ലൈറ്റിനരികിൽ നിന്ന് അവർ കയ്യിലുണ്ടായിരുന്ന ബാനർ ഉയർത്തിക്കാണിച്ചു - "when the power of love beats the love of power the world knows peace." പ്രണയത്തിന്റെ ശക്തി അധികാരത്തോടുള്ള പ്രണയത്തെ തോൽപ്പിക്കുമ്പോൾ ലോകം സമാധാനമെന്തെന്നറിയും.

ബുധനാഴ്ച ഉച്ചയ്ക്ക് സന്ദർശകർ നോക്കിനിൽക്കേ ഒബ്‌സർവേഷൻ ഡെക്കിൽനിന്ന് ടവറിന് മുകളിലേക്ക് ഇവർ കയറുകയായിരുന്നു. ഇടയ്ക്കുവെച്ച് ഇവരിലൊരാൾ അല്പനേരത്തേക്ക് താഴേക്കിറങ്ങിയെങ്കിലും തിരിച്ചുകയറി. ആന്റിനയ്ക്ക് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പന്ത്രണ്ടരയോടെ അവർ തിരിച്ച് ടവറിന്റെ താഴെയുള്ള പ്‌ളാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ തുടങ്ങി. യുദ്ധത്തിനെതിരെയുള്ള പ്രതിഷേധം അവിടെ വെച്ച് വിവാഹാഭ്യർഥനയിലേക്ക് വഴിമാറി. ആഞ്ജലയ്ക്കുമുന്നിൽ വാന്യ മുട്ടുകുത്തി നിന്നു. അവൾ അഭ്യർഥന സ്വീകരിച്ചതോടെ പരസ്പരം ആശ്ലേഷിച്ച് അവർ ചുംബിച്ചു. തന്റെ മാസ്ക് ഉയർത്തിക്കൊണ്ടാണ് ആഞ്ജല ഇത് ആഘോഷിച്ചത്.

എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനു മുകളിൽ കയറിയ ദൃശ്യങ്ങൾ പിന്നീട് ആഞ്ജല നിക്കോളാവ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. സ്വത്വവും ഭയവും സ്വാതന്ത്ര്യവും അന്വേഷിക്കുന്ന ഒരു നിയോ-ആർട്ടിസ്റ്റ് എന്നാണ് ആഞ്ജല സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തെ പല ഉയരം കൂടിയ നിർമിതികളിലും വാന്യയോടൊപ്പം കയറുന്ന ദൃശ്യങ്ങൾ ആഞ്ജല തന്റെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ സാൻ ഫ്രാൻസിസ്‌കോയിലെ ബേ ബ്രിഡ്ജും ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടമായ മെർഡെക 118 നും ഉൾപ്പെടുന്നു. 2024ൽ പുറത്തിറങ്ങിയ സ്കൈവാക്കേഴ്സ്: എ ലവ് സ്റ്റോറി എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ അർബൻ ക്ലൈംബേഴ്സ് ആയി ഇരുവരെയും അവതരിപ്പിച്ചിട്ടുണ്ട്‌.

പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത കെട്ടിടത്തിന്റെ റേഡിയോ, ടെലിവിഷൻ ടവറിലേക്ക് ഇവരെങ്ങനെ കയറിപ്പറ്റി എന്ന കാര്യം വ്യക്തമല്ല. പോലീസ് എത്തിയതോടെ സുരക്ഷ ഉറപ്പുവരുത്താൻ ഒബ്‌സർവേഷൻ ഡെക്കിൽനിന്നും പരിസരത്തെ തെരുവുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ന്യൂയോർക്ക് പോലീസ് ഹെലികോപ്റ്ററിലും പരിസരം വീക്ഷിച്ചു. ഇരുവരെയും അനിഷ്ടസംഭവങ്ങൾ ഒന്നും ഇല്ലാതെ തന്നെ കസ്റ്റഡിയിൽ എടുത്തു. ഇത് അനധികൃതമായി സംഭവിച്ചതാണെന്നും ഒബ്‌സർവേഷൻ ഡെക്കിൽ വെച്ച് വിവാഹാഭ്യർഥന നടത്താൻ താത്പര്യമുള്ളവർക്ക് ആയിരം ഡോളറിന്റെ 'ഹാപ്പിലി എവർ എംപയർ പ്രൊപ്പോസൽ പാക്കേജ്' ലഭ്യമാണെന്നും എംപയർ സ്റ്റേറ്റ് ബിൽഡിങ് വക്താവ് വ്യക്തമാക്കി.

മതിയായ പരിശീലനം ഇല്ലാതെ കെട്ടിടത്തിനു മുകളിൽ കയറുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ടവറിന്റെ ഭാഗത്ത് റേഡിയോ, ടെലിവിഷൻ പ്രസരണങ്ങളും ഉയർന്ന നിലയിൽ വൈദ്യുതിയും ഉണ്ടെന്നും മുൻ സി.ബി.എസ്. ന്യൂയോർക്ക് ചീഫ് എൻജിനിയർ ജോൺ ക്ലാരി മുന്നറിയിപ്പ് നൽകി. ചെറിയ അശ്രദ്ധ വലിയ അപകടത്തിന് കാരണമാകുന്നതിനാൽ അതിതീവ്രമായ പരിശീലനം നൽകിയാണ് ടവറിന് മുകളിൽ വിദഗ്ധർ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റിനയിലേക്ക് കയറിയവർ സുരക്ഷാ ഉപകരണങ്ങളൊന്നും ധരിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ആഞ്ജല നിക്കോളാവിന്റെ പിതാവും റഷ്യൻ സർക്കസ് കലാകാരനുമായ ദിമിത്രി നിക്കോളാവ് മകൾക്ക് പൂർണ പിന്തുണ നൽകി രംഗത്തുവന്നു.

'ഏത് മേൽക്കൂരയിലും കയറാൻ ഏതൊരു രാജ്യത്തെയും ഭരണഘടന സമ്മതിക്കുന്നുണ്ട്, അതിൽ അമേരിക്കയും പെടും.' റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മകളുടെ കാര്യത്തിൽ ഭയമില്ലേ എന്ന് ചോദിച്ചപ്പോൾ താനും അത് ചെയ്യുന്നതാണ്, എന്തിനു ഭയക്കണമെന്നായിരുന്നു മറുപടി.

ഇതാദ്യമായല്ല എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനു മുകളിൽ ഒരാൾ കയറുന്നത്. 2023ൽ നടനും സംഗീതജ്ഞനുമായ ജെറഡ് ലെറ്റോ തന്റെ തേർട്ടി സെക്കന്റ്‌സ് ടു മാർസ് ടൂറിന്റെ പ്രചാരണത്തിനായി കെട്ടിടത്തിനു മുകളിൽ കയറിയിരുന്നു. എന്നാൽ അധികൃതരുടെ അറിവോടെയായിരുന്നു ഇത്.

1994 ൽ ഫ്രഞ്ച് സ്‌പൈഡർമാൻ എന്നറിയപ്പെട്ടിരുന്ന അലെയ്ൻ റോബർട്ട് സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ലാതെ കെട്ടിടത്തിനു മുകളിൽ കയറിയിരുന്നു. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Russian urban climbers Angela Nikolau and Vanya Beerkus were arrested by the NYPD after illegally scaling the Empire State Building's antenna to stage an anti-war protest that culminated in a dramatic, viral marriage proposal.