പ്രണയം വെളിപ്പെടുത്തി ദിയ കൃഷ്ണ; ഇതൊക്കെ എപ്പോഴെന്ന് ഹന്‍സിക

ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ diya krishna
ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ diya krishna

താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ. അടുത്ത സുഹൃത്ത് കൂടിയായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

നേരത്തെ തന്റെ മോതിരമണിഞ്ഞ കൈ ഒരാള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം ദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഞാന്‍ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനോടെയാണ് ആ ചിത്രം പങ്കുവെച്ചിരുന്നത്. ഇതിന് താഴെ ദിയയുടെ സഹോദരി ഹന്‍സിക കമന്റ് ചെയ്തിരുന്നു. 'ഡെയ്, ഇതൊക്കെ എപ്പോ?' എന്നായിരുന്നു അദ്ഭുത സ്‌മൈലിയോട് കൂടി ഹന്‍സികയുടെ കമന്റ്.

ഇതിന് പിന്നാലെയാണ് ദിയ പ്രൊപ്പോസല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അശ്വിനും ദിയയ്ക്കുമൊപ്പം അടുത്ത സുഹൃത്തുക്കളേയും ഈ വീഡിയോയില്‍ കാണാം. കണ്ണുകെട്ടി നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ച വേദിയിലേക്ക് ദിയയെ സുഹൃത്തുക്കള്‍ കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. കണ്ണിലെ കെട്ട് അഴിക്കുമ്പോള്‍ 'വില്‍ യു മാരി മീ' എന്നെഴുതിയ ബോര്‍ഡും പൂക്കള്‍ കൊണ്ടലങ്കരിച്ച ഹൃദയത്തിന്റെ ആകൃതിയും കണ്ട് ദിയ അമ്പരയ്ക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടയില്‍ ദിയയുടെ പിന്നില്‍ മുട്ടുകുത്തി നിന്ന് അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്നു. തിരിഞ്ഞുനോക്കുന്ന ദിയ കാണുന്നത് മോതിരം തന്റെ നേരെ നീട്ടിയിരിക്കുന്ന അശ്വിനെയാണ്. ഇതുകണ്ട് ദിയ അദ്ഭുതപ്പെടുന്നതും വിരല്‍ നീട്ടി മോതിരം സ്വീകരിക്കുന്നതുമാണ് വീഡിയോയുടെ ശേഷിക്കുന്ന ഭാഗത്തുള്ളത്. 

അശ്വിനും പ്രൊപ്പോസല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ദിയയെ മോതിരം അണിയിക്കാനായി തയ്യാറായി നില്‍ക്കുന്ന ചിത്രമാണ് അശ്വിന്‍ പോസ്റ്റ് ചെയ്തത്.  'ഈ ഒരു അവസരത്തിനുവേണ്ടി ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി'-എന്നാണ് അശ്വിന്‍ ചിത്രത്തിനൊപ്പം കുറിച്ചത്. 


 

Content Highlights: diya krishna proposal video