'പുതപ്പിന്റെ മറവില്‍ സംസാരിക്കുന്നതില്‍ സങ്കടമുണ്ട്, ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിയാവുന്നു'

ഡോ.എലിസബത്ത് ഉദയന്‍ | Photo: facebook/ Elizabeth Udayan
ഡോ.എലിസബത്ത് ഉദയന്‍ | Photo: facebook/ Elizabeth Udayan

ടന്‍ ബാലയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മുന്‍ പങ്കാളി ഡോ.എലിസബത്ത് ഉദയന്‍ രംഗത്തെത്തിയിരുന്നു. ബാലയെ വിവാഹം ചെയ്തശേഷം താന്‍ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ചാണ് എലിസബത്ത് തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ ബാല പരാതി നല്‍കുകയും ചെയ്തിരുന്നു. 

തന്റെ യുട്യൂബ് ചാനലിലൂടെ അഞ്ചില്‍ അധികം വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരുന്നത്. ബാലയ്ക്ക് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചും ഭക്ഷണം പോലും നല്‍കാതെ ബാല തന്നെ പട്ടിണിക്കിട്ടതിനെ കുറിച്ചുമെല്ലാം എലിസബത്ത് വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് എലിസബത്ത്. തന്റെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ചിലതൊക്കെ കേള്‍ക്കുമ്പോള്‍ പേടി തോന്നുന്നുവെന്നും എലിസബത്ത് പറയുന്നു. ഒരു പുതപ്പിന്റെ മറവിലിരുന്ന് ഇരുട്ടില്‍ നിങ്ങള്‍ക്ക് മുന്നില്‍ മുഖം കാണിക്കാതെ കാര്യങ്ങള്‍ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും എലിസബത്ത് വ്യക്തമാക്കുന്നു.

Read More: 'ഞാന്‍ ചോദിക്കുമ്പോള്‍ ഇയാളുടെ അമ്മ പറയും, അവര്‍ സിനിമാക്കാരല്ലേ, ഡിസ്‌കഷന്റെ ഭാഗമാണ് ഇതെല്ലാമെന്ന്'

'ഞാന്‍ സേഫ് ആണെന്നൊക്കെ പറഞ്ഞ് സാധാരണപോലെ വീഡിയോ ചെയ്യണമെന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ അതിന് പറ്റുന്നില്ല. കുറേ കാര്യങ്ങളും ചതികളും പിന്നില്‍ നടക്കുന്നുണ്ട്. അതൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ശരിക്കും എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് വേണ്ടി ആത്മാര്‍ഥമായി ചിലരെഴുതുന്ന കമന്റുകള്‍ ഇപ്പോഴും കാണാറുണ്ട്. അതിന് ഒത്തിരി നന്ദിയുണ്ട്. പിന്നെ പല ആളുകളും അന്ന് ഇതിനെപ്പറ്റി പറഞ്ഞിട്ട് പിന്നീട് മറന്നു. എല്ലാവരും അങ്ങനെയാണ്. ഏതെങ്കിലും ഒരാളുടെ ജീവിതത്തിലൊരു പ്രശ്നം ഉണ്ടായി. അതിനെ കുറിച്ച് കുറേ സംസാരിച്ച ശേഷം വേറെ പല കാര്യങ്ങളും വരുന്നതോടെ അത് മറക്കും.

Read More: 'കൈയിലും ചുണ്ടിലും ചോരവന്ന ഫോട്ടോകള്‍ എടുത്തിരുന്നു,അന്ന് പ്രചരിപ്പിച്ചത് 25ലക്ഷം മോഷ്ടിച്ചുവെന്ന്'

എന്നെ ബാധിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കുറേ പ്രശ്നങ്ങളുണ്ട്. വീണ്ടും വീണ്ടും പുതിയ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാവുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താണ് ഉണ്ടാവകുയെന്നും അറിയില്ല. നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടിയാല്‍ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാല്‍ നമ്മള്‍തന്നെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും.

കുറേ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ വീഡിയോയിലൂടെ പറയണമെന്ന് തോന്നി. ഞാന്‍ ഇത്രയും കാലം വിചാരിച്ചതിനെക്കാളും കൂടുതല്‍ കണക്ഷന്‍സും ഇടപെടലുകളും വരുന്നുണ്ട്. ഇതൊന്നും ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. എല്ലാവരും അറിഞ്ഞ് നടക്കുന്ന സംഭവങ്ങളാണെന്ന് തോന്നുന്നു. അതോണ്ട് പ്രധാനമായിട്ടും എന്റെ വായ പൊത്തുകയാണ് ലക്ഷ്യം. ഇനി ആരെങ്കിലും വന്നാല്‍ അവരുടെ വായും പൊത്തും. ഇതുവരെ സേഫ് ആണ്. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. നിങ്ങളൊക്കെ എനിക്ക് പറഞ്ഞ് തന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും വെളിപ്പെടുത്താന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. 

കൂടുതലായി ഇറങ്ങി ചെല്ലുമ്പോള്‍ പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും. അതിനൊന്നും തെളിവുകളില്ല. എനിക്ക് സംഭവിച്ചത് പറയാം. ബാക്കിയുള്ളവര്‍ അനുഭവിച്ചതൊന്നും പറയാന്‍ സാധിക്കില്ല. പക്ഷേ കുറച്ച് ദിവസങ്ങളായി അത്തരം കാര്യങ്ങളാണ് കേട്ട് കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ചെയ്തതിന് ശേഷമുണ്ടാവുന്ന പ്രത്യാഘാതം എന്താണെന്നൊന്നും അറിയില്ല. ഈ കാര്യങ്ങളൊന്നും ആരും മറക്കരുത്. ഞാന്‍ ഫൈറ്റ് ചെയ്യുന്നുണ്ട്. 

Read More: മൂന്നുദിവസം ഭക്ഷണം തന്നില്ല, ടാപ്പ് വെള്ളം കുടിച്ചുകഴിഞ്ഞു, പേടിച്ച് മതിയായി-എലിസബത്ത് ഉദയന്‍

ഈ വിഷയത്തില്‍ ഞാന്‍ ചെയ്തതിനെക്കാളും കൂടുതല്‍ ചെയ്യാന്‍ സാധിക്കുമോ എന്നറിയില്ല. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ അല്ല. എന്തൊക്കെ പറയാന്‍ പറ്റും, പറ്റില്ല എന്നൊന്നും അറിയില്ല. ഒരു ഭയത്തില്‍ ചെയ്യുന്ന വീഡിയോ ആണെന്ന് പറയാം. കുറേ വിഷയങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. എല്ലാം ഒരു പുതപ്പിന്റെ മറവിലിരുന്ന് പറയുന്നതില്‍ എനിക്കും വിഷമമുണ്ട്. ഇത്രയും കാലം ഞാന്‍ പറഞ്ഞതൊക്കെ കേട്ടതിന് നന്ദിയുണ്ട്. ഞാനിപ്പോള്‍ സേഫ് ആണ്.'-വീഡിയോയില്‍ എലിസബത്ത് പറയുന്നു. 


 

Content Highlights: elizabeth udayans shocking revelation against bala