യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിക്കുമ്പോഴായിരുന്നു സെലന്‍സ്‌കിയുടെ ഫോട്ടോഷൂട്ട്; വിമര്‍ശിച്ച് മസ്‌ക്

സെലന്‍സ്‌കിയുടെ വോഗ് ഫോട്ടോഷൂട്ട്/  ഇലോണ്‍ മസ്‌ക്‌ | Photo: instagram/ vogue/ AP
സെലന്‍സ്‌കിയുടെ വോഗ് ഫോട്ടോഷൂട്ട്/ ഇലോണ്‍ മസ്‌ക്‌ | Photo: instagram/ vogue/ AP

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയെ വിമര്‍ശിച്ച് ടെസ്‌ല സി.ഇ.ഒയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌ക്. 2022-ല്‍ പുറത്തുവന്ന സെലന്‍സ്‌കിയുടെ 'വോഗ്' ഫോട്ടോഷൂട്ടിനെയാണ് മസ്‌ക് വിമര്‍ശിച്ചത്. യുദ്ധഭൂമിയില്‍ കുട്ടികള്‍ മരിച്ചുവീഴുന്ന സമയത്താണ് സെലന്‍സ്‌കി ഇത് ചെയ്തതെന്ന് വോഗ് മാസികയുടെ പഴയ കവര്‍ചിത്രം പങ്കുവെച്ച് മസ്‌ക് എക്സില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് മസ്‌കിന്റെ പോസ്റ്റ്. 

സെലന്‍സ്‌കിയുടെ ഭാര്യ ഒലേനയും ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ അന്നീ ലെയിബോവിറ്റ്സാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. 'ധീരതയുടെ ഛായാചിത്രം' എന്ന ക്യാപ്ഷനോടെയാണ് ഇരുവരേയും മാഗസിന്റെ കവര്‍ചിത്രമായി അവതരിപ്പിച്ചിരുന്നത്. പ്രസിഡന്റിന്റെ ഓഫീസില്‍ ഒലേന സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റേയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. 

ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് അന്നുതന്നെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ലോറന്‍ ബോബേര്‍ട്ട്, ടെക്‌സാസ് കോണ്‍ഗ്രസ് അംഗം മായ്‌റ ഫ്‌ളോറസ് എന്നിവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുക്രൈന് 60 ബില്ല്യണ്‍ ഡോളര്‍ സഹായം യു.എസ്. നല്‍കുമ്പോള്‍ സെലന്‍സ്‌കി ഫോട്ടോഷൂട്ടിന്റെ തിരക്കിലാണെന്നും ആ സഹായം ഇനി ആവശ്യമുണ്ടോയെന്നും ആയിരുന്നു ഇരുവരും ചോദിച്ചത്. 

ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ഒലേന വോഗ് മാഗസിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ പുറത്തിറങ്ങിയ പതിപ്പിലാണ് അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചത്.

Content Highlights: elon musk shreds ukraines zekensky over old vogue shoot