‘ആശുപത്രിയിലാണെങ്കിലും മനസ്സ് മുഴുവൻ അവന്റെ അടുത്തായിരുന്നു’; കാൻസർ ചികിത്സയെപ്പറ്റി ദീപിക കക്കർ

കാൻസർ ചികിത്സയുടെ പുതിയ ഘട്ടത്തോട് ശരീരം പൊരുത്തപ്പെട്ടു വരുന്നതേയുള്ളുവെന്ന് ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖ നടിയും അവതാരകയുമായ ദീപിക കക്കർ. ചികിത്സയുടെ ഭാഗമായി തുടരുന്ന ഇമ്മ്യൂണോതെറാപ്പിക്കിടെ നേരിടുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെക്കുറിച്ച് പുതിയ വ്‌ളോഗിലൂടെ വിശദീകരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
ഇത്തവണ ഇമ്യൂണോതെറാപ്പിക്കായി പോകുമ്പോൾ മകൻ റൂഹാൻ കടുത്ത വിഷമത്തിലായിരുന്നുവെന്ന് ദീപിക പറയുന്നു. അവനെ അങ്ങനെ കണ്ടപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി. ആശുപത്രിയിലാണെങ്കിലും മനസ്സ് മുഴുവൻ അവന്റെ അടുത്തായിരുന്നു. ഒരുപാട് കരഞ്ഞുവെന്നും അവർ പറയുന്നു. ഹിന്ദി സീരിയലായ 'സസുരാൽ സിമർ കാ' യിലെ സിമർ ഭരദ്വാജ് എന്ന കഥാപാത്രത്തിലൂടെയാണ് ദീപിക കക്കർ ശ്രദ്ധ നേടിയത്.
ഏറ്റവും പുതിയ യൂട്യൂബ് വ്‌ളോഗിൽ രണ്ടാമത്തെ ഇമ്യൂണോതെറാപ്പി സൈക്കിളിനെക്കുറിച്ചും ചികിത്സയെ തുടർന്നുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ചികിത്സയുടെ മാനസിക സമ്മർദം കുടുംബത്തെയും, പ്രത്യേകിച്ച് മകൻ റൂഹാനെയും ഏറെ ബാധിച്ചുവെന്നും ദീപിക പറയുന്നു.
സിസ്റ്റുകൾ വീണ്ടും രൂപപ്പെടാതിരിക്കാൻ തയ്യാറാക്കിയ ചികിത്സാ പദ്ധതിയുടെ ഭാഗമായാണ് ദീപിക ജൂണിൽ ഇമ്യൂണോതെറാപ്പി ആരംഭിച്ചത്. ആദ്യ ഇമ്മ്യൂണോതെറാപ്പി സെഷനുശേഷം ദീപികയ്ക്ക് വൈറൽ ഇൻഫെക്ഷൻ ബാധിച്ചിരുന്നു. ജൂലായ് 2-ന് അവർ രണ്ടാമത്തെ ഇമ്യൂണോതെറാപ്പി സൈക്കിൾ സ്വീകരിച്ചു. ഇപ്പോൾ ചികിത്സയ്‌ക്കൊപ്പമുള്ള ജീവിതത്തെ 'ന്യൂ നോർമൽ ' എന്ന നിലയിൽ സ്വീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും പഠിച്ചുവരികയാണെന്ന് ദീപിക പറഞ്ഞു.
യൂട്യൂബിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും കഴിഞ്ഞ ഏതാനും ആഴ്ചകളിലെ പ്രയാസകരമായ അനുഭവങ്ങളെക്കുറിച്ചും ദീപിക വിശദമാക്കി. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. ഏറെ നാളുകൾക്കുശേഷമാണ് ഞാൻ വീണ്ടും ഒരു വ്‌ളോഗ് ചെയ്യുന്നത്. രണ്ടാമത്തെ ഇമ്യൂണോതെറാപ്പി സെഷൻ കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങളായി. പുതിയ ചികിത്സാ ഘട്ടത്തോട് ശരീരം ഇപ്പോഴും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.' - അവർ പറഞ്ഞു.
ഇമ്യൂണോതെറാപ്പി ആരംഭിക്കുന്നതിന് മുൻപ് ജീവിതം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും തനിക്കുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ച കാര്യങ്ങൾ ജീവിതത്തിന്റെ വേഗം കുറയ്ക്കാനും എല്ലാം വീണ്ടും വിലയിരുത്താനും തന്നെ നിർബന്ധിതയാക്കി.
'ധൈര്യം കൈവിടാതെ മുന്നോട്ടു പോകണം.അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇപ്പോൾ എനിക്ക് കുറച്ചു ഭേദമുണ്ട്. വീട്ടിൽ എല്ലാവരും കൂടെയുണ്ട്. അതുകൊണ്ട് മാനസികമായി സന്തോഷത്തോടെ തുടരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. കുക്കിങ് വ്‌ളോഗുകൾ വീണ്ടും തുടങ്ങണമെന്ന ആഗ്രഹവും ഉണ്ട്.' - ദീപിക പറയുന്നു. എല്ലാ വെല്ലുവിളികൾക്കിടയിലും പോസിറ്റീവായി തുടരാനും കുടുംബത്തിന്റെ പിന്തുണയിൽ നിന്ന് കരുത്താർജിക്കാനുമാണ് തൻ ശ്രമിക്കുന്നതെന്നും ദീപിക കൂട്ടിച്ചേർത്തു.
Content Highlights: Dipika Kakar discusses the physical and emotional challenges of her 2026 immunotherapy., Details on the second immunotherapy cycle completed on July 2, 2026., The impact of health struggles on her son, Ruhaan, and family life., Emphasis on maintaining a positive mindset and adapting to a 'new normal'., Plans to resume content creation and cooking vlogs despite health hurdles.