'ഓഹ്, ഓകെ, ഇത്രപെട്ടെന്ന് വേണ്ടിയിരുന്നോ എന്നുതോന്നി'; ദിയയുടെ 'വിശേഷം' അറിഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെ

സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കെല്ലാം സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സാണുള്ളത്. ഓരോ വിശേഷങ്ങളും ഇവര്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.
വീട്ടുകാര്‍ 'ഓസി' എന്നുവിളിക്കുന്ന ദിയ കൃഷ്ണ മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായത്. അശ്വിനാണ് ദിയയുടെ ഭര്‍ത്താവ്. അടുത്തിടെ താന്‍ ഗര്‍ഭിണിയാണെന്നവിവരവും ദിയ കൃഷ്ണ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം താന്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നതിന്റെ വീഡിയോയും ദിയ കൃഷ്ണ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. അമ്മയും അച്ഛനും സഹോദരിമാരും അശ്വിന്റെ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ ദിയയുടെ വിശേഷമറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എന്തുതോന്നിയെന്നതാണ് വീഡിയോയില്‍ പറയുന്നത്.
ഗര്‍ഭിണിയാണെന്ന സംശയമുണ്ടെന്ന് ഓസി തന്നോടാണ് ആദ്യം പറഞ്ഞതെന്നാണ് വീഡിയോയില്‍ അമ്മ സിന്ധുകൃഷ്ണ പറയുന്നത്. ''നോക്കാം, കണ്‍ഫോം ചെയ്യാം എന്നായിരുന്നു മനസ്സില്‍. കണ്‍ഗ്രാറ്റ്‌സ് ഒന്നും ആദ്യം പറയാന്‍ചെന്നില്ല. ഒരുകുഞ്ഞുവരികയെന്നത് വളരെ സന്തോഷം നല്‍കുന്ന സംഭവമാണ്. ഓസി ചെറിയ വേദനപോലും സഹിക്കുന്നയാളല്ല. ഇന്‍ജക്ഷനും ബ്ലഡ് ടെസ്റ്റിനും പോകുമ്പോള്‍ കരയുന്നയാളാണ്. ഓസി എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് അറിയില്ല. എനിക്കുണ്ടായിരുന്നതുപോലെ വൊമിറ്റിങ്ങും തളര്‍ച്ചയുമെല്ലാം ഓസിക്കുമുണ്ട്. പക്ഷേ, എനിക്ക് അന്നൊന്നും റെസ്റ്റ് എടുക്കാന്‍ സമയംകിട്ടിയിരുന്നില്ല. പക്ഷേ, അക്കാര്യത്തില്‍ ഓസി ഭാഗ്യവതിയാണ്. ഒരുപാട് പേര്‍ ഹെല്‍പ്പിനുണ്ടല്ലോ'', സിന്ധുകൃഷ്ണ പറഞ്ഞു.
മകളുടെ വിശേഷമറിഞ്ഞപ്പോള്‍ സന്തോഷമുണ്ടായെന്നും ഞെട്ടലൊന്നും തോന്നിയില്ലെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ''ഞാന്‍ 26-ാം വയസ്സില്‍ വിവാഹിതനായി. അച്ഛനായത് 27 വയസ്സില്‍. നമ്മള്‍ രണ്ടുപേരും സാമ്യമുണ്ട്. നീയും അതുപോലെ. ഗര്‍ഭിണിയാകുമ്പോള്‍ ഭക്ഷണം വലിച്ചുവാരി കഴിക്കരുത്, ഐ ആം ഹാപ്പി. നല്ലനല്ല കാര്യങ്ങള്‍ വായിക്കുക, കേള്‍ക്കുക. സംഗീതം കേള്‍ക്കുക. ഭഗവത്ഗീത, മഹാഭാരതം എന്നിവയുടെ എപ്പിസോഡുകള്‍ കാണാന്‍ശ്രമിക്കുക'', കൃഷ്ണകുമാര്‍ ദിയയോട് പറഞ്ഞു.
ഓസി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടലൊന്നും ഉണ്ടായില്ലെന്നായിരുന്നു നടിയും സഹോദരിയുമായ അഹാനകൃഷ്ണ വീഡിയോയില്‍ പറഞ്ഞത്. ''ആദ്യം ഓസിക്ക് തന്നെ സംശയമായിരുന്നു. ബ്ലഡ് ടെസ്റ്റിന് കൊടുത്തകാര്യം അമ്മയും പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ 'ഓഹ്, ഓകെ' എന്നായിരുന്നു റിയാക്ഷന്‍. പെട്ടെന്ന് ആക്‌സപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇത്ര പെട്ടെന്ന് വേണ്ടിയിരുന്നോ എന്ന് തോന്നി. പിന്നെ ആലോചിച്ചപ്പോള്‍ എനിക്ക് തന്നെയായി 29 വയസ്സ്. ഓസിക്ക് 26. ആലോചിച്ചുനോക്കുമ്പോള്‍ കുഞ്ഞുണ്ടാകാന്‍ പറ്റിയ നല്ലപ്രായമാണ്'', അഹാന സന്തോഷം പങ്കുവെച്ചു.
ഉച്ചയ്ക്ക് ഉറങ്ങിയശേഷം വൈകിട്ട് എഴുന്നേറ്റ് ഫാമിലി ഗ്രൂപ്പിലെ മെസേജ് കണ്ടപ്പോഴാണ് ഓസി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞതെന്നായിരുന്നു മറ്റൊരു സഹോദരിയായ ഇഷാനിയുടെ പ്രതികരണം. ''കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിരുന്നുള്ളൂ. ഓസിക്ക് പണ്ടുമുതലേ കല്യാണം ഓക്കെ താത്പര്യമുള്ള കുട്ടിയായിരുന്നു. വീട്ടില്‍ കുഞ്ഞുങ്ങളൊക്കെ വന്നാല്‍ കളിപ്പിക്കാനൊക്കെ അവള്‍ക്ക് ഇഷ്ടമായിരുന്നു. അവള്‍ക്ക് അതിനോടൊക്കെ താത്പര്യം കൂടുതലായിരുന്നു'', ഇഷാനി പറഞ്ഞു.
അമ്മയാണ് ഓസി ഗര്‍ഭിണിയാണെന്നവിവരം പറഞ്ഞതെന്ന് ഹന്‍സികയും വീഡിയോയില്‍ പറഞ്ഞു. ''കേട്ടപ്പോള്‍ ഷോക്ക് ആയി. ഇപ്പോ അല്ലെ കല്യാണം കഴിച്ചേ. ഓടിപ്പോയി നോക്കിയപ്പോ ഓസി ഇന്‍ജക്ഷന്‍ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചുനേരം കസേരയിലിരുന്ന് ഓസിയെ നോക്കിയിരുന്നു'', ഹന്‍സിക അന്നത്തെ ദിവസം ഓര്‍ത്തെടുത്തു.
Content Highlights: Diya Krishna`s Pregnancy Announcement: Family Reaction